- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'കൂടെയുള്ള ആളാണ് വിമാനം താഴേക്ക് പതിക്കുന്നത് ആദ്യം കണ്ടത്; ഉഗ്രശബ്ദം കേട്ടതോടെ വാഹനം നിര്‍ത്തി അപകടസ്ഥലത്തേക്ക് ഓടി; കടലില്‍നിന്ന് 100 മീറ്റര്‍ മാറിയാണ് വിമാനം വീണത്'; കസഖ്സ്ഥാന്‍ വിമാനാപകടത്തിന് ദൃക്സാക്ഷിയായ മലയാളി
കസഖ്സ്ഥാന്‍ വിമാനാപകടത്തിന് ദൃക്സാക്ഷിയായ മലയാളി
അസ്താന: അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനം കസഖ്സ്ഥാനില്‍ തകര്‍ന്നു വീണ് 38 പേര്‍ മരിച്ച അപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങള്‍ക്ക് സാക്ഷിയായി മലയാളി. കാഞ്ഞിരപ്പള്ളി മണിമല സ്വദേശി ജിന്‍സ് മഞ്ഞക്കല്‍ ജോലി ചെയ്യുന്ന ഹോട്ടലിനു സമീപമാണ് വിമാനം തകര്‍ന്നു വീണത്. ജോലി സ്ഥലത്തേക്ക് വാഹനത്തില്‍ പോകുമ്പോഴാണ് അപകടം ഉണ്ടായതെന്ന് ജിന്‍സ് പറഞ്ഞു. അപകടത്തിനു മുന്‍പ് വിമാനം ലാന്‍ഡ് ചെയ്യാന്‍ പല തവണ ശ്രമിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. നിലത്ത് ഇടിച്ചിറങ്ങി വിമാനം അഗ്‌നിഗോളമായി മാറുകയായിരുന്നു.
കൂടെയുള്ള ആളാണ് വിമാനം താഴേക്ക് പതിക്കുന്നത് ആദ്യം കണ്ടത്. ഉഗ്രശബ്ദം കേട്ടതോടെ വാഹനം നിര്‍ത്തി ജിന്‍സും കൂടെയുള്ളയാളും അപകടസ്ഥലത്തേക്ക് ഓടി. പരുക്കേറ്റ നിരവധിപേരെ ആശുപത്രിയിലേക്ക് മാറ്റുന്നതു കണ്ടു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തതിനാല്‍ വളരെ അടുത്തേക്ക് പോകാനായില്ല.
അക്തൗ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനായാണ് വിമാനം എത്തിയത്. വിമാനത്താവളത്തിന് 30 കിലോമീറ്റര്‍ അകലെ കടല്‍ത്തീരത്തായാണ് വിമാനം ലാന്‍ഡ് ചെയ്തതും തകര്‍ന്നതും. കടലില്‍ വീണിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നു ജിന്‍സ് പറയുന്നു.
കാസ്പിയന്‍ കടലിന്റെ തീരത്ത് വളരെ വേഗം വളരുന്ന ചെറു പട്ടണമായ അല്‍ഷുക്കൂര്‍ എന്ന സ്ഥലത്താണ് അപകടം നടന്നത്. കടലില്‍നിന്ന് 100 മീറ്റര്‍ മാറിയാണ് വിമാനം വീണത്. എമര്‍ജന്‍സി ലാന്‍ഡിങ്ങിന് പൈലറ്റ് അനുമതി തേടിയെങ്കിലും വൈകിയതായി പ്രദേശവാസികള്‍ പറയുന്നുണ്ടെന്ന് ജിന്‍സ് പറഞ്ഞു. അക്തൗവില്‍ മലയാളികള്‍ വളരെ കുറവാണ്. ജിന്‍സിന്റെ കുടുംബം കോവിഡ് സമയത്ത് നാട്ടിലേക്ക് വന്നു. അപകടം നടന്നശേഷം രക്തം നല്‍കുന്നതിനടക്കം ആശുപത്രിയിലേക്ക് പോയതായി ജിന്‍സ് പറയുന്നു.
ബകുവില്‍നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 38പേര്‍ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. 29പേരെ രക്ഷപ്പെടുത്തി. അക്തൗ വിമാനത്താവളത്തിനു സമീപമാണ് അപകടം നടന്നത്. കനത്ത മൂടല്‍ മഞ്ഞ് കാരണം വിമാനം അക്തൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു.
അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. എന്നാല്‍, വിമാനം വെടിവെച്ചിട്ടതാകാനുള്ള സാധ്യതകളിലേയ്ക്കാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത്.
വിമാനം റഷ്യയോ യുക്രൈനോ അബദ്ധത്തില്‍ വെടിവെച്ചിട്ടതാകാമെന്ന സംശയമാണ് ഉയര്‍ന്നുവരുന്നത്. ശത്രുരാജ്യത്തിന്റെ ഡ്രോണാണെന്ന് കരുതി വെടിവെച്ചിട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തകര്‍ന്നുവീണ വിമാനത്തില്‍ വെടിയുണ്ടകളുടേതിന് സമാനമായ പാടുകള്‍ കണ്ടെത്തിയെന്നാണ് സൂചന.
യുക്രേനിയന്‍ ഡ്രോണാണെന്ന് തെറ്റിദ്ധരിച്ച് റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇത് തകര്‍ത്തതാകാമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് പൈലറ്റ് അക്തുവില്‍ അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റഷ്യയുടെ വ്യോമയാന നിരീക്ഷണ വിഭാഗം അറിയിച്ചു.
2014-ല്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്കുള്ള യാത്രാമധ്യേ കിഴക്കന്‍ യുക്രൈനില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് MH17 തകര്‍ന്നുവീണിരുന്നു. വിമാനം വെടിവെച്ചിട്ടതാണെന്ന് പിന്നീട് വ്യക്തമായി. കസാഖിസ്ഥാനില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ പിന്‍ഭാഗത്തെ ഫ്യൂസ്ലേജില്‍ അന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കണ്ടതിന് സമാനമായ പാടുകളാണ് കണ്ടെത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്.
67 യാത്രക്കാരുമായി അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനമാണ് കഴിഞ്ഞ ദിവസം തകര്‍ന്നു വീണത്. അപകടത്തില്‍പ്പെട്ട 29 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ 11 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.