- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സംഘാടകരുടെ ഭാഗത്ത് വീഴ്ച ഉണ്ടായി; സിനിമാ താരങ്ങള്‍ക്ക് നൃത്ത പരിപാടിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും; സാമ്പത്തിക തട്ടിപ്പ് പരാതി ലഭിച്ചില്ല; അനുമതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നുവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍
സിനിമാ താരങ്ങള്‍ക്ക് നൃത്ത പരിപാടിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും
കൊച്ചി: ഉമ തോമസ് എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് എല്ലാ കാര്യങ്ങളും പരിശോധിച്ച് വരികയാണെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയില്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെയും പരാതികള്‍ ലഭിച്ചിട്ടില്ല. സിനിമാതാരങ്ങള്‍ക്ക് നൃത്ത പരിപാടിയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കും സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് പരാതി ഇല്ലെന്നും കമ്മീഷ്ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതും സ്വകാര്യ പരിപാടികളുടെ
സംഘാടനവും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇതെല്ലാം മനസ്സിലാക്കിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മൃദംഗ വിഷനായിരുന്നു പരിപാടിയുടെ സംഘാടകര്‍. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമാക്കി നടത്തിയ പരിപാടിയിലാണ് ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റത്. സംഘാടകരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നും കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയ്ക്ക് നല്‍കിയ അനുമതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. സംഘാടകരെ ചോദ്യം ചെയ്യുന്നുണ്ട്. പൊലീസിനെ അറിയിച്ചിരുന്നുവെന്നാണ് വിവരം. പരിപാടിക്കായി പൊലീസ് ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി വാങ്ങേണ്ടത് സംഘാടകരാണ്. ഇത് പരിശോധിക്കും. പിഡബ്ല്യുഡി സ്റ്റേജ് കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും കമ്മീഷ്ണര്‍ പറഞ്ഞു.
സ്റ്റേജ് കൃത്യമായ രീതിയിലാണോ നിര്‍മിച്ചതെന്നും സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചിരുന്നുവോ എന്നും പരിശോധിക്കും. ഇതിനായി ഫയര്‍ഫോഴ്സ്, പൊതുമരാമത്ത് വകുപ്പുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇവര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ വാങ്ങിക്കണമെന്ന നിബന്ധനയോടെയാണ് ജി.സി.ഡി.എ സംഘാടകര്‍ക്ക് ഗ്രൗണ്ട് വിട്ടുനല്‍കിയത്. ഇതെല്ലാം പാലിച്ചിരുന്നോ എന്നും പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ കേസെടുത്ത പൊലീസ് ഈവെന്റ് മാനേജ്‌മെന്റ് കമ്പനി ഉടമയെ അറസ്റ്റ് ചെയ്തു. ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും. സംഘാടകന്‍ എന്ന നിലയില്‍ മൃദംഗ വിഷന് വേണ്ടി അനുമതികള്‍ക്കായി വിവിധ ഏജന്‍സികളെ സമീപിച്ചത് കൃഷ്ണകുമാര്‍ ആയിരുന്നു. ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമയാണ് കൃഷ്ണകുമാര്‍. ഇവരാണ് കലൂരില്‍ പരിപാടി നടത്തിയത്. ഇന്നലെയാണ് ഉമ തോമസ് 14 അടിയോളം ഉയരമുള്ള സ്റ്റേജിന് മുകളില്‍ നിന്ന് വീണത്. യാതൊരു മുന്‍ കരുതലും ഇല്ലാതെ തട്ടികൂട്ടി ഉണ്ടാക്കിയൊരു സ്റ്റേജില്‍ നിന്നാണ് അപകടം സംഭവിച്ചത്.
അപകടത്തിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നൃത്ത പരിപാടിയുടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടത്തിയതെന്ന് ഹര്‍ജിയില്‍ മൃദംഗവിഷന്‍ വ്യക്തമാക്കുന്നുണ്ട്. അനിയന്ത്രിതമായ തിരക്കോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇതിനിടെ, ഗിന്നസ് വേള്‍ഡ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിയ്ക്കായി കലൂര്‍ സ്റ്റേഡിയം വിട്ടുകൊടുത്തതിന് ജിസിഡിഎയും സംഘാടകരുമായി ഉണ്ടാക്കിയ കരാരും പുറത്തുവന്നിട്ടുണ്ട്. സംഘാടകരായ മൃദംഗ വിഷന് ജിസിഡിഎ നല്‍കിയ അനുമതി കരാര്‍ ആണ് പുറത്തുവന്നത്. സ്റ്റേഡിയം ഉപയോഗിക്കാന്‍ മാത്രമാണ് അനുമതി നല്‍കിയത്. സ്റ്റേജ് ഉള്‍പ്പെടെയുള്ള അധികനിര്‍മാണത്തിന് അനുമതി തേടിയിരുന്നില്ല. ഗാലറിയില്‍ അധികമായി ഉണ്ടാക്കി താല്‍ക്കാലിക സ്റ്റേജില്‍ നിന്ന് വീണാണ് ഉമ തോമസിന് പരിക്കേറ്റത്. അധിക നിര്‍മ്മാണത്തിന് കൊച്ചി കോര്‍പ്പറേഷനില്‍ നിന്നും ഫയര്‍ഫോഴ്‌സില്‍ നിന്നും അനുമതി തേടണമെന്ന് ജിസിഡിഎ നിര്‍ദ്ദേശിച്ചിരുന്നു. എല്ലാ അനുമതികളും ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് നേടേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ജിസിഡിഎ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
കലൂര്‍ സ്റ്റേഡിയത്തില്‍ പൊലീസും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്. അതേസമയം, പരിപാടിയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഉറപ്പുള്ള സ്റ്റേജ് ഒരുക്കണമായിരുന്നു. സംഘാടകര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തു. വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. തന്റെ ഗണ്‍മാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സങ്കടകരമായ അപകടമാണ് എംഎല്‍എയ്ക്ക് ഉണ്ടായത്. എട്ടു മിനിറ്റ് കൊണ്ട് പരിപാടി അവസാനിപ്പിച്ചു. ബാക്കിയുള്ള മറ്റു പരിപാടികള്‍ നടത്തിയില്ല. എന്നു മാത്രമല്ല ഇത്ര വലിയ അപകടമാണെന്ന് അപ്പോള്‍ തിരിച്ചറിഞ്ഞുമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിര്‍മിച്ച സ്റ്റേജില്‍ നിന്ന് പതിനെട്ടടി താഴ്ച്ചയിലേക്ക് വീണാണ് ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ എം.എല്‍.എയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് 12000 നര്‍ത്തകര്‍ അണിനിരക്കുന്ന നൃത്തപരിപാടി കാണാനെത്തിയതായിരുന്നു ഉമ തോമസ് എം.എല്‍.എ. ആളുകളോട് സംസാരിച്ചുകൊണ്ട് ഇരിപ്പിടത്തില്‍ ഇരിക്കാനായുമ്പോള്‍ വി.ഐ.പി സുരക്ഷയ്ക്കായി ഒരുക്കിയ ബാരിക്കേഡില്‍ പിടിത്തം കിട്ടാതെ വീഴുകയായിരുന്നു. ബാരിക്കേഡിന്റെ സ്ഥാനത്ത് റിബ്ബണ്‍ കെട്ടിവച്ചായിരുന്നു നിര്‍മാണെന്നും ആരോപണമുണ്ട്.