കണ്ണൂര്‍: തലശേരിയില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് സിപിഎം നേതാക്കള്‍. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, പി ജയരാജന്‍, പി പി ദിവ്യ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളാണ് ചടങ്ങില്‍ പങ്കെടുത്തത്. ബിജെപി പ്രവര്‍ത്തകന്‍ വടക്കുമ്പാട് നിഖില്‍ വധക്കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ വീട്ടിലാണ് സിപിഎം നേതാക്കളെത്തിയത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് 30 ദിവസം അനധികൃതമായി പരോള്‍ അനുവദിച്ച നടപടിക്കെതിരെ വിമര്‍ശനങ്ങള്‍ കടുക്കുന്നതിനിടെയാണ് പുതിയ സംഭവം.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ഗൃഹപ്രവേശത്തില്‍ പങ്കെടുത്തു. പി ജയരാജന്‍ വാതിലിലെ നാടമുറിച്ച് വീടിന്റെ അകത്ത് പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വധകേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ശ്രീജിത്ത്. 2008 മാര്‍ച്ച് അഞ്ചിനാണു വടക്കുമ്പാട്ട് വച്ച് നിഖിലിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.

2008 മാര്‍ച്ചിലാണ് ബിജെപി പ്രവര്‍ത്തകനായ നിഖിലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. വടക്കുമ്പാട് കൂലി ബസാറിനടുത്തുവച്ചായിരുന്നു ആക്രമണം. നിഖിലിനെ ലോറിയില്‍ നിന്നും വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ശ്രീജിത്ത് അടക്കം അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് തലശേരി ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ശ്രീജിത്ത് കഴിഞ്ഞ ദിവസമാണ് പരോളില്‍ ഇറങ്ങിയത്. ഇതിനുപിന്നാലെയാണ് സിപിഎം നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ആഘോഷപൂര്‍വം വീടിന്റെ ഗൃഹപ്രവേശച്ചടങ് നടത്തിയിരിക്കുന്നത്.