- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അനുമതി നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചിട്ടും ജിസിഡിഎ ചെയര്‍മാന്‍ ഇടപെട്ട് നൃത്തപരിപാടിക്ക് അനുമതി; ഉമ തോമസിന്റെ അപകടം കനത്ത സുരക്ഷ വീഴ്ചയാല്‍; പരിശോധനയുടെ പേരില്‍ സൈറ്റ് എഞ്ചിനിയര്‍ക്ക് സസ്പെന്ഷന്; ന്യായികരണവുമായി കെ ചന്ദ്രന്‍പിള്ള
വിശദമായ അന്വേഷണം നടത്തുമെന്നും ജിസിഡിഎ ചെയര്‍മാന്‍
കൊച്ചി: കലൂര്‍ ജവഹര്‍ ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജിസിഡിഎ സൈറ്റ് എഞ്ചിനീയര്‍ക്കെതിരെ നടപടി. എസ്.എസ് ഉഷയെ ആണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കരാറിലെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചോ എന്ന് പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സംഘാടകരായ മൃദംഗ വിഷന് ഉണ്ടായത് ഗുരുതര പിഴവാണെന്നും, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്മെന്റ് അതോറിറ്റി (ജിസിഡിഎ) ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ തീരുമാനം. ജിസിഡിഎ സെക്രട്ടറിക്ക് അന്വേഷണ ചുമതല.
അതേസമയം പരിപാടിക്ക് അനുമതി നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചിട്ടും, അത് മറികടന്നാണ് ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള അനുമതി നല്‍കിയതെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കാര്യകാരണങ്ങള്‍ നിരത്തി ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ച പരിപാടിക്കാണ് ചെയര്‍മാനിടപ്പെട്ട് പ്രത്യേക അനുമതി നല്‍കിയത്.
ചെയര്‍മാന്‍ അനുമതി നല്‍കിയതിന് പിന്നാലെ മൃദംഗ വിഷന്‍ ജിസിഡിഎയുടെ അക്കൗണ്ടില്‍ 13ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. പോലീസിന്റെയോ ഫയര്‍ഫോഴ്‌സിന്റെയോ കൊച്ചി കോര്‍പ്പറേഷന്റെയോ അനുമതി നേരിടും മുമ്പാണ് ഒറ്റ ദിവസം കൊണ്ട് സംഘാടകര്‍ക്ക് ദ്രുതഗതിയില്‍ അനുമതി ലഭിച്ചത്. കായികേതേര പരിപാടികള്‍ക്ക് സ്റ്റേഡിയം നല്കരുതെന്ന് നിയമമില്ലെന്നും, ഉദ്യോഗസ്ഥര്‍ പറയുന്നത് മാത്രം കേള്‍ക്കാനല്ല ഭരണസമിതിയല്ലെന്നുമായിരുന്നു ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ളയുടെ പ്രതികരണം.
ജിസിഡിഎയുടെ ഭാഗത്ത് നിന്ന് കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വേണ്ടത്ര ജാഗ്രതയോടെയുള്ള അന്വേഷണം ഉണ്ടായില്ലെന്ന് കണ്ടെത്തിയെന്നും അതിന്റെ അടിസ്ഥാനത്തില്‍ ജിസിഡിഎയുടെ സൈറ്റ് എഞ്ചിനീയറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചുവെന്നും ചെയര്‍മാന്‍ ചന്ദ്രന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭാവിയില്‍ ഒരു പരിപാടിയിക്കായി ഒരു ഇടം വാടകയ്ക്ക് കൊടുക്കുമ്പോള്‍ അവര്‍ ആ പരിപാടിക്ക് ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മൃദംഗ വിഷന്‍ തട്ടിപ്പുകാരാണെന്ന് തനിക്ക് പറയാനാവില്ലെന്നും എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ പിഴവുണ്ടായിട്ടുണ്ടെന്നും ചന്ദ്രന്‍ പിള്ള പറയുന്നു. നര്‍ത്തകരെ ഫുട്ബോള്‍ ടര്‍ഫില്‍ കയറാന്‍ അനുവദിച്ചിട്ടില്ല. ദിവ്യ ഉണ്ണി മാത്രമാണ് ടര്‍ഫില്‍ കയറിയത്. അതിന് കേരളാ ബ്ലാസ്റ്റേഴ്സ് അനുമതി നല്‍കുകയും ചെയ്തിരുന്നു. മറ്റുള്ളവര്‍ പുറത്തായിരുന്നുവെന്നും അതിന്റെ ചിത്രങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
'വളരെ സുതാര്യമായ രീതിയിലാണ് ഇതെല്ലാം കൈകാര്യം ചെയ്തത്. അതുകൊണ്ട് മൃദംഗ വിഷന്‍ തട്ടിപ്പുകാരാണെന്ന് എനിക്ക് പറയാനാവില്ല. അത് പോലീസ് കണ്ടെത്തട്ടെ.' അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'മറൈന്‍ ഡ്രൈവോ, മൈതാനമോ ആരെങ്കിലും എന്തെങ്കിലും ആവശ്യത്തിന് ചോദിച്ചുവന്നാല്‍ കഴിയുന്നതും കൊടുത്ത് പ്രോത്സാഹിപ്പിക്കും. ഇതൊരു നഗരമാണ്. അന്നത്തെ പരിപാടിയില്‍ ഒരു പാട് നല്ല വശങ്ങളുണ്ടായിട്ടുണ്ട്. ഹോട്ടലുകള്‍, വാഹനങ്ങള്‍ ഉള്‍പ്പടെ നഗരത്തിലുടനീളം വലിയ സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ട്.'
ഇനിയും കായികേതര ആവശ്യങ്ങള്‍ക്ക് മറ്റ് ദോഷങ്ങള്‍ ഇല്ലാത്ത വിധത്തില്‍ ശ്രദ്ധാപൂര്‍വം കൊടുത്താല്‍ ഈ മൈതാനം നഗരത്തിന്റെ ഒരുപാട് ആവശ്യങ്ങള്‍ക്ക് പ്രയോജനം ചെയ്യും. ഈ ഒറ്റ സംഭവം കാരണം അതെല്ലാം ഇല്ലാതാകുന്ന വിധത്തില്‍ പോവേണ്ടതില്ലെന്നും ചന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.