പത്തനംതിട്ട: 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി പതിനെട്ടുകാരി എത്തുമ്പോള്‍ കേരളം ഞെട്ടുകയാണ്. അഞ്ചുവര്‍ഷത്തിനിടെ 64 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നിറയുന്നത് ലൈംഗീക ചൂഷണത്തിന്റെ സമാനതകളില്ലാത്ത ക്രൂരതയാണ്. ഒരു പെണ്‍കുട്ടിയെ ഇത്രയധികംപേര്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയതായുള്ള സംഭവം അപൂര്‍വമാണ്. സൂര്യനെല്ലിയിലെ പീഡനത്തിന് അപ്പുറത്തേക്കുള്ള ക്രൂരതയായി ഇത് മാറുന്നു. കായികതാരമാണ് പെണ്‍കുട്ടി. പരിശീലകരും കായികതാരങ്ങളും സഹപാഠികളും സമീപവാസികളും കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു.

ലൈംഗിക ചൂഷണത്തിനെതിരേ സ്‌കൂളില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ദുരനുഭവം പങ്കുവെച്ചത്. തുടര്‍ന്ന് മഹിളാ സമാഖ്യ സൊസൈറ്റി വഴി സി.ഡബ്ല്യൂ.സിയിലേക്ക് എത്തുകയായിരുന്നു. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ വിശദമായ വിവരങ്ങളും പീഡനം സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനായിരുന്നു ആദ്യഘട്ട ശ്രമം. തുടര്‍ന്ന് സൈക്കോളജിസ്റ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കാന്‍ സി.ഡബ്ല്യൂ.സി. പോലീസിന് നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല. ആദ്യഘട്ടത്തില്‍ പത്തനംതിട്ട സ്റ്റേഷനിലും മറ്റൊരു സ്റ്റേഷനിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനു പുറമേ, പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചയിടങ്ങളിലെ സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്യും.

13 വയസുള്ളപ്പോള്‍ പീഡനം തുടങ്ങിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തു. വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് ആദ്യം പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ തോട്ടത്തിലും പിന്നീട് വാഹനത്തിലും കൊണ്ടുപോയി കാമുകന്‍ പീഡിപ്പിച്ചു.പെണ്‍കുട്ടിയുടെ നഗ്നചിത്രവും വീഡിയോയും എടുത്ത പ്രതി അത് സുഹൃത്തുക്കളെ കാണിച്ചു. പിന്നീട് സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ പങ്കുവച്ചു. ഒരു പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കി.

നഗ്‌നദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ആ ദൃശ്യങ്ങള്‍ കണ്ട ചിലരും പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും പൊതുവിടത്തുവെച്ചും സ്‌കൂളില്‍വെച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ 40 പേര്‍ക്കെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടുകേസുകളിലായി അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇലവുംതിട്ട സ്വദേശികളായ സന്ദീപ്,വിനീത്,സുബിന്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്. ഇവരെ റാന്നി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അച്ചു ആനന്ദ് എന്നൊരാള്‍ക്കായി തിരച്ചില്‍ നടത്തുന്നതുകയാണ്.

മറ്റുള്ളവരുടെ പേരുവിവരങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്. എല്ലാവര്‍ക്കുമെതിരെ പോക്സോ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന വകുപ്പും ചുമത്തും. സ്‌കൂള്‍തല കായിക താരം കൂടിയായ പെണ്‍കുട്ടിയെ ക്യാംപില്‍വച്ച് ഉപദ്രവിച്ചതായും പരാതിയുണ്ട്.