- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ഉത്തരവിന് പിന്നാലെ സൈബര്‍ ആക്രമണം; ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ അധിക്ഷേപിച്ച് പോസ്റ്റുകള്‍; സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു പൊലീസ്
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം; ഫെയ്‌സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു
കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം നടത്തിയ പി.കെ.സുരേഷ് കുമാര്‍ എന്നയാളിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ദേവന്‍ രാമചന്ദ്രനെതിരെ നടന്ന സൈബര്‍ ആക്രമണത്തിനു നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കൊച്ചി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. അന്വേഷണം തുടരുന്നതിനിടെ സുരേഷ് കുമാറിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിക്കുകയായിരുന്നു. അന്വേഷണം തുടരുകയാണെന്നും മറ്റ് നടപടികള്‍ അതിന്റെ മുറയ്ക്ക് നടക്കുമെന്നുമാണ് പൊലീസ് പറയുന്നത്.
പൊലീസ് കേസ് എടുത്തതിനു ശേഷവും ദേവന്‍ രാമചന്ദ്രനെതിരെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റുകള്‍ വന്നിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരിലോ പങ്കെടുക്കുന്ന ചടങ്ങുകളുടെ പേരിലോ കോടതി ജഡ്ജിമാരെ അധിഷേപിക്കാന്‍ പൗരന് നിയമം അനുവാദം നല്‍കുന്നില്ലെന്നും പി.കെ. സുരേഷ് കുമാറിനെതിരെ കര്‍ശന നിയമ നടപടി ഉടന്‍ വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ 12 -ാം തിയതിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തത്. റോഡരികില്‍ നിയമവിരുദ്ധമായ രീതിയില്‍ സ്ഥാപിച്ച ഫ്‌ലക്‌സുകളുമായി ബന്ധപ്പെട്ട കേസിലെ കോടതി സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ടാണ് സൈബര്‍ അധിക്ഷേപം ഉണ്ടായത്. പി കെ സുരേഷ് കുമാറടക്കമുള്ളവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്നാണ് അഡ്വ. കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയിലുളളത്.
പാതയോരത്തെ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണമുണ്ടായത്. അപകീര്‍ത്തിപ്പെടുത്തല്‍, കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. അസിസ്റ്റന്റ് കമ്മീഷണര്‍ എം കെ മുരളിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണ ചുമതല നല്‍കിയത്.
പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ ജഡ്ജിക്ക് എതിരെ വളരെ മോശപ്പെട്ട അധിക്ഷേപ പരാമര്‍ശവുമായി സൈബര്‍ ഇടങ്ങളിലൂടെ രംഗത്ത് വന്നു. ഇതിനെതിരെയാണ് അഡ്വ. കുളത്തൂര്‍ ജയ്‌സിങ് സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയത്.