ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകളിലേക്ക് നിരന്തരം ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ച പ്ലസ്ടുകാരന്റെ കുടുംബത്തിന് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ അഫ്സല്‍ ഗുരുവിനെ ന്യായീകരിക്കുന്ന എന്‍ജിഒയുമായി ബന്ധമുള്ളതായി സംശയം. ഒരുവര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് ഭീഷണികളാണ് മെയിലിലൂടെ വിവിധ സ്‌കൂളുകള്‍ക്ക് ലഭിച്ചത്. ആ എന്‍ജിഒയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നില്‍ ദേശവിരുദ്ധ പ്രവര്‍ത്തനമുണ്ടോ, അട്ടിമറി ശ്രമമുണ്ടോ എന്നീകാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച 23 സ്‌കൂളുകളിലേക്കാണ് വിദ്യാര്‍ഥി ഭീഷണി സന്ദേശം അയച്ചത്. ജി-മെയിലിലൂടെയാണ് ഈ സന്ദേശങ്ങള്‍ വന്നത് എന്ന് മനസിലാക്കിയ പോലീസ് മെയില്‍ ട്രാക്ക് ചെയ്താണ് അയച്ച വ്യക്തിയെ പിടികൂടിയത്. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയായ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് വി.പി.എന്നിന്റെ സഹായത്തോടെയാണ് സന്ദേശങ്ങള്‍ അയച്ചത് എന്നും ഇതുവരെ 400 സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി മെയിലുകള്‍ അയച്ചിട്ടുണ്ടെന്നും ചോദ്യംചെയ്യലില്‍ വിദ്യാര്‍ഥി വെളിപ്പെടുത്തിയതായി സ്പെഷ്യല്‍ സി.പി. ലോ ആന്‍ഡ് ഓര്‍ഡര്‍ മധുപ് തിവാരി അറിയിച്ചു. കഴിഞ്ഞ വര്‍ഷം മുതലാണ് വിദ്യാര്‍ഥി സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി നല്‍കിക്കൊണ്ടുള്ള സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയത്. സ്‌കൂളിലെ പരീക്ഷ മാറ്റിവെക്കുന്നതിന് വേണ്ടിയാണ് സന്ദേശങ്ങള്‍ അയച്ചതെന്നാണ് വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ഫെബ്രുവരി മുതലാണ് സ്‌കൂളുകളിലേക്ക് ബോംബ് സന്ദേശങ്ങള്‍ വന്നുതുടങ്ങിയത്. ഒരുവര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് ഭീഷണികളാണ് മെയിലിലൂടെ വിവിധ സ്‌കൂളുകള്‍ക്ക് ലഭിച്ചത്. കഴിഞ്ഞ മെയ് ഒന്നാം തീയതി മാത്രം 250 സ്‌കൂളുകളിലേക്കാണ് ഈ വിദ്യാര്‍ഥി ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. വളരെ സങ്കീര്‍ണമായ രീതിയിലാണ് മെയിലുകള്‍ അയച്ചിരുന്നത്. വി.പി.എന്‍. അടക്കം ഉപോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ മെയിലിന്റെ ഉറവിടം കണ്ടെത്തുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് തിവാരി പറയുന്നു.

ഈ വര്‍ഷം ജനുവരി എട്ടിനാണ് പോലീസിന് 'കുട്ടി കുറ്റവാളി'യെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പിന്നാലെ വിദ്യാര്‍ഥിയെ കസ്റ്റഡിയില്‍ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭീഷണി സന്ദേശങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. വിഷയത്തില്‍ ദേശവിരുദ്ധതയും അട്ടിമറി സാധ്യതയും സംശയിക്കുന്നതായും പോലീസ് പറഞ്ഞു. പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ അഫ്സല്‍ ഗുരുവിനെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയ എന്‍ജിഒയുമായി ബന്ധമുള്ളവരാണ് കുട്ടിയുടെ രക്ഷിതാക്കളില്‍ ഒരാള്‍ എന്നും ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റിലായ വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്തേണ്ടിയിരുന്നു. അതിന്റെ ഭാഗമായി നടത്തിയ അന്വേഷത്തില്‍ കുട്ടിയുടെ മാതാപിതാക്കളില്‍ ഒരാള്‍ ഒരു എന്‍.ജി.ഒ.യുടെ ഭാഗമായുള്ള സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ.യാണ് ഇത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞത്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്, തിവാരി വ്യക്തമാക്കി.