സ്റ്റോക്ക്‌ഹോം: സ്വീഡിഷ് നഗരമായ ഒറെബ്രോയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വസ്താഗ ജില്ലയിലെ റിസ്ബെര്‍ഗ്സ്‌ക സ്‌കൂളില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെടിവയ്പുണ്ടായത്. തുടര്‍ച്ചയായുണ്ടായ വെടിവെയ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പൊലീസ് അധികൃതരെത്തി സ്‌കൂള്‍ പൂട്ടി.

വിദ്യാര്‍ഥികളെ സമീപത്തെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറ്റുകയും സ്‌കൂളിന്റെ മറ്റ് ഭാഗങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു. പ്രൈമറി, അപ്പര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളും കുടിയേറ്റക്കാരുടെ മക്കള്‍ക്കായി സ്വീഡിഷ് ക്ലാസുകളും തൊഴിലധിഷ്ഠിത പരിശീലനങ്ങളും ബൗദ്ധിക വൈകല്യമുള്ളവര്‍ക്കുള്ള പ്രോഗ്രാമുകളും ഈ സ്‌കൂളില്‍ നടന്നിരുന്നതായാണ് വിവരം.

ക്ലാസ് മുറിയുടെ വാതിലിനു സമീപം തറയില്‍ ഒരാള്‍ വെടിയേറ്റു കിടക്കുന്ന ചിത്രം സ്വീഡിഷ് മാധ്യമം പുറത്തുവിട്ടു. ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ വളരെ അടുത്തായി വെടിയൊച്ചകള്‍ കേട്ടുവെന്നാണ് റിസ്ബെര്‍ഗ്സ്‌കയിലെ ടീച്ചറായ ലെന വാറന്‍മാര്‍ക്ക് ദേശീയ ബ്രോഡ്കാസ്റ്ററായ എസ്വിടിയോട് പറഞ്ഞത്. പത്തിലേറെ തവണ വെടിയൊച്ച കേട്ടതായാണ് ഇവര്‍ അറിയിച്ചത്.

വെടിയേറ്റ് പരിക്കേറ്റവര്‍ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കുന്നതായി ഒറെബ്രോയിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. വെടിയുതിര്‍ത്തയാള്‍ ഇതിനിടെ ആത്മഹത്യക്ക് ശ്രമിച്ചതായും സൂചനയുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു: 'അപകടം ഒഴിഞ്ഞിട്ടില്ല, പൊതുജനങ്ങള്‍ വസ്തഗയില്‍ നിന്ന് അകന്നു നില്‍ക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

ആക്രമണമുണ്ടായ സ്‌കൂളിന് ചുറ്റും മറ്റ് നിരവധി സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്. ആക്രമണമുണ്ടായ സ്‌കൂളിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും കരോലിന്‍സ്‌ക ഹൈസ്‌കൂളില്‍ അഭയം തേടിയതായി പ്രിന്‍സിപ്പല്‍ എകെ ജോഹാന്‍സണ്‍ പറഞ്ഞു.

സ്വീഡനില്‍ സ്‌കൂളുകളിലടക്കം നിരന്തരം ഉണ്ടാകുന്ന വെടിവയ്പ് കേസുകളില്‍ ആളുകള്‍ പരിഭ്രാന്തരാണ്. 10.5 ദശലക്ഷം ആളുകള്‍ താമസിക്കുന്ന സ്വീഡനില്‍ 2023ല്‍ മാത്രം വെടിവയ്പ്പില്‍ 53 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022-ല്‍ 62 പേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു. സ്റ്റോക്ക്‌ഹോമിലെ പ്രതിശീര്‍ഷ കൊലപാതക നിരക്ക് ലണ്ടന്റെ 30 ഇരട്ടിയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് വിപണി, വിപണിയിലേക്കുള്ള തോക്കുകളുടെ കുത്തൊഴുക്ക്, വര്‍ദ്ധിച്ചുവരുന്ന അസമത്വം, ഉയര്‍ന്ന തോതിലുള്ള കുടിയേറ്റം തുടങ്ങി ഒട്ടേറെ കാരണങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിദേശത്തുള്ള മാഫിയ ഗ്രൂപ്പുകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീഡനെ പ്രധാന കേന്ദ്രമാക്കുന്നുവെന്നാണ് ആക്ഷേപം.