- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വീടിന് സമീപം ലഹരി ഉപയോഗവും അസഭ്യ വര്‍ഷവും പതിവ്; ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയപ്പോള്‍ പണി മോഡല്‍ പ്രതികാരവുമായി രണ്ടു യുവാക്കള്‍; വീടും കാറും അടിച്ചു തകര്‍ത്തു; കുടുംബാംഗങ്ങളെ മര്‍ദിച്ചു
പണി മോഡല്‍ പ്രതികാരവുമായി രണ്ടു യുവാക്കള്‍
വീടിന് സമീപം ലഹരി ഉപയോഗവും അസഭ്യ വര്‍ഷവും പതിവ്; ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയപ്പോള്‍ പണി മോഡല്‍ പ്രതികാരവുമായി രണ്ടു യുവാക്കള്‍; വീടും കാറും അടിച്ചു തകര്‍ത്തു; കുടുംബാംഗങ്ങളെ മര്‍ദിച്ചുപത്തനംതിട്ട: വീടിന് സമീപമുള്ള ലഹരി ഉപയോഗവും കച്ചവടവും അസഭ്യ വര്‍ഷവും ചോദ്യം ചെയ്തതിന് പണി സിനിമയിലേതു പോലെയുള്ള പ്രതികാരവുമായി രണ്ട് യുവാക്കള്‍. അഴിഞ്ഞാടിയ യുവാക്കള്‍ വീടും കാറും അടിച്ചു തകര്‍ത്തു. വീട്ടുകാരെ മര്‍ദിച്ചു. വള്ളിക്കോട് വാലുപറമ്പില്‍ ജങ്ഷന് സമീപമുള്ള കൃഷ്ണകൃപയില്‍ ബിജുവിന്റെ വീടിനു നേരെയാണ് സാമൂഹ്യ വിരുദ്ധര്‍ അക്രമം നടത്തിയത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ബഹളം കേട്ട് പുറത്തിറങ്ങിയ ബിജുവിനെയും ഭാര്യയേയും മകനെയും മര്‍ദ്ദിക്കുകയും ചെയ്തു. വീടിന്റെ വാതിലുകളും ജനലുകളും മുറ്റത്തെ ചെടിച്ചട്ടികളും അടിച്ചു തകര്‍ത്തു. പോര്‍ച്ചില്‍ കിടന്ന കാറും ചെടിച്ചട്ടി കൊണ്ട് എറിഞ്ഞ് തകര്‍ത്തു .വീടിനോട് ചേര്‍ന്ന പറമ്പിലെ പച്ചക്കറി കൃഷിയും നശിപ്പിച്ചു. ചെടിച്ചട്ടിയും ആയുധങ്ങളും ഉപയോഗിച്ചാണ് അക്രമം നടത്തിയത്. അര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീട്ടുകാര്‍ പോലിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയും നശിപ്പിച്ചു.
കണ്ടാല്‍ അറിയാവുന്ന രണ്ട് യുവാക്കളാണ് അക്രമം നടത്തിയത്. ചന്ദനപ്പള്ളി സ്വദേശികളായ വിമല്‍, അഭിജത്ത് എന്നിവരാണ് അക്രമം നടത്തിയത്. ഇവര്‍ക്ക് ലഹരി സംഘവുമായി ബന്ധമുണ്ടെന്ന് പറയുന്നു. ബിജുവിന്റെ വീടിന് സമീപത്ത് ചെറിയ നടവഴിയിലും സമീപത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും സ്ഥിരമായി തമ്പടിക്കുന്ന സംഘത്തിലെ യുവാക്കളാണ് അക്രമം നടത്തിയത് . ഇവിടങ്ങളില്‍ ഇരുന്ന് മദ്യപിച്ച് പ്രദേശത്ത് ബഹളവും അസഭ്യ വര്‍ഷവും പതിവാണ്. ഈ സംഘത്തിന്റെ ഭീഷണി കാരണം പരിസരവാസികളും ഭയന്നാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീടിന് സമീപത്തു ബഹളമുണ്ടാക്കിയത് ബിജു ചോദ്യം ചെയ്തതും താക്കീത് ചെയ്തതുമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. മയക്കുമരുന്ന് ലോബിയുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പറയുന്നു. പത്തനംതിട്ട പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
വള്ളിക്കോട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സ്‌കൂളുകളും മറ്റും കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും പോലീസിന്റെയും എക്സൈസിന്റെയും റെയ്ഡ് പ്രദേശത്ത് ശക്തമാക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ പറഞ്ഞു. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി ലഹരി സംഘങ്ങളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണമെന്നും മോഹനന്‍നായര്‍ പറഞ്ഞു.