ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സമൂഹ വിവാഹത്തിനിടെ നാടകീയ രംഗങ്ങള്‍. വിവാഹിതയാണെന്ന കാര്യം മറച്ചുപിടിച്ച് വീണ്ടും വിവാഹം കഴിക്കാനുള്ള യുവതിയുടെ ശ്രമം ഭര്‍തൃവീട്ടുകാര്‍ തടഞ്ഞു. വിവാഹ മോചനം നേടുന്നതിന് മുന്‍പ് യുവതി മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നത് അറിഞ്ഞ് ഭര്‍തൃവീട്ടുകാര്‍ കല്യാണമണ്ഡപത്തില്‍ എത്തുകയായിരുന്നു. എരുമകളെ വാങ്ങുന്നതിനു പണത്തിനായാണ് യുവതി വീണ്ടും കല്യാണം കഴിക്കാന്‍ ശ്രമിച്ചത്.

ഉത്തര്‍പ്രദേശ് ഹസന്‍പൂരിലെ ഒരു കോളജ് ആണ് സമൂഹവിവാഹത്തിന് വേദിയായത്. 300ലധികം വധൂവരന്മാരാണ് വിവാഹത്തിന് എത്തിയത്. അതിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അസ്മ എന്ന യുവതിയാണ് വീണ്ടും വിവാഹം കഴിക്കാന്‍ ശ്രമിച്ചത്. ഇത് അറിഞ്ഞ് ഭര്‍തൃവീട്ടുകാര്‍ വിവാഹമണ്ഡപത്തില്‍ എത്തി അസ്മയുടെ വിവാഹം തടയുകയായിരുന്നു.

എന്തിന് രണ്ടാം വിവാഹത്തിനൊരുങ്ങി എന്നതിനുള്ള ഉത്തരമാണ് എല്ലാവരെയും ഞെട്ടിച്ചത്. സ്വന്തമായി എരുമയെ വാങ്ങാന്‍ വേണ്ടിയാണ് അസ്മ വിവാഹിതയാകാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ കീഴിലുള്ള ഒരു പദ്ധതി പ്രകാരം വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് 35000 രൂപയും മറ്റു ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതി പ്രകാരമാണിത്.

ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാതെയാണ് അസ്മ രണ്ടാമതും വിവാഹം കഴിക്കാന്‍ ശ്രമിച്ചത്. മൂന്ന് വര്‍ഷം മുമ്പ് അസ്മ നൂര്‍ മുഹമ്മദിനെ വിവാഹം കഴിച്ചു. ഇരുവരും തമ്മില്‍ നിരവധി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഏകദേശം ആറ് മാസം മുമ്പ് അസ്മ തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. നൂറിന്റെ അച്ഛനും അമ്മയും ചേര്‍ന്ന് സമൂഹ വിവാഹ വേദിയിലേക്ക് കയറി ഇത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. മുന്‍ ഭര്‍ത്താവിന്റെ അച്ഛന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ ചീഫ് ഡെവലെപ്മന്റ് ഓഫീസര്‍ അശ്വിനി കുമാര്‍ സംഭവം പൊലീസിനെ അറിയിക്കുകയും കേസ് എടുക്കുകയുമായിരുന്നു.

അതിനിടെ മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയെ കുറിച്ച് അറിഞ്ഞാണ് അസ്മ വീണ്ടും വിവാഹത്തിന് ശ്രമിച്ചത്. സാമ്പത്തികമായി പിന്നാക്ക നില്‍ക്കുന്നവരുടെ വിവാഹം നടത്തുന്നതിന് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതി. ഇതനുസരിച്ച് വധുവിന് 35000 രൂപ ലഭിക്കുമെന്ന് അറിഞ്ഞാണ് അസ്മ വീണ്ടും വിവാഹത്തിന് ശ്രമിച്ചത്. തന്റെ ബന്ധു കൂടിയായ ജാബര്‍ അഹമ്മദിനെ വിവാഹം കഴിക്കാനാണ് അസ്മ തീരുമാനിച്ചത്.

വിവാഹത്തിനു ശേഷം കിട്ടുന്ന സൗജന്യങ്ങളും പണവും പങ്കിട്ടെടുക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. ഒരു ഡിന്നര്‍ സെറ്റ്, 2 ജോഡി ഡ്രസേ, വാള്‍ ക്ലോക്ക്, വാനിറ്റി കിറ്റ്, ദുപ്പട്ട, വെള്ളി ആഭരങ്ങള്‍, ലഞ്ച് ബോക്‌സ് എന്നിവയാണ് സൗജന്യമായി കിട്ടാനിരുന്നവ. അതേ സമയം വിവാഹ സമ്മാനമായി കിട്ടുന്ന തുക വച്ച് എരുമയെ വാങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.