തേനി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ഭാര്യക്കും ഭര്‍ത്താവിനും 20 വര്‍ഷം തടവും 19,000 രൂപ പിഴയും വിധിച്ച് തേനി പോക്സോ കോടതി ജഡ്ജി പി ഗണേശന്‍ ഉത്തരവായി. പഴയ വത്തലഗുണ്ട് റൈസ്മില്‍ സ്ട്രീറ്റിന് സമീപം താമസിക്കുന്ന രാമലക്ഷ്മി (25), ഭര്‍ത്താവ് അക്കുര്‍രാജ (32) എന്നി വരെയാണ് ശിക്ഷിച്ചത്. 2021 ഒക്ടോബര്‍ 25 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഭര്‍ത്താവിന് ആയുസ് കൂടുമെന്ന ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ചാണ് രാമലക്ഷ്മി ഭര്‍ത്താവിന് പീഡനത്തിന് സൗകര്യമൊരുക്കിയത്. പെണ്‍കുട്ടികളെ തേടി ഇരുവരും പെരിയകുളം മുഴുവന്‍ തിരഞ്ഞു. ഇതിനിടയിലാണ് വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന 14 കാരിയെ കണ്ടെത്തുന്നത്.

മധുര പലഹാരം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു രാമലക്ഷ്മി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി സ്വന്തം വീട്ടിലെത്തിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെയും പെണ്‍കുട്ടിയെയും ഒരു മുറിയില്‍ കയറ്റി രാമലക്ഷ്മി പുറത്തു നിന്നും പൂട്ടി. ഇതിനിടയില്‍ അക്കൂര്‍രാജ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

പിറ്റേന്ന് അക്കൂര്‍രാജയും രാമലക്ഷ്മിയും ചേര്‍ന്ന് പെണ്‍കുട്ടിയെ വീടിന് സമീപം ഇറക്കിവിട്ട് രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. റഷീദ ഹാജരായി.