ബംഗളൂരു: കര്‍ണാടകയില്‍ 27 വയസ്സുള്ള ഇസ്രയേലി ടൂറിസ്റ്റിനെയും 29 വയസ്സുള്ള ഹോംസ്റ്റേ ഉടമയെയും മൂന്നു പുരുഷന്മാര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഹംപിയിലെ കൊപ്പലിലെ ഒരു കനാലിനടുത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന മൂന്ന് പുരുഷന്മാരെ കനാലിലേക്ക് തള്ളിയിട്ട ശേഷം പ്രതികള്‍ സ്ത്രീകളെ പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ രണ്ടു പേരെ കണ്ടെത്തി. ഒരാള്‍ക്ക് വേണ്ടി കനാലില്‍ തിരച്ചില്‍ തുടരുകയാണ്.

കനാലിലേക്ക് വീണ ഡാനിയേല്‍ യുഎസ് സ്വദേശിയാണ്. മറ്റ് രണ്ടു പേര്‍ മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ ഒഡീഷക്കാരനായ ബിബാഷയെയാണ് കണ്ടെത്താനുള്ളത്. മഹാരാഷ്ട്രക്കാരന്‍ പങ്കജും രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി വൈകി അത്താഴം കഴിച്ച ശേഷം താനും നാല് അതിഥികളും തുംഗഭദ്രയിലെ കനാല്‍ തീരത്ത് ആകാശ നിരീക്ഷണത്തിനായി പോയതായിരുന്നുവെന്ന് 29 വയസ്സുള്ള ഹോംസ്റ്റേ ഉടമ പരാതിയില്‍ പറയുന്നു. മൂന്ന് പ്രതികളും ബൈക്കിലെത്തി ആദ്യം പെട്രോള്‍ എവിടെ കിട്ടുമെന്ന് ചോദിച്ചു. തുടര്‍ന്ന് ഇസ്രയേലി സ്ത്രീയില്‍നിന്ന് 100 രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചത് തര്‍ക്കത്തിലേക്ക് നയിച്ചു. പിന്നാലെ പ്രതികള്‍ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. കുറ്റകൃത്യത്തിനു ശേഷം ഇവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, മോഷണം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. 'സനാപൂരിന് അടുത്തുവെച്ച് മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരും ഉള്‍പ്പെടെ അഞ്ച് പേര്‍ ആക്രമിക്കപ്പെട്ടു. അവരില്‍ രണ്ടുപേര്‍ വിദേശികളാണ്. ഒരു അമേരിക്കയ്ക്കാരനും മറ്റൊരാള്‍ ഇസ്രയേലില്‍ നിന്നുള്ള സ്ത്രീയുമാണ്. രണ്ട് സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും മര്‍ദിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. 'കൊപ്പല്‍ പോലീസ് സൂപ്രണ്ട് റാം എല്‍ അരസിദ്ദി വ്യക്തമാക്കി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ട് പ്രത്യേക സംഘങ്ങള്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അത്താഴത്തിനുശേഷം താനും നാല് അതിഥികളും തുംഗഭദ്ര ലെഫ്റ്റ് ബാങ്ക് കനാലിന് അടുത്ത് നക്ഷത്ര നിരീക്ഷണം നടത്തുന്നതിനിടെ പ്രതികള്‍ ബൈക്കിലെത്തി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് 29-കാരിയായ ഹോം സ്റ്റേ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇസ്രയേല്‍ വനിതയും ഹോംസ്റ്റേ ഉടമയും ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണെന്നും ആവശ്യമെങ്കില്‍ അവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നും പോലീസ് വ്യക്തമാക്കി.