- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പത്തനംതിട്ട പീഡനക്കേസ്: ജാമ്യം എടുത്തു കൊടുക്കാമെന്ന് പറഞ്ഞ് ഒന്നാം പ്രതിയുടെ സഹോദരന് രണ്ടാം പ്രതിയുടെ മാതാവില്‍ നിന്ന് തട്ടിയത് 8.65 ലക്ഷം; നാട്ടിലെ മറ്റു യുവാക്കളെ കേസില്‍ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് വേറെയും പണം വാങ്ങി; തട്ടിപ്പിനിരയായ വീട്ടമ്മ വൃക്കരോഗത്തിന് ചികില്സയിലുളളയാള്
പത്തനംതിട്ട: അറുപതോളം പേര്‍ പ്രതികളായ പത്തനംതിട്ട പീഡനക്കേസില്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിച്ചത് ഒന്നാം പ്രതിയുടെ സഹോദരന്‍. സ്വന്തം സഹോദരന് അടക്കം ജാമ്യം എടുത്തു കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ ആണ് ഇയാള്‍ തട്ടിയത്. തട്ടിപ്പിന് ഇരയായ രണ്ടാം പ്രതിയുടെ മാതാവ് അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം നല്‍കിയ പരാതിയിലാണ് ഇന്നലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രക്കാനം തോട്ടുപുറത്ത് ജോ ഓഡിയോ ലാബ് നടത്തുന്ന ജോമോന്‍ മാത്യു(27)വാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയായ തോട്ടുപുറം കൈപ്പിലാലില്‍ മേലേതില്‍ ജോജി മാത്യുവിന്റെ (24) സഹോദരനാണ് ജോമോന്‍ മാത്യു. കേസില്‍ രണ്ടാം പ്രതിയായ പ്രക്കാനം ഷൈനു ഭവനത്തില്‍ ഷൈനുവിന്റെ (22) മാതാവില്‍ നിന്നും രണ്ടു മാസത്തിനിടെ പല തവണയായി ജാമ്യം എടുക്കാനെന്നും പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കൊടുക്കാനെന്നും പറഞ്ഞ് 8.65 ലക്ഷം വാങ്ങി എടുക്കുകയായിരുന്നു. രണ്ടു പ്രതികള്‍ക്കും കഴിഞ്ഞയിടെ ജാമ്യം ലഭിച്ചിരുന്നു.
ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ തനിക്ക് കിട്ടിയ യഥാര്‍ഥ തുക പറഞ്ഞതോടെയാണ് തട്ടിപ്പ് വെളിയിലായത്. അഭിഭാഷകന്റെ ഉപദേശത്തെ തുടര്‍ന്ന് ഷൈനുവിന്റെ മാതാവ് പത്തനംതിട്ട ഡിവൈ.എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. തനിക്ക് പരാതി ലഭിച്ചപ്പോഴാണ് ഈ വിവരം അറിയുന്നതെന്ന് ഡിവൈ.എസ്.പി. എസ്. നന്ദകുമാര്‍ പറഞ്ഞു. ഡിവൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു പുറത്തായത്. ജോമോന്‍ മാത്യുവിനെ കസ്റ്റഡിയില്‍ എടുത്ത പോലീസ് രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തി.
ഷൈനുവിന്റെ മാതാവ് ആലീസ് വൃക്കരോഗിയാണ്. മറ്റൊരു ആവശ്യത്തിന് മാറ്റി വച്ചിരുന്ന പണമാണ് ജോമോന്‍ കൈക്കലാക്കിയത്. വളരെ കുറഞ്ഞ തുകയാണ് ജാമ്യം എടുക്കുന്നതിന് അഭിഭാഷകന്‍ ഫീസ് ഇനത്തില്‍ വാങ്ങിയത്. ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. ഇതില്‍ ഒന്നാം പ്രതിയുടെ കാര്‍ പോലീസ് പിടിച്ചെടുത്തിരുന്നു. അത് പുറത്തിറക്കാന്‍ അഭിഭാഷകന് നല്‍കുന്നതിനെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപയാണ് വീട്ടുകാരോട് ചോദിച്ചത്.
അവര്‍ ഈ വിവരം അഭിഭാഷകനെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തന്റെയും ഡിവൈ.എസ്.പിയുടെയും പേര് പറഞ്ഞ് ജോമോന്‍ തട്ടിപ്പ് നടത്തിയെന്ന് അഭിഭാഷകന് ബോധ്യമായത്. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് പരാതി കൊടുത്തത്. സഹോദരന് ജാമ്യം എടുക്കാനെന്ന് പറഞ്ഞ് സ്വന്തം വീട്ടില്‍ നിന്ന് ജോമോന്‍ മൂന്നര ലക്ഷം രൂപ വാങ്ങിയെന്നും പറയുന്നു.
ഇതു കൂടാതെ പെണ്‍കുട്ടിയുമായി പരിചയമുണ്ടായിരുന്ന യുവാക്കളെ കേസില്‍പ്പെടാതെ രക്ഷപ്പെടുത്താമെന്ന് പറഞ്ഞ് പണം വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.