ഹൈദരാബാദ്: നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. തെലുങ്കിലെ മുതിര്‍ന്ന നടന്‍ മോഹന്‍ ബാബുവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നടിയുടേത് വെറും അപകട മരണമല്ലന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് ഉയരുന്ന ആരോപണം. 21 വര്‍ഷം മുമ്പാണ് നടി മരിച്ചത്.

ചിട്ടി മല്ലു എന്ന വ്യക്തിയാണ് ഖമ്മം പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. എഫ് ഐ ആര്‍ പോലീസ് ഇട്ടിട്ടില്ല. മോഹന്‍ ബാബുവുമായി ബന്ധപ്പെട്ട സ്വത്തുതര്‍ക്കമാണ് സൗന്ദര്യയുടെ മരണത്തിന് പിന്നിലെന്നാണ് ആരോപിക്കുന്നത്. നടി മരണപ്പെടുന്നതിന് മുന്‍പ് ഷംഷാദ് മേഖലയ്ക്ക് സമീപത്തായി ജല്‍പ്പളളിയില്‍ ആറ് ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. ഭൂമി തനിക്ക് വില്‍ക്കണമെന്ന് മോഹന്‍ ബാബു സൗന്ദര്യയോട് ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥ് ഷെട്ടി ഇടപാട് എതിര്‍ത്തെന്നാണ് വിവരം.

ഭൂമി കൈയേറ്റത്തില്‍ മോഹന്‍ ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് പരാതിക്കാരന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുപോലെ ചിട്ടി മല്ലു ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഖമ്മം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്കും ജില്ലാ പൊലീസ് ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. മോഹന്‍ബാബുവും ഇളയ മകന്‍ മഞ്ചു മനോജും തമ്മിലുളള സ്വത്ത് തര്‍ക്കവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

1999ല്‍ അമിതാഭ് ബച്ചന്‍ നായകനായെത്തിയ സൂര്യവംശം എന്ന ചിത്രത്തില്‍ രാധ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയമായ നടിയാണ് സൗന്ദര്യ. തെലുങ്കിലും തമിഴിലും മലയാളത്തിലും മുന്‍നിര നായകന്‍മാരോടൊപ്പവും സൗന്ദര്യ അഭിനയിച്ചിരുന്നു. 2004 ഏപ്രില്‍ 17ന് ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാന്‍ കരീംനഗറിലേക്ക് യാത്ര ചെയ്യുന്നതിനിടെ സ്വകാര്യ ജെറ്റ് തകര്‍ന്നാണ് താരവും സഹോദരനും മരിച്ചത്. 31 വയസായിരുന്ന സൗന്ദര്യ മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്നും സൂചനയുണ്ട്.