അടൂര്‍: മുന്‍വിരോധമുള്ള ഗ്യാങ്ങില്‍പ്പെട്ടയാള്‍ ബന്ധുവായ പെണ്‍കുട്ടിക്കൊപ്പം സെല്‍ഫി എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടതിന്റെ പേരില്‍ ഇരുവിഭാഗങ്ങളുടെ തമ്മിലടി. രണ്ടു വിഭാഗത്തില്‍ നിന്നുമായി ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. പക്ഷേ, ഉടന്‍ തന്നെ പറഞ്ഞു തീര്‍ത്ത് ഒത്തുതീര്‍പ്പില്‍ എത്തിയതോടെ രണ്ടു കൂട്ടരും പിറ്റേന്ന് തന്നെ പുറത്തിറങ്ങി.

അടൂര്‍ മണക്കാല വിഷ്ണു നിവാസ് വീട്ടില്‍ അഭിജിത് ബാലന്‍(30), അന്തിച്ചിറ ഗോകുലം വീട്ടില്‍ ജിഷ്ണു (31), ചിറ്റാണിമുക്ക് മൂലത്തുണ്ടില്‍ സുജിത് (31), ചൂരക്കോട് വായനശാല ജംഷന്‍ കല്ലുവിള തെക്കേതില്‍ ശരണ്‍ കുമാര്‍ (27), കണ്ണം കോട് രമാ മന്ദിരം വീട്ടില്‍ അരുണ്‍ (28), ചൂരക്കോട് വിഷ്ണു ഭവനില്‍ വിഷ്ണു (30), ചൂരക്കോട് ശ്രീരാഗിലെയം വീട്ടില്‍ ശ്രീകുമാര്‍ (41) എന്നിവരാണ് അറസ്റ്റിലായത്.

അഭിജിത്ത് ബാലന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ചൂരക്കോട്, ബദാം മുക്ക് ആശാഭവനില്‍ ആഷിക് 24 ന് വൈകിട്ട് 3 മണിയോടെ അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷന് സമീപം വച്ച് സെല്‍ഫി എടുക്കുകയും പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ ഇടുകയും ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. തുടര്‍ന്ന് ആഷിക്കും അഭിജിത്ത് ബാലനും ഫോണില്‍ കൂടി വെല്ലുവിളി നടത്തുകയും ഇരുവരും മറ്റുള്ളവരെ വിളിച്ചറിയിച്ചതനുസരിച്ചു രാത്രി ഒമ്പതോടെ ഇരുവിഭാഗങ്ങളിലും പെട്ടവര്‍ സംഘടിക്കുകയും ചെയ്തു.

ചൂരക്കോട് കുറ്റിയില്‍ ദേവീക്ഷേത്ര മൈതാനത്ത് ആഷിക്കും സംഘവും ഉണ്ടെന്നറിഞ്ഞ് അഭിജിത്ത് ബാലനും സുജിത്ത്, വിഷ്ണു, ജിനു സാം എന്നിവരുമായി മഹീന്ദ്ര താര്‍ ജീപ്പില്‍ എത്തുകയും സംഘര്‍ഷം ഉണ്ടാവുകയും എതിര്‍ വിഭാഗത്തില്‍പ്പെട്ട ശ്രീകുമാറിന് തലയ്ക്ക് പരിക്കു പറ്റുകയും ചെയ്തു. തുടര്‍ന്ന്, ഇയാള്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. സ്ഥലത്ത് എത്തിയ പോലീസ് അഭിജിത്ത് ബാലന്‍, സുജിത്ത്, ജിഷ്ണു എന്നിവരെ കസ്റ്റഡിയിലെടുത്തു. എതിര്‍ വിഭാഗത്തിലെ വിഷ്ണു, ശരണ്‍, അരുണ്‍, ശ്രീകുമാര്‍ എന്നിവരെയും സ്റ്റേഷനിലെത്തിച്ചു.

സംഭവം അറിഞ്ഞു ഇരു വിഭാഗങ്ങളെ പിന്തുണച്ച് ആളുകള്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തും ആശുപത്രി പരിസരത്തും ഒത്തുകൂടി. സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയ ശ്രീകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും മറുവിഭാഗത്തില്‍പ്പെട്ട അഭിജിത്ത് ബാലന്റെ മൊഴി പ്രകാരവും ഓരോ കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു.തുടര്‍ന്നാണ് ഇരുകൂട്ടത്തില്‍ നിന്നുള്ള എഴുപേരെ അറസ്റ്റ് ചെയ്തത്. അടൂര്‍ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍, പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അതിവേഗം കസ്റ്റഡിയില്‍ എടുത്തത്.

ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും അഭിപ്രായവ്യത്യാസം പറഞ്ഞു തീര്‍ത്ത് കോടതിയില്‍ പരാതിയില്ലെന്ന് സത്യവാങ്മൂലം കൊടുത്ത് പുറത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അഭിജിത്ത് ബാലനെതിരേ പോലീസ് കാപ്പ ചുമത്തിയിരുന്നു. ഇതിനെതിരേ അഭിജത്ത് എറണാകുളം കാപ്പ അഡൈ്വസറി ബോര്‍ഡിനെ സമീപിക്കുകയും ഉത്തരവ് അസ്ഥിരപ്പെടുത്തി വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. അന്ന് പോലീസ് പക വീട്ടുന്നുവെന്നായിരുന്നു അഭിജിത്തിന്റെ വാദം. പുതിയ കേസ് വന്ന സ്ഥിതിക്ക് വീണ്ടും കാപ്പ ചുമത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഒത്തുതീര്‍പ്പാക്കിയതെന്ന് പറയുന്നു.