- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ ക്രിസ്റ്റീന പരിചയപ്പെടുത്തിയത് സറ്റൈവയും ഇന്‍ഡിക്കയും ചേരുന്ന ഹൈബ്രിഡ്; 'കുക്കീസ് കുഷ്' അവതരിപ്പിച്ചതും ഏട്ട് ഭാഷകളില്‍ പ്രാവീണ്യമുള്ള പഴയ എക്‌സ്ട്രാ നടി; പീഡനക്കേസില്‍ കുടുങ്ങിയെന്ന് അറിഞ്ഞിട്ടും തസ്ലീമയെ സിനിമാക്കാരുമായി ചേര്‍ത്ത് നിര്‍ത്തിയത് ലഹരിയിലെ ഉന്മാദം; ആ മൊബൈലില്‍ സിനിമാ ബന്ധങ്ങള്‍ പുറത്തു വരുമോ? എല്ലാം അട്ടിമറിക്കാന്‍ സമ്മര്‍ദ്ദം ശക്തം
കൊച്ചി: കേരളവും ഹൈബ്രിഡ് കഞ്ചാവിന്റെ പിടിയില്‍ അമരുകയാണ്.... മലയാള സിനിമക്കാര്‍ പലരും ഇതിന്റെ പിടിയിലും. ക്രിസ്റ്റീന എന്ന തസ്ലീമയുടെ അറസ്റ്റോട് പുതിയ ലഹരിയും ചര്‍ച്ചകളില്‍ എത്തുകയാണ്. അടുത്ത കാലത്തായി സംസ്ഥാനത്ത് വലിയ തോതിലാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. വിപണിയില്‍ വന്‍ വിലമതിക്കുന്നവയാണിവ. പ്രത്യേക അന്തരീക്ഷത്തിലും സാങ്കേതിക വിദ്യയിലും വളര്‍ത്തിയെടുക്കുന്നതാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ പിടിച്ചെടുത്തതും ഹൈബ്രിഡ് കഞ്ചാവായിരുന്നു. ആഫ്രിക്കന്‍- ഇന്ത്യന്‍ കഞ്ചാവുകളുടെ വിത്തുകള്‍ ചേര്‍ത്താണ് ഈയിനം വികസിപ്പിക്കുന്നത്. കൃത്രിമവെളിച്ചത്തിലും അടച്ചിട്ട മുറികളിലുമാണ് കൃഷി. മണ്ണില്ലാതെ പ്രത്യേക ലായനിയിലാണ് വളര്‍ത്തുന്നത്. അപകടകരമായ ഊര്‍ജം ഇതിലൂടെ ലഭിക്കുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആരോഗ്യത്തെ ഗുരുതരാവസ്ഥയില്‍ എത്തിക്കുന്നതാണ് ഈ ലഹരി. തസ്ലീമയില്‍ നിന്നും നിരവധി തെളിവുകള്‍ എക്‌സൈസിന് കിട്ടിയിട്ടുണ്ട്. അതിനിടെ ഈ അന്വേഷണം അട്ടിമറിക്കാനും ഉന്നത ഇടപെടലുകള്‍ സജീവമാണ്.
മണിക്കൂറുകള്‍ ഇതിന്റെ ലഹരി നീണ്ടുനില്‍ക്കും. എംഡിഎംഎ വില്‍പ്പനക്കാര്‍പോലും അത് വിറ്റുകിട്ടുന്ന പണം കൊണ്ട് ഈ കഞ്ചാവ് വാങ്ങുമെന്ന് എക്‌സൈസ് പറയുന്നു. ചില രാജ്യങ്ങളില്‍ ഇത് നിയമപരമാണ്. പ്രത്യേകിച്ച് തായ്‌ലാന്‍ഡില്‍. അവിടെനിന്നാണ് കേരളത്തിലേക്ക് കൂടുതലായി എത്തുന്നത്. സൈക്കോസിസ്, ശ്വസന പ്രശ്‌നങ്ങള്‍, ഓര്‍മ്മക്കുറവ്, രക്തസമ്മര്‍ദ്ദത്തെയും ഹൃദയമിടിപ്പിനെയും ബാധിക്കുന്നു, കന്നാബിനോയിഡ് ഹൈപ്പര്‍റെമെസിസ് സിന്‍ഡ്രോം തുടങ്ങി ഗുരുതരമായ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇവ കാരണമാകുന്നു. കഞ്ചാവ് സസ്യത്തിന്റെ രണ്ട് വ്യത്യസ്ത ഇനങ്ങളാണ് ഇന്‍ഡിക്കയും, സറ്റൈവയും. ഇവ രണ്ടും വ്യത്യസ്ത തരത്തിലുള്ള സ്വാധീനം ചെലുത്താന്‍ കഴിവുള്ളവയാണ്. ഇന്‍ഡിക്കക ശരീരത്തിലും സാറ്റിവകള്‍ മനസ്സിനും സ്വാധീനം ചെലുത്താന്‍ കഴിവുള്ളവയാണ്. ഇവ പല പേരുകളില്‍ വിപണിയില്‍ ലഭ്യമാണ്. ഹൈബ്രിഡ് ഇനങ്ങള്‍ക്ക് സാധാരണയായി പ്രബലമായുള്ള ഇനത്തിനെ പ്രതിഫലിപ്പിക്കുന്ന പേരുകള്‍ ഉണ്ടാകും. ഉദാഹരണത്തിന് 'പൈനാപ്പിള്‍ എക്‌സ്പ്രസ്' സറ്റൈവ ഇനം കൂടുതല്‍ അളവിലുള്ള ഹൈബ്രിഡാണ്, അതേസമയം 'കുക്കീസ് കുഷ്' ഇന്‍ഡിക്ക ഇനം കൂടുതല്‍ അളവില്‍ ചേര്‍ക്കുന്ന ഹൈബ്രിഡാണ്. സാറ്റിവയും, ഇന്‍ഡികയും ഒരേ അളവില്‍ ചേര്‍ക്കുന്ന ഹൈബ്രിഡും വിപണിയിലുണ്ട്.
ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴിയില്‍ പറഞ്ഞ സിനിമാ മേഖലയില്‍ ഉള്ളവരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ തേടാനാണ് തീരുമാനം. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരടക്കമുള്ളവര്‍ക്ക് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് വൈകാതെ നോട്ടിസ് നല്‍കും. ഇരുവര്‍ക്കും ലഹരി മരുന്നുകള്‍ കൈമാറിയിട്ടുണ്ടെന്നും ഒന്നിച്ചിരുന്ന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പിടിയിലായ തസ്ലീമ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ഇവരടക്കം സിനിമ മേഖലയിലുള്ളവരുമായുള്ള സാമ്പത്തിക ഇടപാടുകളുടെ ഡിജിറ്റല്‍ തെളിവുകളും ലഭിച്ചിട്ടുണ്ട്. സിനിമാമേഖലയിലെ പലരുമായുള്ള ചാറ്റുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. പലസിനിമകളിലും എകസ്ട്രാനടിയായി എത്തിയതിലൂടെ ഉണ്ടാക്കിയ പരിചയമാണ് താരങ്ങളുമായുള്ള തസ്ലീമയുടെ ബന്ധത്തിന് അടിസ്ഥാനം. കണ്ണൂര്‍ സ്വദേശിയായ ക്രിസ്റ്റിനയെന്ന തസ്ലിമ സുല്‍ത്താന തമിഴ് സിനിമകളിലും എക്‌സ്ട്രാ നടിയായും സ്‌ക്രിപ്റ്റ് പരിഭാഷകയായും പ്രവര്‍ത്തിച്ചിട്ടുണ്ട് . ഈ ബന്ധമുപയോഗിച്ചാണ് തസ്ലിമ മലയാള സിനിമാക്കാരുമായി അടുത്തത്. ഇതോടെ പ്രവര്‍ത്തനമേഖല കൊച്ചിയിലേക്ക് മാറ്റി. രണ്ടോ മൂന്നോ മലയാളം സിനിമകളിലും മുഖം കാണിച്ചു. തൃക്കാക്കര കേന്ദ്രീകരിച്ചായിരുന്നു കൊച്ചിയിലെ തസ്ലീമയുടെ പ്രവര്‍ത്തനം. എന്നാല്‍ ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെ വീണ്ടും തമിഴ്‌നാട്ടിലേക്ക് കളംമാറ്റി. എങ്കിലും ലഹരി ഇടപാട് കേരളത്തിലും അതിര്‍ത്തികളിലുമായി തുടര്‍ന്നു. തമിഴ്‌നാട് തിരുവള്ളൂര്‍ ഉലകനാഥപുരം ഫോര്‍ത്ത് സ്ട്രീറ്റില്‍ താമസിക്കുന്ന തസ്ലീമയെയും കൂട്ടാളി ഫിറോസിനേയും ലഹരി ഇടപാട് നടത്തുന്നതിനിടെയാണ് പിടികൂടുന്നത്. ബാഗില്‍ സൂക്ഷിച്ച മൂന്ന് പൊതികളിലായാണ് കഞ്ചാവ് കരുതിയിരുന്നത്.
പലവിധ കഞ്ചാവുകള്‍ ക്രിസ്റ്റീനയിലൂടെ മലയാള സിനിമാ ലോകത്ത് എത്തിയെന്നാണ് വിലയിരുത്തല്‍. സറ്റൈവ കഞ്ചാവ് പ്രധാനമായും ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിലാണ് വളരുന്നത്. ആഫ്രിക്ക, മധ്യ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, പശ്ചിമേഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സാറ്റൈവ സസ്യങ്ങള്‍ ഉയരമുള്ളതും നേര്‍ത്തതും വിരല്‍ പോലുള്ള ഇലകളുള്ളതുമാണ്. അവയ്ക്ക് ഏകദേശം 6 അടി അല്ലെങ്കില്‍ 2 മീറ്റര്‍ വരെ വളരാന്‍ കഴിയും. മറ്റ് ചില തരം കഞ്ചാവുകളെ അപേക്ഷിച്ച് അവ പക്വത പ്രാപിക്കാന്‍ കൂടുതല്‍ സമയമെടുക്കും. മനസ്സിനെ ഉത്തേജിപ്പിക്കാനും ഊര്‍ജ്ജസ്വലമാക്കാനും, ഉത്കണ്ഠ കുറയ്ക്കുന്ന ഒരു അനുഭവം ഉണ്ടാക്കുന്നതിനും ഇവ സഹായിക്കുന്നുവെന്ന് വരുത്തിയാണ് ഇത്തരം കഞ്ചാവിന്റെ കച്ചവടം പൊടിപൊടിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ കൂടുതലായും കാണപ്പെടുന്ന ഇനമാണ് ഇന്‍ഡിക്ക. ഹിന്ദു കുഷ് പര്‍വതനിരകളിലെ പലപ്പോഴും കഠിനവും വരണ്ടതും പ്രക്ഷുബ്ധവുമായ കാലാവസ്ഥയിലുമാണ് ഇന്‍ഡിക്ക സസ്യങ്ങള്‍ വളരുന്നത്. ഇന്‍ഡിക്ക സസ്യങ്ങള്‍ ചെറുതും കരുത്തുറ്റതുമാണ്, കട്ടിയും വീതിയുമുള്ള ഇലകളാണ് ഇവയ്ക്കുള്ളത്. ഇത് സാറ്റൈവയേക്കാള്‍ വേഗത്തില്‍ വളരുന്നു, കൂടാതെ ഓരോ ചെടിയും കൂടുതല്‍ ബഡ്ഡുകള്‍ ഉത്പാദിപ്പിക്കാനുള്ള കഴിവുമുണ്ട്. ശരീരത്തിനും, മനസ്സിനും വിശ്രമം നല്‍കുന്ന അനുഭവമാണ് ഇവയ്ക്ക് നല്‍കാന്‍ കഴിയുകയെന്നാണ് നടന്മാരെ ക്രീസ്റ്റീന വിശ്വസിപ്പിച്ചത്.
സാറ്റിവ, ഇന്‍ഡിക്ക സസ്യങ്ങളുടെ സംയോജനത്തിലാണ് ഹൈബ്രിഡ് കഞ്ചാവുകള്‍ ഉണ്ടാക്കുന്നത്. സാധാരണയായി ഫാമുകളിലോ ഗ്രീന്‍ ഹൗസുകളിലോ ആണ് ഇവ ഉത്പാദിപ്പിക്കാറ്. ഹൈബ്രിഡ് ഇനങ്ങളുടെ രൂപം മാതൃ സസ്യങ്ങളുടെ സംയോജനത്തെ ആശ്രയിച്ചിരിക്കുന്നു. ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കുന്നത് മുതല്‍ കീമോതെറാപ്പിയുടെയോ റേഡിയേഷന്റെയോ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിന് വരെ ഇവയ്ക്ക് സാധിക്കും. എന്നാല്‍ അമിത ഉപയോഗം ജീവനെടുക്കുന്നതിനും കാരണമാകും. ഹൈബ്രിഡ് കഞ്ചാവുകള്‍ക്ക് ഡിമാന്‍ഡ് ഏറി വരികയാണ്. ഇതോടെ സറ്റൈവ, ഇന്‍ഡിക്ക ഇനങ്ങളുടെ സംജോജനത്തില്‍ നിര്‍മിക്കുന്ന ഹൈബ്രിഡ് കഞ്ചാവുകള്‍ വലിയ തോതിലാണ് വിപണിയിലെത്തിക്കുന്നത്. കഞ്ചാവ് നിശ്ചിത അളവില്‍ നിയപരമായ ഉപയോഗിക്കാന്‍ കഴിയുന്ന നിരവധി രാജ്യങ്ങളുണ്ട്. ഉറുഗ്വേ, ജോര്‍ജിയ, കാനഡ, മെക്‌സിക്കോ, മാള്‍ട്ട, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, തായ്ലന്‍ഡ്, പോര്‍ച്ചുഗല്‍, ജമൈക്ക, ചിലി, ഇക്വഡോര്‍, കൊളംബിയ, ദക്ഷിണാഫ്രിക്ക, ചെക്ക് റിപ്പബ്ലിക്, സ്‌പെയിന്‍, അര്‍ജന്റീന, കോസ്റ്റാറിക്ക, ബെലീസ് തുടങ്ങിയവയാണ് കഞ്ചാവ് നിയമപരമായി ഉപയോഗിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍. ഗ്രാമിന് പതിനായിരം രൂപവരെവിലയുള്ള കനാബി സിന്‍സിക്ക, കനാബി സറ്റീവ എന്നീ ഇനം കഞ്ചാവാണ് കഴിഞ്ഞ ദിവസം ക്രിസ്റ്റീനയില്‍ നിന്നും പിടികൂടിയത്.
നടന്‍മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും നല്‍കിയിട്ടുണ്ടെന്ന് തസ്ലീമ എക്‌സൈസിന് മൊഴി നല്‍കി. ഡിജിറ്റല്‍ തെളിവുകളെല്ലാം പരിശോധിച്ച ശേഷമാണ് നടന്‍മാര്‍ക്ക് നോട്ടീസ് നല്‍കുക. ഫോണ്‍ പരിശോധിച്ചപ്പോള്‍ നടന്‍മാരുടെയും നടിമാരുടേയും ഫോണ്‍ നമ്പറുകള്‍ കണ്ടെത്തിയിട്ടുണ്ട്, അതോടൊപ്പം പല വാട്‌സാപ് ചാറ്റുകളും ഇവര്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വരുമ്പോഴാണ് ഇവരെ പിടികൂടിയത്. എന്നാല്‍ ഭര്‍ത്താവിനോ മക്കള്‍ക്കോ ഇവരുടെ കൈവശം കഞ്ചാവ് ഉള്ളതിനെക്കുറിച്ച് അറിവില്ലായിരുന്നു. ഡ്രൈവറായി ഒപ്പംവന്ന ഫിറോസിനും തസ്ലീമയ്ക്കും മാത്രമായിരുന്നു ഇടപാടിനെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ.