ന്യൂഡല്‍ഹി: നാസിക് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ അസാധാരണ വസ്തുക്കള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും. എട്ടാം ക്ലാസുകാരന്റെ ബാഗില്‍ നിന്ന് കണ്ടെത്തിയത് ഗര്‍ഭനിരോധന ഉറകളും സൈക്കിള്‍ ചെയിനും കത്തിയും ചീട്ടുമായിരുന്നു. നാസിക്കിലെ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പലിന്റെ പരിശോധനക്കിടെയാണ് എട്ടാം ക്ലാസുകാരന്റെ ബാഗില്‍ നിന്നും ഇവയെല്ലാം കണ്ടെത്തിയത്.

അപ്രതീക്ഷിതമായാണ് നാസിക് സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ബാഗുകള്‍ പരിശോധിച്ചത്. കുട്ടികളുടെ അസാധാരണമായ ഹെയര്‍ സ്‌റ്റൈല്‍ കണ്ടാണ് അധ്യാപകര്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് കുട്ടികളുടെ ബാഗില്‍ നിന്നും കത്തിയും സൈക്കിള്‍ ചെയിനും ഗര്‍ഭനിരോധന ഉറകള്‍ പോലുള്ളവയും കണ്ടെത്തുകയായിരുന്നു.

സ്‌കുളില്‍ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. രാജി മാജി എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഗോട്ടിയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് പരിശോധന നടന്നത്.


കുട്ടികളില്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഒരു കുട്ടിയുടെ ബാഗില്‍ നിന്ന് മാത്രമല്ല ഇത്തരം വസ്തുക്കള്‍ ലഭിച്ചതെന്ന് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പില്‍ പറഞ്ഞു. പല കുട്ടികളുടേയും ബാഗുകളില്‍ ഇത്തരം വസ്തുക്കള്‍ ഉണ്ടായിരുന്നു. അതേസമയം, കുട്ടികളുടെ ബാഗ് പരിശോധിക്കാനുള്ള സ്‌കൂള്‍ അധികൃതരുടെ നടപടിയെ കുട്ടികളുടെ രക്ഷിതാക്കള്‍ സ്വാഗതം ചെയ്തു.