ചെങ്ങന്നൂര്‍: പരാതി അന്വേഷിക്കാന്‍ വന്ന എ്സ്ഐ വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചുവെന്ന് പരാതി. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് തറയില്‍ ടി.ബി. രാധയ്ക്കാണ് (53) മര്‍ദ്ദനമേറ്റത്. അയല്‍വാസിയായ സ്ത്രീയുടെ കുടുംബ വിഷയവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കുവാന്‍ രാധയെ കൂട്ടിന് കൊണ്ടു പോയിരുന്നു. ഈ പരാതി അന്വേഷിക്കാന്‍ വന്ന പോലീസിന്റെ മുന്നില്‍ വച്ച് എതിര്‍ കക്ഷി രാധയെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ എസ്ഐ കൈയിലിരുന്ന വടി കൊണ്ട് മര്‍ദിച്ചുവെന്നാണ് രാധയുടെ പരാതി. കൈക്കും പുറത്തും മര്‍ദ്ദനമേറ്റു.

പരിശോധനയില്‍ കൈയ്ക്കു മൂന്നു പൊട്ടലുണ്ട്. ചെങ്ങന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ എസ്. പ്രദീപാണ് മര്‍ദ്ദിച്ചതെന്ന് വീട്ടമ്മ പറയുന്നു. സംഭവത്തെപ്പറ്റി രാധ പറയുന്നത് :

തിങ്കളാഴ്ച രാവിലെയാണ് അയല്‍വാസിയായ തറയില്‍ പടിഞ്ഞാറേതില്‍ ലീലാമ്മയ്ക്കൊപ്പം രാധ കൂട്ടിനായി ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കാന്‍ പോയത്. പരാതി നല്‍കിയ ശേഷം ഇരുവരും തിരികെ വീട്ടിലെത്തി. ചൊവ്വാഴ്ച്ച ലീലാമ്മയ്ക്ക് ഒപ്പം താമസിക്കുന്ന തുളസിയുമായി ഇവരുടെ വീട്ടിലെത്തിയ പോലീസ് രാധയെ വിളിപ്പിച്ചു. പോലീസ് സാന്നിധ്യത്തില്‍ തുളസി തന്നെ അധിക്ഷേപിച്ച് വളരെ മോശമായ ഭാഷയില്‍ സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതു താന്‍ ചോദ്യം ചെയ്തപ്പോള്‍ പ്രിന്‍സിപ്പള്‍ എസ്ഐ പ്രദീപ് കൈയ്യിലുണ്ടായിരുന്ന ഭാരമുള്ള സ്റ്റിക് ഉപയോഗിച്ചു തന്റെ പുറത്തും കഴുത്തിനു പിന്‍വശത്തും മര്‍ദ്ദിക്കുകയും, കൈയ്ക്ക് ശക്തമായി അടിക്കുകയുമായിരുന്നെന്ന് രാധ പറയുന്നു. തന്റെ കയ്യിലുണ്ടായിരുന്ന വില പിടിപ്പുള്ള ഫോണും തല്ലിതകര്‍ത്തു.

മര്‍ദ്ദനമേറ്റു താഴെ വീണ രാധ പിന്നീട് കൈയ്ക്കു നീരു വന്നതോടെ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടു പോയി. സാഹചര്യം മനസ്സിലാക്കിയ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ രാധയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലാക്കി. തുടര്‍ന്ന് അവരെ പോലീസ് ജീപ്പില്‍ തന്നെ വീട്ടില്‍ കൊണ്ടു ചെന്നാക്കി. അടുത്ത ദിവസം രാവിലെ ജില്ല ആശുപത്രിയില്‍ എത്തി എക്സറേ എടുത്തു പരിശോധിച്ചപ്പോള്‍ ഇടത് കൈവിരലിനു മൂന്നു പൊട്ടലും ആഴമേറിയ മുറിവുമുണ്ട്. ദേഹത്ത് നീരുവച്ചിട്ടുണ്ട്. രാധയെ ജില്ലാ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഓപ്പറേഷന്‍ ചെയ്യാനാകാത്ത സ്ഥിതിയിലാണ്. പ്രായമായ മാതാവും രാധയും മാത്രമാണ് വീട്ടിലുള്ളത്. തൊഴിലുറപ്പ് ജോലി ചെയ്താണ് രാധ ജീവിക്കുന്നത്.

സംഭവത്തില്‍ പോലീസിലും, വനിത കമ്മീഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്.

പരാതിയില്‍ ചെങ്ങന്നൂര്‍ എസ്എച്ച്ഒ യോട് അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിവൈഎസ്പി എം. ബിനുകുമാര്‍ പറഞ്ഞു.എസ്ഐ അവരെ മര്‍ദ്ദിച്ചിട്ടില്ല. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നും ഡിവൈ.എസ്.പി കൂട്ടിച്ചേര്‍ത്തു.

ചെങ്ങന്നൂര്‍, തിരുവന്‍വണ്ടൂര്‍, എസ് എച്ച് ഒ, രാധ