ഇടുക്കി: കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായത് പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക്. കീരിത്തോട് തെക്കുമറ്റത്തില്‍ പരേതനായ ബെന്നിയുടെ മകള്‍ അനീറ്റ ബെന്നി(14)യാണ് അപകടത്തില്‍ മരിച്ചത്. കഞ്ഞിക്കുഴി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് അനീറ്റ.

ബസിനടിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിയമ്പാറയില്‍ ഭാഗത്താണ് അപകടമുണ്ടായത്. ഊന്നുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം ഉണ്ടായത്. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന് എന്തെങ്കിലും യന്ത്രത്തകരാര്‍ സംഭവിച്ചതാണോ എന്നതിലും വ്യക്തതയില്ല. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി ബസ് പരിശോധിക്കുന്നുണ്ട്.

മണിയമ്പാറയില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഏകദേശം ഇരുപതടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസ് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയശേഷമാണ് പെണ്‍കുട്ടിയെ പുറത്തെടുത്തത്.

ബസിന്റെ ഏറ്റവും മുന്‍പിലെ സീറ്റിലാണ് അനീറ്റ ഇരുന്നിരുന്നത്. ബസ് മറിഞ്ഞതിന് പിന്നാലെ ചില്ല് തകര്‍ന്ന് അനീറ്റ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിനടിയില്‍ കുടുങ്ങിപ്പോയ പെണ്‍കുട്ടിയെ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയശേഷമാണ് പുറത്തെടുത്തത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അമ്മയ്ക്കൊപ്പം ചികിത്സാ ആവശ്യത്തിനായി എറണാകുളത്തേക്ക് പോവുകയായിരുന്നു അനീറ്റ. മകളുടെ മരണവിവരമറിഞ്ഞ് പൊട്ടിക്കരഞ്ഞ അമ്മയെ ആശ്വസിപ്പിക്കാനാതെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും പ്രയാസപ്പെട്ടു. അച്ഛനില്ലാതെ വളര്‍ത്തിയ കുട്ടിയാണെന്ന് പറഞ്ഞ് അമ്മ വാവിട്ടുകരയുന്ന രംഗങ്ങള്‍ കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി.

അപകടത്തില്‍ 18 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെല്ലാം കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പലര്‍ക്കും മുഖത്താണ് പരിക്കേറ്റിട്ടുള്ളത്. അതിനാല്‍തന്നെ ഇവര്‍ക്ക് മറ്റുള്ളവരോട് സംസാരിക്കാനും പരിമിതികളുണ്ട്.