- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അശ്വന്തിനെ മര്‍ദിക്കാനാണ് പ്രതികള്‍ എത്തിയത്; ഇവരെ പിടിച്ചുമാറ്റുന്നതിനിടെയാണ് സൂരജിനെ മര്‍ദിച്ചത്; യുവാവിനെ കൊലപ്പെടുത്തിയത് കോളേജിലെ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍; പത്ത് പേര്‍ കസ്റ്റഡിയില്‍
സൂരജിനെ കൊലപ്പെടുത്തിയത് കോളേജിലെ തര്‍ക്കത്തിന്റെ പേരില്‍
കോഴിക്കോട്: കോഴിക്കോട് ചേവായൂരില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ കോളേജിലെ സീനിയര്‍-ജൂനിയര്‍ തര്‍ക്കമെന്നാണ് ആരോപണം. കൊല്ലപ്പെട്ട സൂരജിന്റെ സുഹൃത്ത് പ്രത്യുഷ് ആണ് ഇക്കാര്യം ആരോപിച്ചത്. സൂരജിന്റെ മറ്റൊരു സുഹൃത്തായ അശ്വന്തുമായി പ്രതികള്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. അശ്വന്തിനെ മര്‍ദിക്കാനാണ് പ്രതികള്‍ എത്തിയത്. ഇവരെ പിടിച്ചുമാറ്റുന്നതിനിടെയാണ് സൂരജിനെ മര്‍ദിച്ചതെന്നും പ്രത്യുഷ് പറഞ്ഞു.
കോഴിക്കോട് അമ്പലക്കണ്ടി സൂരജി(20)നെയാണ് കഴിഞ്ഞദിവസം മായനാടുവെച്ച് സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. കേസില്‍ പ്രദേശവാസികളായ അച്ഛനെയും മക്കളെയും അടക്കം 10 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേവായൂര്‍ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ചെലവൂര്‍ പെരയോട്ടില്‍ അജയ് മനോജ്(20) വിജയ് മനോജ്(19) ഇവരുടെ പിതാവ് മനോജ് കുമാര്‍(49) എന്നിവരാണ് കേസിലെ പ്രധാന പ്രതികളെന്ന് പൊലീസ് പറയുന്നു. ഇവരുടെ വീടും വാഹനങ്ങളും ഒരു സംഘം അടിച്ച് തകര്‍ത്തു.
കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
ചാത്തമംഗലം എസ്എന്‍ഇഎസ് കോളേജിലെ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ നിസ്സാര തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂരജിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. കോളേജിലെ വിദ്യാര്‍ഥികളായ അശ്വന്തും കസ്റ്റഡിയിലുള്ള മനോജ് കുമാറിന്റെ മക്കളും തമ്മിലാണ് നേരത്തേ തര്‍ക്കമുണ്ടായിരുന്നത്. പ്രതിയായ വിജയ് മനോജ് അശ്വന്തിനെ നിരന്തരം ഭീഷണിപ്പെടുത്തുകയുംചെയ്തു.
കഴിഞ്ഞദിവസം ക്ഷേത്രത്തിന് സമീപംവെച്ച് ഇരുവരും തമ്മില്‍ ആദ്യം വാക്കുതര്‍ക്കമുണ്ടായി. ഇത് പരിഹരിച്ചെങ്കിലും പ്രതികള്‍ വീണ്ടും ഭീഷണി മുഴക്കി അശ്വന്തിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് അശ്വന്തിനെ മര്‍ദിക്കുന്നതിനിടെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് സൂരജിനെയും ആക്രമിച്ചത്. വിജയ് മനോജിന്റെ അച്ഛന്‍ മനോജ്കുമാറും സംഘര്‍ഷത്തില്‍ ഇടപെട്ടു. എല്ലാം തല്ലിതീര്‍ക്കണമെന്നാണ് മനോജ് കുമാര്‍ ഭീഷണി മുഴക്കിയത്. ഇവരുടെ തര്‍ക്കത്തില്‍ സൂരജാണ് ഇരയായതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
ഇന്നലെ രാത്രി രണ്ട് മണിക്കാണ് സംഭവം. പാലക്കോട്ടുകാവ് ക്ഷേത്രോത്സവത്തിന് എത്തിയതായിരുന്നു സൂരജ്. അതിനിടെയാണ് ആക്രമണം ഉണ്ടായത്. ആദ്യം നാട്ടുകാര്‍ ഇടപെട്ട് പിരിച്ചു വിട്ടെങ്കിലും പിന്നീട് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. വിജയ് എസ്എന്‍എസ്ഇ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. അതിനിടെ സൂരജിന്റെ മരണ വിവരം അറിഞ്ഞു സംഘടിച്ചെത്തിയവര്‍ മനോജിന്റെ വീടിന് നേരെ ആക്രമണം നടത്തി. വീടിന്റെ വാതില്‍ ചില്ലുകള്‍ തകര്‍ത്തു. വീട്ടു മുറ്റത്ത് ഉണ്ടായിരുന്ന കാറും ബൈക്കും അടിച്ചുതകര്‍ത്തിട്ടുണ്ട്. പുലര്‍ചെയ്യായിരുന്നു ആക്രമണം.