തൃശൂര്‍: താഴൂര്‍ സെന്റ് മേരീസ് പള്ളിയിലെ പാരിഷ് ഹാളില്‍ മനസമ്മതത്തിന്റെ വിരുന്ന് സല്‍ക്കാരം നടക്കുന്നതിനിടെ ഹെലികോപ്ടര്‍ ഫാന്‍ പൊട്ടിവീണ സംഭവത്തിന് പിന്നാലെ ഇത്തരം ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സുരക്ഷിതമാണോ എന്ന ആശങ്കയാണ് ഉയരുന്നത്. ചടങ്ങില്‍ പങ്കെടുത്ത രണ്ട് വയസ്സുകാരിയടക്കം അഞ്ച് പേര്‍ക്ക് ഫാന്‍ പൊട്ടിവീണ് പരിക്കേറ്റിരുന്നു. മനഃസമ്മതം കഴിഞ്ഞ് വിരുന്ന് നടക്കുമ്പോഴായിരുന്നു അപകടം.

അറ്റകുറ്റ പണികള്‍ നടത്താതിരുന്നതിനെ തുടര്‍ന്ന് ക്ലാമ്പുകള്‍ ഇളകിയതാണ് ഫാന്‍ താഴേക്ക് വീഴാന്‍ കാരണമായതെന്നാണ് പറയുന്നത്. വര്‍ഷം തോറും ഇവയുടെ അറ്റകുറ്റ പണികള്‍ നടത്താതിരുന്നാല്‍ അപകടസാധ്യത ഏറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സമാനമായ ഫാന്‍ ഘടിപ്പിച്ച ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ അടക്കം പരിശോധന നടത്തണമെന്നാണ് ആവശ്യം. ക്ഷേത്രങ്ങളുടെയും ക്രൈസ്തവ ദേവാലയങ്ങളുടെയും ഓഡിറ്റോറിയങ്ങളിലടക്കം ഇത്തരം ഫാനുകള്‍ ഘടിപ്പിക്കുന്നത് പതിവായതോടെയാണ് ഇതിന്റെ അപകട സാധ്യതയും ചര്‍ച്ചയാകുന്നത്.

വേണ്ടത്ര സുരക്ഷ മുന്‍കരുതല്‍ ഇല്ലാതെ ഹെലികോപ്ടര്‍ ഫാന്‍ ഘടിപ്പിച്ചാല്‍ ക്ലാമ്പുകള്‍ ഇളകി താഴെവീണ് വലിയ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തൃശൂര്‍ താഴൂര്‍ സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. പള്ളിയിലെ ചടങ്ങിന് ശേഷം പാരീഷ് ഹാളില്‍ ഭക്ഷണം കഴിക്കുന്നതിനിടെ എച്ച് വി എല്‍ ഫാന്‍ പൊട്ടിവീഴുകയായിരുന്നു. ശബ്ദം കേട്ട് ഇവിടെയുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

കുറ്റിച്ചിറ സ്വദേശി തട്ടംപിള്ളി ബേബി (50),ചെമ്പന്‍കുന്ന് തട്ടംപിള്ളി വര്‍ഗീസ് (63), ഞാറേക്കാടന്‍ ഷീജ പോള്‍ (40), തോപ്പില്‍ ആദിത്യന്‍ (19), വലിയവീട്ടില്‍ ഈവ (2) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പരുക്കു പറ്റിയവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. പരുക്കേറ്റവരില്‍ ആദിത്യന്‍, വര്‍ഗീസ് എന്നിവരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചിരുന്നു.

നെറ്റിയില്‍ മുറിവേറ്റ ബേബിയെ വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ആറ് വര്‍ഷം മുന്‍പ് സ്ഥാപിച്ച ഹെലികോപ്റ്റര്‍ ഫാനാണ് നിലം പൊത്തിയത്. പതിനൊന്നരയോടെ സദ്യ തുടങ്ങിയതിനാല്‍ അപകടം നടക്കുമ്പോള്‍ ബന്ധുക്കളായ കുറച്ചുപേര്‍ മാത്രമാണ് ഹാളില്‍ ഉണ്ടായിരുന്നത്. ആള്‍ത്തിരക്ക് ഒഴിഞ്ഞതിനാലാണ് വലിയ അപകടം ഒഴിവായത്.