ചെന്നൈ: ചെന്നൈയില്‍ വ്യാപാരിയെ ഇടപാടിനെന്ന പേരില്‍ ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം കെട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങള്‍ കവര്‍ന്നു. ചെന്നൈ അണ്ണാനഗര്‍ സ്വദേശിയായ ചന്ദ്രശേഖറാണ് (70)കവര്‍ച്ചയ്ക്ക് ഇരയായത്. വടപളനിയിലുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട ശേഷം വജ്രാഭരണങ്ങള്‍ കവര്‍ന്നെടുക്കുക ആയിരുന്നു സംഭവത്തില്‍ മറ്റൊരുവ്യാപാരിയായ ലണ്ടന്‍ രാജനെയും ഇയാളുടെ കൂട്ടാളിയെയും ഇടനിലക്കാരായ രണ്ടുപേരെയും ശിവകാശിയില്‍നിന്ന്പിടികൂടി.

വജ്രം വാങ്ങാനെന്ന വ്യാജേനെയാണ് കവര്‍ച്ച നടത്തിയത്. ചന്ദ്രശേഖറില്‍ നിന്നും വജ്രം വാങ്ങാനെന്ന വ്യാജേന ലണ്ടന്‍ രാജന്‍ ഇയാളെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുക ആയിരുന്നു. മുന്‍ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായ പ്രകാരം ഞായറാഴ്ച ആഭരണങ്ങള്‍ കൈമാറാനും പണം വാങ്ങാനുമായി ചന്ദ്രശേഖര്‍ മകള്‍ ജാനകിക്കൊപ്പം ഹോട്ടലിലെത്തുകയായിരുന്നു. ഇടപാടുകാര്‍ പറഞ്ഞത് പ്രകാരം ചന്ദ്രശേഖര്‍ മാത്രമാണ് ഹോട്ടല്‍ മുറിയിലേക്ക് വജ്രാഭരണവുമായി പോയത്. മുറിയില്‍ കയറിയ ഉടന്‍ നാലു പേര്‍ ചേര്‍ന്നു മര്‍ദിക്കുകയും കെട്ടിയിട്ടതിന് ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയുമായിരുന്നു.

സമയം ഒരുപാടായിട്ടും ചന്ദ്രന്ദശേഖര്‍ തിരികെവരാന്‍ വൈകിയതോടെ അദ്ദേഹത്തെ അന്വേഷിച്ച് മകള്‍ മുറിയിലേക്ക് ചെന്നു. അപ്പോഴാണ് അദ്ദേഹത്തെ മുറിയില്‍കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത വടപളനി പോലീസ് ഹോട്ടലില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തില്‍നിന്ന് പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞു. പിന്നീട് വിവരം എല്ലാപോലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. ശിവകാശിയിലെ ടോള്‍ പ്ലാസയ്ക്ക് സമീപം തൂത്തുക്കുടി പോലീസ് നടത്തിയ വാഹന പരിശോധനയില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു.