ജയ്പൂര്‍: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മുംബൈ ഇന്ത്യന്‍സ് മുന്‍ താരം ശിവാലിക് ശര്‍മ (26)അറസ്റ്റില്‍. ശിവാലികിനെ രാജസ്ഥാന്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ താരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ ബറോഡയില്‍ ഹാര്‍ദിക് പാണ്ഡ്യ ക്രുനാല്‍ പാണ്ഡ്യ സഹോദരന്‍മാരുടെ സഹതാരമാണ് ശിവാലിക് ശര്‍മ.

ശിവാലിക് ശര്‍മയുമായി അടുപ്പത്തിലായിരുന്ന യുവതിയാണ്, താരത്തിനെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് പരാതി നല്‍കിയത്. ജോധ്പുരിലെ കുടി ഭഗത്സാനി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ താരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ശിവാലിക് ശര്‍മയ്ക്കെതിരെ യുവതിയുടെ പരാതി. രണ്ടു വര്‍ഷം മുന്‍പ് വഡോദരയില്‍ വച്ചാണ് പരാതിക്കാരി ശിവാലിക് ശര്‍മയെ പരിചയപ്പെട്ടത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് പറയുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് യുവതിയും ശിവാലിക് ശര്‍മയും വഡോദരയില്‍ വച്ച് കണ്ടുമുട്ടിയത്. ഇതിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വളരുകയായിരുന്നു.പ്രണയത്തിലായതോടെ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചെന്നും തുടര്‍ന്ന് ഇരുകുടുംബങ്ങളും പരസ്പരം കണ്ടുവെന്നും യുവതി പരാതിയില്‍ പറയുന്നു.

2023ല്‍ തന്നെ വിവാഹ നിശ്ചയവും നടത്തി. ഇതിന് പിന്നാലെ പലവട്ടം ശിവാലിക് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും വിവാഹനിശ്ചയം കഴിഞ്ഞതിനാല്‍ ഒപ്പം പോയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് താരം ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ബറോഡയില്‍ നിന്നുള്ള ശിവാലിക് ശര്‍മ ഇടംകൈ ബാറ്ററായ ഓള്‍റൗണ്ടറാണ്. 2018ല്‍ ബറോഡയ്ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ താരം, ഇതുവരെ 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു. 1087 റണ്‍സാണ് സമ്പാദ്യം. ഇതിനു പുറമേ 13 ലിസ്റ്റ് എ മത്സരങ്ങളും 19 ട്വന്റി20 മത്സരങ്ങളും കളിച്ചു. ലിസ്റ്റ് എ ക്രിക്കറ്റില്‍ 322 റണ്‍സും ട്വന്റി20യില്‍ 349 റണ്‍സുമാണ് സമ്പാദ്യം. മൂന്നു വിക്കറ്റുകളും നേടിയിട്ടുണ്ട്.

2023ലെ ഐപിഎല്‍ താരലലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ താരത്തിന്, കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇക്കഴിഞ്ഞ മെഗാ താരലേലത്തിനു മുന്നോടിയായി താരത്തെ റിലീസ് ചെയ്തു.