കോട്ടയം: വിവാഹ മോചന കേസിന്റെ വിധി വരാനിരിക്കെ കറുകച്ചാലില്‍ കാറിടിച്ച് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. കൂത്രപ്പള്ളി സ്വദേശി നീതു ആര്‍ നായര്‍ (35) ആണ് മരിച്ചത്. സംഭവം കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ നീതുവിന്റെ മുന്‍ സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ കുറഞ്ഞ് വര്‍ഷങ്ങളായി നീതു ഭര്‍ത്താവില്‍ നിന്നും മാറി താമസിക്കുകയായിരുന്നു. ചങ്ങനാശേരിയിലെ ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായ നീതു കറുകച്ചാല്‍ വെട്ടിക്കലുങ്കില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ 8.45 നായിരുന്നു കേസിനാസ്പദമായ സംഭവം. കൂത്രപ്പള്ളി സ്വദേശിനിയായ നീതു വിവാഹിതയായിരുന്നു. നീതുവും അന്‍ഷാദും തമ്മിലുള്ള ബന്ധത്തെ തുടര്‍ന്ന് ഇവരുടെ ആദ്യ ഭര്‍ത്താവ് ഡൈവോഴ്സിന് കേസ് നല്‍കിയിരുന്നു. ഈ കേസ് കോടതിയില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ നീതുവുമായുള്ള ബന്ധത്തെ തുടര്‍ന്ന് അന്‍ഷാദിന്റെ ഭാര്യയും ഡൈവോഴ്സ് കേസ് ഫയല്‍ ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് അന്‍ഷാദ് കറുകച്ചാലില്‍ വാടകയ്ക്ക് എടുത്തു നല്‍കിയിരുന്ന വീട്ടിലാണ് നീതു താമസിച്ചിരുന്നത്. ഇതിനിടെ നീതുവും അന്‍ഷാദും തമ്മില്‍ തര്‍ക്കമുണ്ടായി. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് നീതു അന്‍ഷാദില്‍ നിന്നും അകന്നു. ഇതിനിടെ അന്‍ഷാദ് മറ്റൊരു സ്ത്രീയുമായി അടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന്, അന്‍ഷാദ് നീതുവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹ മോചനം കിട്ടിയാല്‍ നീതുവിനെ വിവാഹം കഴിക്കേണ്ടി വരുമോ എന്ന ചിന്തയാണ് കൊലയ്ക്ക് കാരണം.

സംഭവ ദിവസം സുഹൃത്തിനോടൊപ്പമാണ് പ്രതി കാറില്‍ എത്തിയത്. നീതു ജോലിയ്ക്കായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കാറുമായി എത്തി ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വാടകയ്ക്കെടുത്ത കാറുമായി എത്തിയാണ് നീതുവിനെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അന്‍ഷാദ് പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് സംശയിക്കുന്നതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതില്‍ കൂടതല്‍ കാര്യങ്ങള്‍ തെളിയുമെന്നാണ് സൂചന.

നീതു ചൊവ്വാഴ്ച രാവിലെ 9നു ജോലിക്കു പോകുമ്പോള്‍ വെട്ടിക്കാവുങ്കല്‍ - പൂവന്‍പാറപ്പടി റോഡിലാണ് അപകടം. വാഹനമിടിച്ച് അബോധാവസ്ഥയില്‍ കിടന്ന നീതുവിനെ നാട്ടുകാര്‍ കറുകച്ചാലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നിലൂടെ എത്തിയ വാഹനം ഇടിച്ചുവീഴ്ത്തിയെന്നാണു പ്രാഥമിക നിഗമനം. സംഭവസ്ഥലത്തു നിന്ന് ഒരു കാര്‍ മല്ലപ്പള്ളി ഭാഗത്തേക്കു പോകുന്നതു കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ അറിയിച്ചു.

വാഹനം കണ്ടെത്താന്‍ അന്വേഷണം നടത്തി. ഇതിലാണ് കാര്‍ അന്‍ഷാദിന്റേതാണെന്ന് തെളിഞ്ഞത്. അപകടം നടന്ന ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നീതുവിന്റെ മക്കള്‍: ലക്ഷ്മി നന്ദ, ദേവനന്ദ. സംസ്‌കാരം പിന്നീട്.