കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. പീഡനം നടന്നത് വീടിനുള്ളില്‍ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ ലഭിച്ച വിവരങ്ങളാണ് നിര്‍ണ്ണായകമായത്. മറ്റ് തെളിവുകളും ലഭിച്ചു. ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടികരഞ്ഞുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. പോക്‌സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവാണ് കുടുങ്ങിയത്. കുട്ടിയെ കൊലപ്പെടുത്തുന്നതിന് തൊട്ടു മുമ്പുളള ദിവസങ്ങളിലും പീഡനം നടന്നതായി സൂചനയുണ്ട്.

കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെടും മുന്‍പ് കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലിന് പിന്നാലെയായിരുന്നു നടപടി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ഒടുവിലാണ് കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ പുത്തന്‍കുരിശ് പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പോക്‌സോ, ബാലനീതി വകുപ്പുകള്‍ ചുമത്തി പൊലീസ് ഇന്നലെ രാത്രി തന്നെ കേസെടുത്തു. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റം ചുമത്തി അമ്മയ്‌ക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. കുട്ടിയുടെ അച്ഛനും പീഡനം അറിയാമായിരുന്നോ എന്നും പരിശോധിക്കും.

കൊലപാതകക്കേസ് ചെങ്ങമനാട് പോലീസ് ആണ് അന്വേഷിക്കുന്നത്. പീഡനക്കേസ് അന്വേഷിക്കുന്നത് പുത്തന്‍കുരിശ് പോലീസ് ആണ്. എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നില്ല. വ്യത്യസ്തമായ കാരണങ്ങളായിരുന്നു അമ്മ പറഞ്ഞിരുന്നത്. ഇത് പോലീസിന് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവത്തില്‍ നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഭര്‍തൃവീട്ടുകാരോടുള്ള പകയാണെന്നും അവരെ വിഷമിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ ഒരു കൃത്യം നിര്‍വഹിച്ചത് എന്നും അമ്മ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. എന്നാല്‍, സാഹചര്യത്തെളിവൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഇത് പോലീസ് മുഖവിലക്കെടുത്തിരുന്നില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട് എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നായിരുന്നു പോലീസ് പറഞ്ഞത്.

തലക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പാലത്തില്‍ നിന്ന് എറിഞ്ഞപ്പോള്‍ തലക്ക് പരിക്കേറ്റ് കുട്ടി മരിച്ചതാകാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്തരികാവയവങ്ങളില്‍ വെള്ളം കയറിയിരുന്നു. ഹൃദയാഘാതമുണ്ടായി എന്ന വിവരങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയായി എന്ന് വ്യക്തമാകുന്നത്. ഭര്‍തൃവീട്ടുകാര്‍ക്കെല്ലാം കുട്ടിയെ വലിയ കാര്യമായിരുന്നുവെന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്. തിങ്കളാഴ്ച അങ്കണവാടിയില്‍നിന്ന് കുട്ടിയെ അമ്മ വിളിച്ചുകൊണ്ടുപോയി പാലത്തില്‍നിന്ന് പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് കുട്ടിയുടെ അച്ഛന്റെ അടുത്തബന്ധുവിനെ ചോദ്യംചെയ്തതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച കുട്ടിയുടെ അമ്മയെ കൂടുതല്‍ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി കസ്റ്റഡിയില്‍ വാങ്ങിയശേഷമായിരിക്കും കൂടുതല്‍ നടപടി.

കുട്ടിയുടെ അമ്മ ഭര്‍തൃവീട്ടില്‍ മാനസികവും ശാരീരികവുമായ പീഡനം നേരിടേണ്ടി വന്നിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭര്‍തൃവീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വിഷുവിനു മുന്‍പ് ഒന്നര മാസത്തോളം ഇവര്‍ സ്വന്തം വീട്ടില്‍ വന്നുനിന്നിരുന്നു. വിഷുവിനാണ് മടങ്ങിയത്. ഇതിനിടെ ഇവര്‍ക്ക് മാനസികമായി തകരാറുണ്ടോ എന്ന് പരിശോധിപ്പിക്കണമെന്ന് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു. അങ്കമാലിയിലെ ആശുപത്രിയില്‍ പരിശോധനയും നടത്തി. എന്നാല്‍ ഇവര്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് ഡോക്ടര്‍ അറിയിച്ചത്. ഭര്‍തൃവീട്ടില്‍ മടങ്ങിച്ചെന്ന ശേഷവും തന്നെ പീഡിപ്പിക്കുകയാണെന്ന് മൂത്ത സഹോദരിയെ വിളിച്ചു പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസിന്റെ വനിതാ ഹെല്‍പ് ലൈനില്‍ പരാതിയും നല്‍കിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ അച്ഛന്‍, മറ്റ് ബന്ധുക്കള്‍, അങ്കണവാടി ജീവനക്കാര്‍, ഓട്ടോ ഡ്രൈവര്‍, ബസ് കണ്ടക്ടര്‍മാര്‍ തുടങ്ങിയവരുടെ മൊഴികള്‍ ആദ്യം രേഖപ്പെടുത്തും. അമ്മയുടെ ബന്ധുക്കളുടെ മൊഴിയും എടുക്കും. കാക്കനാട് വനിതാ ജയിലിലാണ് അമ്മയുള്ളത്.