കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒന്‍പതുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതിയായ കണ്ണൂര്‍ സ്വദേശിയെ കൊടൈക്കനാലില്‍ നിന്നും പിടികൂടി. കണ്ണൂര്‍ പത്തായക്കുന്ന് കോട്ടയംപൊയില്‍ ജാസ്മിന മന്‍സിലില്‍ പി.എം. മുഹമ്മദ് ഷഹീര്‍ (32) ആണ് അറസ്റ്റിലായത്. കൊടൈക്കനാലില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഷഹീറിനെ കരിപ്പൂര്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പിടികൂടിയത്.

മെയ് 12ന് അബുദാബിയില്‍നിന്നാണ് ഷഹീര്‍ 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ടു വന്നത്്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ ഇടവേലിക്കല്‍ സ്വദേശി റിജില്‍ (35), തലശ്ശേരി സ്വദേശി റോഷന്‍ ആര്‍. ബാബു (33) എന്നിവരെ നേരത്തേ അറസ്റ്റ്ചെയ്തിരുന്നു. മുഹമ്മദ് ഷഹീര്‍ ആണ് അബുദാബിയില്‍ നിന്നും കഞ്ചാവുമായി എത്തിയത്. ഇത് ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു ഇരുവരും. അബുദാബിയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് ട്രോളിബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി ഷഹീര്‍ എത്തിയത്.

സംശയാസ്പദമായ സാഹചര്യത്തില്‍ റിജിലിനെയും റോഷനെയും കണ്ടതോടെ പോലീസ് കാര്യം തിരക്കുകയായിരുന്നു. കറങ്ങാനും ഫോട്ടോയെടുക്കാനും വന്നതെന്നായിരുന്നു മറുപടി. എന്നാല്‍ സംശയം തോന്നിയ പോലിസ് ഇരുവരെയും വിശദമായി ചോദ്യംചെയ്തപ്പോഴാണ് ലഹരിക്കടത്തിന്റെ വിവരമറിയുന്നത്. ബാങ്കോക്കില്‍നിന്ന് അബുദാബി വഴി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരന്റെ ഫോട്ടോയും മറ്റുവിവരങ്ങളും റോഷന്റെ ഫോണിലുണ്ടായിരുന്നു. ഇതു ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ യാത്രക്കാരനായ മുഹമ്മദ് ഷഹീര്‍ വിമാനത്താവളം വിട്ടതായി വ്യക്തമായി.

ഇതോടെ ഇയാള്‍ സഞ്ചരിച്ച വിമാനത്താവള ടാക്സി ഡ്രൈവറെ തിരിച്ചറിഞ്ഞ് പോലീസ് ഫോണില്‍ ബന്ധപ്പെട്ടു. ഡ്രൈവര്‍ വാഹനത്തിന്റെ വേഗം കുറച്ചതോടെ, അപകടം മനസ്സിലാക്കിയ ഷഹീര്‍ സിഗരറ്റ് വലിക്കാനെന്നുപറഞ്ഞ് കാറില്‍നിന്നു പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലിസ് എത്തി ഇയാളുടെ ലഗേജ് തുറന്നുപരിശോധിച്ചപ്പോഴാണ് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.

കൊടൈക്കനാലില്‍ ഒളിവില്‍ കഴിയുന്നതായി മനസ്സിലാക്കിയ പോലീസ് അവിടെയെത്തിയപ്പോഴേക്കും ഷഹീര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ കരിപ്പൂര്‍ പോലീസും ഡാന്‍സാഫ് സംഘവും പിന്തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. മലപ്പുറം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു. ഷഹീര്‍ കഞ്ചാവിന്റെ കാരിയര്‍ മാത്രമാണെന്നും വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് പറഞ്ഞു.