ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന എന്നിവരെയാണ് ഇഡി ചോദ്യം ചെയ്തത്. നിരോധിത ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകളുടെ പ്രൊമോഷന്‍ നടത്തി ജനങ്ങളെ വഞ്ചിച്ചുവെന്നാണ് കേസ്. സിനിമ താരങ്ങളായ സോനു സൂദ്, ഉര്‍വശി റൌട്ടേല എന്നിവരും സംശയ നിഴലില്‍ ആണ്.

നിരോധിത ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകളെ പ്രോത്സാഹിപ്പിച്ചതിനെതിരെയാണ് കേസ്. ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്ത് ജനങ്ങളെ പറ്റിച്ചെന്നും ഐടി ആക്ട്, കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നാണയ വിനിമയ ചട്ടലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.

സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കിലും, ഇന്‍സ്‌റാഗ്രാമിലും നിരന്തരമായി കാണുന്ന ബെറ്റിംഗ് ആപ്പുകളുടെ പേരുകളില്‍ ഒന്നാണ് 1xBet. ഇത്തരം സൈറ്റുകള്‍ നിരോധിത ബെറ്റിംഗ് ആപ്പുകളിലേക്കുള്ള വ്യാജ ലിങ്കുകള്‍ ആണെന്നാണ് നിലവിലെ ഇ ഡിയുടെ കണ്ടെത്തല്‍. ഇതുവഴി രാജ്യത്തിന് ഒരു വര്‍ഷം ഇരുപത്തിയേഴായിരം കോടി രൂപയുടെ നികുതി നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ അവ ബെറ്റിംഗ് ആപ്പുകളിലേക്കും സൈറ്റുകളിലേക്കുമാണ് പോകുന്നത്.

യുവരാജ് സിംഗ് ഉള്‍പ്പെടുന്ന സെലിബ്രിറ്റികളുടെ മുഖം പ്രൊമോഷന്‍ ഉപയോഗിച്ച് 1xBet പോലുള്ള പ്ലാറ്റ്ഫോമുകള്‍ ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ എത്താനാണ് ശ്രമിക്കുന്നത്. ഫെഡറല്‍ ഏജന്‍സി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍, ഇവര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ആക്ട്, ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, കര്‍ശനമായ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, സര്‍ക്കാര്‍ അറിയിപ്പുകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടാകാമെന്ന് സൂചനയുണ്ട്.

അതേസമയം, ചില മാധ്യമ സ്ഥാപനങ്ങളും പരിശോധനയിലാണ്. പരസ്യ കാമ്പെയ്നുകള്‍ നടത്തുന്നതിനായി വിവിധ കമ്പനികള്‍ക്ക് 50 കോടിയിലധികം രൂപ നല്‍കിയതായി ഇഡി വൃത്തങ്ങള്‍ വ്യക്തമാകുന്നു. നിരവധി നിരോധിത ബെറ്റിംഗ് ആപ്പുകളുടെ പരസ്യങ്ങളില്‍ സെലിബ്രിറ്റികളാണ് പ്രധാനമുഖമായി മാറാറുള്ളത്. മെയ് മാസത്തില്‍ റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുള്‍പ്പെടെ 25 പ്രശസ്ത നടന്മാര്‍ക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. വിഷയവുമായി ബന്ധപ്പെട്ട് താരങ്ങള്‍ വിശദീകരണം നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. നിലവില്‍ ഇ ഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ സെലിബ്രിറ്റികള്‍ക്ക് നോട്ടീസ് അയക്കുമെന്നും ഇ ഡി അറിയിക്കുന്നു.