ആലപ്പുഴ: മാരാരിക്കുളം ഓമനപ്പുഴയില്‍ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അച്ഛന് പിന്നാലെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ എയ്ഞ്ചല്‍ ജാസ്മിനെ(28) കൊലപ്പെടുത്തിയ കേസിലാണ് അമ്മ ജെസിയെയും പോലീസ് അറസ്റ്റ് ചെയ്തത്. മകളെ കൊലപ്പെടുത്തിയതിന് അച്ഛന്‍ ജോസ്മോനെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ അമ്മ ജെസിയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇവരെയും പോലീസ് പ്രതിചേര്‍ത്തത്. ജോസ് മോന്‍ തോര്‍ത്ത് ഉപയോഗിച്ച് മകളെ കഴുത്തുഞെരിച്ചപ്പോള്‍ മകളുടെ കൈകള്‍ പിടിച്ചുവെച്ച് സഹായിച്ചത് ജെസിയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൊലപാതകവിവരം മറച്ചുവെച്ചതിന് ഇവരുടെ ഒരു ബന്ധുവിനെ കൂടി കേസില്‍ പ്രതിചേര്‍ത്തേക്കുമെന്നും സൂചനയുണ്ട്.

തോര്‍ത്ത് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് ജോസ്‌മോന്‍ മകളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍വെച്ചായിരുന്നു സംഭവം. കഴുത്തിലെ രണ്ട് രക്തക്കുഴലുകള്‍ പൊട്ടിയാണ് യുവതിയുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൂന്നുവര്‍ഷം മുന്‍പ് വിവാഹിതയായ എയ്ഞ്ചല്‍ ജാസ്മിന്‍, ഭര്‍ത്താവുമായി വഴക്കിട്ട് അഞ്ചുമാസമായി സ്വന്തം വീട്ടിലായിരുന്നു. ഇവിടെ വന്നശേഷം അച്ഛനും അമ്മയുമായും മറ്റു കുടുംബാംഗങ്ങളുമായും വഴിക്കിടുന്നതു പതിവായിരുന്നു. ജോസ്മോന്‍ തടഞ്ഞെങ്കിലും ചൊവ്വാഴ്ച രാത്രി സ്‌കൂട്ടറെടുത്ത് എയ്ഞ്ചല്‍ പുറത്തുപോയി. തിരികെയെത്തിയപ്പോള്‍ എയ്ഞ്ചലും ജോസ്മോനുമായി മല്‍പ്പിടിത്തമുണ്ടായി. ഇതിനിടെ തറയില്‍ വീണ തോര്‍ത്തുപയോഗിച്ച് ജോസ്മോന്‍, എയ്ഞ്ചലിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഈ സമയം ജെസിയും കൂടെയുണ്ടായിരുന്നു.

ബുധനാഴ്ച രാവിലെ മകള്‍ മരിച്ചു കിടക്കുന്നതായി ജോസ്മോനും ഭാര്യയും അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പഞ്ചായത്തംഗം പി.ജെ. ഇമ്മാനുവേല്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തിയാണ് മൃതദേഹം ചെട്ടികാട് ആശുപത്രിയിലേക്കു മാറ്റിയത്. ചെട്ടികാട് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഇന്‍ക്വസ്റ്റ് നടപടി നടത്തിയപ്പോള്‍ എയ്ഞ്ചലിന്റെ കഴുത്തിലെ പാടുകണ്ട് അസ്വാഭാവികത തോന്നി. പോലീസ് ജോസ്മോനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. ഇന്‍സ്‌പെക്ടര്‍ ടോള്‍സന്‍ പി. ജോസഫിന്റെ ചോദ്യം ചെയ്യലിനിടയില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞദിവസം തന്റെ അച്ഛന്‍ സേവ്യറിനെ എയ്ഞ്ചല്‍ മര്‍ദിച്ചതായും ജോസ്മോന്‍ മൊഴില്‍ നല്‍കി. ബുധനാഴ്ച രാത്രി വീട്ടിലെത്തിയ പോലീസ് എല്ലാവരെയും ചോദ്യംചെയ്ത ശേഷം വീടുപൂട്ടി സീല്‍ ചെയ്തു.

കൊലപാതകത്തിന് കാരണം

എയ്ഞ്ചല്‍ ജാസ്മിന്‍ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നല്‍കിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. മകള്‍ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കിനിടെ ഫ്രാന്‍സിസ് മകള്‍ ഏയ്ഞ്ചല്‍ ജാസ്മിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

കഴുത്തു ഞെരിക്കുമ്പോള്‍ എയ്ഞ്ചല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അമ്മ പിടിച്ചുവച്ചു. കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കിയപ്പോള്‍ ജെസിമോള്‍ എയ്ഞ്ചലിന്റെ കൈകള്‍ പിടിച്ചുവച്ചു കൊടുത്തുവെന്നാണു കണ്ടെത്തല്‍. യുവതിയുടെ അമ്മാവന്‍ അലോഷ്യസിനെയും കേസില്‍ പ്രതി ചേര്‍ക്കും. കൊലപാതക വിവരം മറച്ചുവച്ചുവെന്നതാണു കുറ്റം. അലോഷ്യസിനെയും ജെസി മോളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മകള്‍ ജോലി കഴിഞ്ഞു മടങ്ങിയെത്തിയ ശേഷം സ്ഥിരമായി പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണു പിതാവ് ഫ്രാന്‍സിസ് പൊലിസിനോട് പറഞ്ഞത്. ഫ്രാന്‍സിസിനെ (ജോസ് മോന്‍) പൊലീസ് വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിലുടനീളം ശാന്തനായാണു ഫ്രാന്‍സിസിനെ കാണപ്പെട്ടത്. എയ്ഞ്ചല്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമാണു രാത്രി പുറത്തേക്കു പോയിരുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒരു മണിക്കൂറോളം പുറത്തു ചെലവഴിച്ച ശേഷം മടങ്ങിയെത്തുകയാണു പതിവെന്നും ഇവര്‍ പറയുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് എയ്ഞ്ചല്‍ പുറത്തേക്കു പോയിരുന്നത്. ഇതിനു മുന്‍പും ഫ്രാന്‍സിസ് എയ്ഞ്ചലിനെ പലതവണ ഇക്കാര്യത്തില്‍ വിലക്കിയിരുന്നുവെന്നാണു വിവരം.

നാട്ടുകാരില്‍ ചിലര്‍ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടില്‍ ഫ്രാന്‍സിസിനോട് സംസാരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാന്‍സിസ് ശകാരിച്ചു. ഇതു വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ഫ്രാന്‍സിസ് എയ്ഞ്ചലിന്റെ കഴുത്തില്‍ ഞെരിച്ചു. തുടര്‍ന്ന് തോര്‍ത്തിട്ടു മുറുക്കി. ഫ്രാന്‍സിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യയും സംഭവസമയത്തു വീട്ടിലുണ്ടായിരുന്നു.

അതിനിടെ, എയ്ഞ്ചലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോര്‍ത്തു കണ്ടെത്തി. വീടിനോട് ചേര്‍ന്നുള്ള ഷെഡിനു മുകളില്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു തോര്‍ത്ത്. എയ്ഞ്ചല്‍ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളില്‍ത്തന്നെ ഇരുന്നു. പുലര്‍ച്ചെ ആറിന് എയ്ഞ്ചലിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നു പറഞ്ഞു ഇവര്‍ കരഞ്ഞതോടെയാണ് അയല്‍വാസികള്‍ വിവരം അറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളോട് മകള്‍ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്.

രാവിലെ വീട്ടുകാരുടെ കരച്ചിലും ബഹളവും കേട്ടാണ് നാട്ടുകാര്‍ 28 കാരിയായ എയ്ഞ്ചല്‍ ജാസ്മിന്റെ മരണവിവരം അറിയുന്നത്. വീട്ടുകാര്‍ പറഞ്ഞത് പോലെ സ്വാഭാവിക മരണമെന്നാണ് എല്ലാവരും കരുതിയിയിരുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയ പൊലീസിന് സംശയം തോന്നി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാരോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടുകാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അച്ഛന്‍ ജോസ്മോന്‍ കുറ്റം സമ്മതിച്ചു. വഴക്കിനിടെ മകളുടെ കഴുത്തില്‍ തോര്‍ത്ത് കുരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും സമ്മതിച്ചു. ഓട്ടോ ഡ്രൈവറായ ജോസ്മോന്‍ സെക്യൂരിറ്റി തൊഴിലും ചെയ്യാറുണ്ട്. കൊല്ലപ്പെട്ട എയ്ഞ്ചല്‍ ജാസ്മിന്‍ ലാബ് ടെക്‌നീഷ്യന്‍ ആണ്. ഭര്‍ത്താവുമായി പിണങ്ങി കുറച്ചുനാളായി സ്വന്തം വീട്ടിലാണ് എയ്ഞ്ചല്‍ കഴിയുന്നത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്നതിനെ ചൊല്ലി അച്ഛനും മകളും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.