തിരുവനന്തപുരം: നെയ്യാര്‍ഡാമില്‍നിന്ന് കാണാതായ വയോധിക തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ സ്വദേശിയായ ത്രേസ്യയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മുമ്പ് ക്രൂരപീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകള്‍ കണ്ടെത്തി. പീഡന ശ്രമത്തിനിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ തിരുനെല്‍വേലി സ്വദേശി വിപിന്‍ രാജിനെ അറസ്റ്റ് ചെയ്തു.

ത്രേസ്യയെ കാണാതായത് ജൂലൈ ഒന്നിനാണ്. പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സാധാരണയായി പള്ളിയില്‍ സന്ദര്‍ശനം നടത്താറുള്ള ത്രേസ്യയെ അവസാനമായി വര്‍ക്കല ഭാഗത്ത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. പിന്നീട് തിരുനെല്‍വേലിയില്‍ മൃതദേഹം കണ്ടെത്തിയെന്ന് തമിഴ്‌നാട് പൊലീസ് അറിയിക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ സ്വാഭാവിക മരണമാണെന്നായിരുന്നു നിഗമനം. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് വ്യക്തമായി. അന്വേഷണത്തിനിടെ വിപിന്‍ രാജിനെ തമിഴ്‌നാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുനെല്‍വേലിയില്‍വെച്ച് സഹായം വാഗ്ദാനം ചെയ്ത് ഇയാള്‍ ത്രേസ്യക്കൊപ്പം കൂടിയെന്നാണ് പറയുന്നത്. ബസ് സ്റ്റാന്‍ഡില്‍ ഇറക്കാമെന്നു പറഞ്ഞ് ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

മൃതദേഹം തിരുനെല്‍വേലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. നെയ്യാര്‍ഡാം എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ പരിശോധനയില്‍ വയോധികയുടെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതുള്‍പ്പെടെ അന്വേഷിക്കും. നിലവില്‍ തമിഴ്‌നാട് പൊലീസാണ് കേസന്വേഷിക്കുന്നത്