- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രണ്ട് സഹോദരങ്ങളെ ഒരുമിച്ച് വിവാഹം ചെയ്ത് യുവതി; ഹാട്ടി സമൂഹത്തിന്റെ പരമ്പരാഗത ആചാരം; പൂര്‍ണമനസോടെ എടുത്ത തീരുമാനമെന്ന് വധു; ഞങ്ങളുടെ ചരിത്രത്തിലും സംസ്‌കാരത്തിലും അഭിമാനിക്കുന്നുവെന്ന് 'വരന്മാര്'
രണ്ട് സഹോദരങ്ങളെ ഒരുമിച്ച് വിവാഹം ചെയ്ത് യുവതി
സിര്‍മൗര്‍: ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലെ ഷില്ലായ് ഗ്രാമത്തില്‍ നിന്നുള്ള ഒരു വിവാഹ വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു യുവതി രണ്ട് സഹോദരങ്ങളെ ഒരുമിച്ച് വിവാഹം കഴിച്ചു. ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, പ്രദീപ് നേഗിയും കപില്‍ നേഗിയുമാണ് ഒരേ യുവതിയെ ഒരുമിച്ച് വിവാഹം കഴിച്ചത്. സമീപത്തെ കുന്‍ഹട്ട് എന്ന ഗ്രാമത്തില്‍ നിന്നുള്ള സുനിത ചൗഹാനുമായിട്ടായിരുന്നു സഹോദരങ്ങളുടെ വിവാഹം. ഹാട്ടി സമൂഹത്തില്‍ പെടുന്നവരാണ് ഇവര്‍. ഇവരുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ് സഹോദരങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ഒരാളെ തന്നെ വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
കുറച്ചു കാലങ്ങളായി ഈ ആചാരം ആരും അധികം പിന്തുടരുന്നില്ല. അതിനാല്‍ തന്നെ പ്രദീപിന്റെയും കപിലിന്റെയും വിവാഹം വലിയ ശ്രദ്ധയാണ് നേടിയത്. രണ്ട് കുടുംബങ്ങളുടെയും, വരന്‍മാരുടേയും, വധുവിന്റെയും, സമുദായത്തിന്റെയും സമ്മതത്തോടും എല്ലാവരുടെയും പങ്കാളിത്തത്തോടെയും തന്നെയാണ് വിവാഹം നടന്നിരിക്കുന്നത്.
സിര്‍മൗര്‍ ജില്ലയിലെ ട്രാന്‍സ്-ഗിരി പ്രദേശത്തും ഉത്തരാഖണ്ഡിന്റെ മറ്റ് ഭാഗങ്ങളിലും ഈ ആചാരം കാണപ്പെടാറുണ്ട്. ഒന്നിലധികം സഹോദരന്മാര്‍ ഒറ്റ സ്ത്രീയെ തന്നെ വിവാഹം കഴിക്കുന്ന രീതിയാണിത്. കുടുംബത്തിന്റെ ഐക്യം സംരക്ഷിക്കാനും, പൂര്‍വ്വികരുടെ ഭൂമി പലര്‍ക്കിടയിലായി വിഭജിച്ച് പോകുന്നത് തടയാനും, ഒരു സ്ത്രീയും വിധവയായി തുടരുന്നില്ല എന്ന് ഉറപ്പാക്കാനുമായിട്ടാണത്രെ ഈ ആചാരം പിന്തുടര്‍ന്നിരുന്നത്. എന്നാല്‍, കാലം മാറിയതും സംസ്‌കാരത്തില്‍ വന്ന മാറ്റങ്ങളുമെല്ലാം ഇത് പിന്തുടരാതിരിക്കാനുള്ള കാരണമായി തീര്‍ന്നിരുന്നു. എന്നാല്‍ ഹിമാചല്‍ പ്രദേശിലെ ഹാട്ടി സമൂഹത്തിലെ പരമ്പരാഗത ആചാരം പിന്തുടരാന്‍ സഹോദരങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
മൂത്ത സഹോദരനായ പ്രദീപ് ജല്‍ശക്തി വകുപ്പിലാണ് ജോലി ചെയ്യുന്നത്, കപില്‍ വിദേശത്ത് ഹോസ്പിറ്റാലിറ്റി മേഖലയിലും ജോലി ചെയ്യുന്നു. വിവാഹത്തെ കുറിച്ച് പറയുമ്പോള്‍ സഹോദരങ്ങള്‍ പറയുന്നത് ഇത് എല്ലാവരുടെയും സമ്മതത്തോടെ, ഒരുപോലെ എടുത്ത തീരുമാനമാണ് എന്നാണ്. ഞങ്ങള്‍ ഞങ്ങളുടെ ചരിത്രത്തിലും സംസ്‌കാരത്തിലും അഭിമാനിക്കുന്നു എന്ന് പറയുന്നതിന് കൂടി വേണ്ടിയാണ് ഇത് പരസ്യമായി നടത്തിയത് എന്നും അവര്‍ പറഞ്ഞു.
ഈ സംസ്‌കാരത്തെ കുറിച്ച് തനിക്ക് പൂര്‍ണമായും അറിയാം. അറിഞ്ഞുകൊണ്ട് പൂര്‍ണമനസോടെ തന്നെ എടുത്ത തീരുമാനമാണ് ഇത് എന്ന് സുനിതയും പറഞ്ഞതായി മാധ്യമങ്ങള്‍ എഴുതുന്നു. രണ്ട് സഹോദരങ്ങള്‍ക്ക് ഒരു ഭാര്യ എന്ന 'ബഹുഭര്‍തൃത്വം' വരുന്ന ഈ രീതി ഹാട്ടി സമൂഹത്തിനിടയില്‍ സജീവമായിട്ടുണ്ടായിരുന്നു. ജോദിദരണ്‍, ദ്രൗപദി പ്രത എന്നൊക്കെയാണ് ഇവര്‍ക്കിടയില്‍ ഇത് അറിയപ്പെടുന്നത്.