കൊയിലാണ്ടി: പതിനാലു വയസ്സുകാരിയായ ആരാധികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറായ കാസര്‍കോഡ് ആരിക്കാടി സ്വദേശിയായ ഷാലു കിങിനെ പൊലീസ് പിടികൂടിയത് തന്ത്രപരമായി. വിവാഹ വാഗ്ദാനം നല്‍കി വിദേശത്ത് വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂട്യൂബര്‍ മുഹമ്മദ് സാലിയാണ് (35) പോക്‌സോ കേസില്‍ അറസ്റ്റിലായത്. ശാലു കിങ്‌സ് മീഡിയ, ശാലു കിങ്‌സ് വ്‌ലോഗ് എന്നിവയാണ് ഇയാളുടെ യൂട്യൂബ് ചാനലുകള്‍.


പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുത്ത വിവരം പോലീസ് ഷാലു കിങ്ങിനെ അറിയിച്ചെങ്കിലും ലൂക്കോട്ട് നോട്ടീസ് പുറപ്പെടുവിച്ചത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. പ്രതി മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ തന്നെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ ഷാലു ഗിംഗിനെ കൊയിലാണ്ടി പോലീസിന് കൈമാറി.

പ്രതിക്കെതിരെ 15 ദിവസം മുമ്പ് തന്നെ പരാതി രേഖപ്പെടുത്തിയിരുന്നതായി ആണ് വിവരം, പ്രതി വിദേശത്ത് ആയതിനാല്‍ ഉടനടി ലൂക്കോട്ട് നോട്ടീസ് കൊയിലാണ്ടി പോലീസ് പുറപ്പെടുവിച്ചു. എന്നാല്‍ ഇക്കാര്യം മറച്ചുവച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ ഹാസ്യപരമായ വീഡിയോകളിലൂടെയും പരസ്യങ്ങളിലൂടെയും ശ്രദ്ധ നേടിയ വ്യക്തിയാണ് 'ഷാലു കിംഗ്' എന്നറിയപ്പെടുന്ന പ്രതി.

വിദേശത്തുവച്ചാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. വിദേശത്ത് താമസിച്ച് പഠിച്ചിരുന്ന 14 വയസ്സുകാരിയായ പെണ്‍കുട്ടി പ്രതിയുടെ ഇന്‍സ്റ്റാഗ്രാം ആരാധികയായിരുന്നു. ആരാധന വഴിവിട്ട രീതിയിലേക്ക് മാറിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രതിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് പറയപ്പെടുന്നു. എന്നാല്‍ ഇത് അവഗണിച്ച് പ്രതി മുന്നോട്ട് പോയതോടെയാണ് പരാതി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തിയത്.

എന്നാല്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് താനാണ് വിവരം അറിയിച്ചതെന്നും പ്രതി അവകാശപ്പെടുന്നുണ്ട്. പെണ്‍കുട്ടി പിന്മാറാത്തത് കൊണ്ടാണ് ഈ സാഹചര്യം ഉണ്ടായതെന്നും ഇയാള്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലായ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

മുന്‍പും പല വിവാദങ്ങളിലും ഷാലു കിംഗ് കുരുങ്ങിയെങ്കിലും പിടിയിലാകുന്നത് ആദ്യമാണ്. അതേസമയം, സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കേരള ഇന്‍ഫ്‌ലുവന്‍സര്‍ കമ്മ്യൂണിറ്റിയില്‍ നിന്നും ഇയാളെ പുറത്താക്കിയിട്ടുണ്ട്