- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റ് ശാരീരിക ക്ഷമത പരിശോധനയ്ക്കിടെ യുവതി കുഴഞ്ഞുവീണു; ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെ 26 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; യുവതിയുടെ പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
കൂട്ടബലാത്സംഗത്തിന് ഇരയായി; യുവതിയുടെ പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
പട്ന: ബിഹാറില്‍ ഹോംഗാര്‍ഡ് റിക്രൂട്ട്മെന്റിനെത്തിയ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. ബിഹാറിലെ ഗയ ജില്ലയില്‍ വ്യാഴാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം. ഹോംഗാര്‍ഡ് റിക്രൂട്ട്മെന്റിനെത്തിയ 26-കാരിയാണ് അതിക്രമത്തിനിരയായത്. സംഭവത്തില്‍ രണ്ടുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ്ചെയ്തു. ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
ഹോംഗാര്‍ഡ് റിക്രൂട്ട്മെന്റിന്റെ ഭാഗമായുള്ള ശാരീരികക്ഷമതാ പരിശോധനയ്ക്കായാണ് യുവതി ബോധ്ഗയയിലെ ബിഹാര്‍ മിലിട്ടറി പോലീസ് ഗ്രൗണ്ടിലെത്തിയത്. ശാരീരികപരിശോധനയ്ക്കിടെ യുവതി ബോധരഹിതയായി വീണു. ഇതോടെ അധികൃതര്‍ സ്ഥലത്തുണ്ടായിരുന്ന ആംബുലന്‍സില്‍ യുവതിയെ ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍, ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സില്‍വെച്ച് തന്നെ ചിലര്‍ കൂട്ടബലാത്സംഗംചെയ്തെന്നാണ് യുവതിയുടെ പരാതി.
ഈ സമയത്ത് താന്‍ അര്‍ധബോധാവസ്ഥയിലായിരുന്നുവെന്നും മൂന്നോ നാലോ പേര്‍ തന്നെ ആംബുലന്‍സില്‍വെച്ച് ഉപദ്രവിച്ചെന്നും യുവതിയുടെ മൊഴിയിലുണ്ട്. സംഭവത്തില്‍ യുവതി പരാതി നല്‍കിയതോടെ ബോധ്ഗയ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറായ വിനയ്കുമാര്‍, ടെക്നീഷ്യന്‍ അജിത്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്തു വരികയാണെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ആംബുലന്‍സ് സഞ്ചരിച്ച റൂട്ട് ഉള്‍പ്പെടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ശാരീരിക പരിശോധനയ്ക്കിടെ തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും ആംബുലന്‍സില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ഭാഗികമായി മാത്രമേ ഓര്‍മയുള്ളൂവെന്നും ആണ് യുവതി പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ആംബുലന്‍സിനുള്ളില്‍ നാല് പുരുഷന്മാര്‍ തന്നെ ബലാത്സംഗം ചെയ്തതായാണ് യുവതി പൊലീസിനോട് പറഞ്ഞത്. സംഭവത്തിനു പിന്നാലെ ബിഹാറിലെ ക്രമസമാധാന നില താറുമാറായെന്ന് ആരോപിക്കപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.