തിരുവനന്തപുരം: ആറുമാസം മുന്‍പ് ഓണ്‍ലെന്‍ തട്ടിപ്പിന് ഇരയായി മൂന്നുകോടിരൂപ നഷ്ടപ്പെട്ട പ്രവാസിയായ എന്‍ജിനീയറെ വീണ്ടും കബളിപ്പിച്ച് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പുസംഘം 13 കോടിരൂപ തട്ടിയെടുത്തതില്‍ സര്‍വ്വത്ര ദുരൂഹത. ഈ കേസില്‍ ഇനിയും പോലീസിന് തുമ്പുണ്ടാക്കാന്‍ ആയിട്ടില്ല.

വര്‍ഷങ്ങളായി ഷെയര്‍ ട്രേഡിംഗ് നടത്തുന്ന ജവഹര്‍ നഗര്‍ സ്വദേശിയായ 69 കാരനെ അംഗീകൃത ഷെയര്‍ ട്രേഡിംഗ് കമ്പനികളുടെ പേരിലാണ് തട്ടിപ്പുസംഘം കെണിയില്‍ വീഴ്ത്തിയത്്. പരാതിക്കാരന്‍ 38 വര്‍ഷം വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യമാണ് നഷ്ടമായത്. ഫോണ്‍ സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണത്തിനായി ബംഗ്ലാദേശിലേക്കു പോകും. ഗുജറാത്ത്, ബംഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

രണ്ടു പ്ലാറ്റ്ഫോമുകളില്‍ ഇദ്ദേഹം സമാന്തരമായി ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തിയിരുന്നു. കഴിഞ്ഞ മേയില്‍ നടന്ന ആദ്യ തട്ടിപ്പില്‍ പരാതിയുമായി പോലീസിനു മുന്നിലെത്തിയപ്പോള്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ ട്രേഡിംഗ് നടത്തുന്ന വിവരം പോലീസില്‍ നിന്നും മറച്ചുവക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍, ഗുജറാത്ത് സ്വദേശിയായ നേഹ ജയ്സ്വാള്‍ എന്നു പരിചയപ്പെടുത്തിയാണ് ജവഹര്‍ നഗര്‍ സ്വദേശിക്ക് ഫോണ്‍ സന്ദേശമെത്തിയത്. ചെറിയ തുക മുടക്കിയാല്‍ വന്‍ലാഭം നേടാമെന്നായിരുന്നു വാഗ്ദാനം. ഇതിനുവേണ്ടി ജവഹര്‍ നഗര്‍ സ്വദേശിയുടെ വ്യക്തിഗത വിവരങ്ങളും രേഖകളും സംഘം ശേഖരിച്ചു.

ട്രേഡിംഗ് അക്കൗണ്ട് തുടങ്ങാനായി ആദ്യഘട്ടത്തില്‍ 21,000 രൂപയാണ് കൈപ്പറ്റിയത്. പിന്നീട് അക്കൗണ്ട് നമ്പര്‍ നല്‍കുകയും ട്രേഡിംഗില്‍ സഹായിക്കുന്നതിനായി സിസ്റ്റം അനലിസ്റ്റാണെന്ന പേരില്‍ ഒരു വിദേശിയെ ഫോണിലൂടെ പരിചയപ്പെടുത്തുകയും ചെയ്തു. വിശ്വാസ്യത നേടിയെടുത്തശേഷം തുടക്കത്തില്‍ ചെറിയ തുകകള്‍ ട്രേഡിംഗില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചു. നിക്ഷേപം വലുതാകാന്‍ തുടങ്ങിയപ്പോള്‍ ഡെപ്പോസിറ്റ് തുകക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്നായിരുന്നു ഉപദേശം. നിക്ഷേപത്തിന് എന്തെങ്കിലും സംഭവിച്ചാലും ഇന്‍ഷുറന്‍സ് പരിരക്ഷയിലുടെ തുക തിരികെ ലഭിക്കുമെന്നും തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു.

കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ കഴിഞ്ഞമാസം മൂന്നാംതീയതി വരെ 39 ബാങ്ക് അക്കൗണ്ടുകളിലേക്ക് 12.95 കോടിരൂപ കൈപ്പറ്റി തട്ടിപ്പു നടത്തിയെന്നാണ് ജവഹര്‍ നഗര്‍ സ്വദേശി പരാതിപ്പെടുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പോലീസ് കേസെടുത്തു. ടെലിഗ്രാമും വാട്ട്്സാപ്പും വഴിയാണ് ഷെയര്‍ ട്രേഡിംഗ് തട്ടിപ്പുകള്‍ കൂടുതലായും നടക്കുന്നത്. കഴിഞ്ഞവര്‍ഷം മാത്രം ഇതുമായി ബന്ധപ്പെട്ട് 3581 പരാതികള്‍ പോലീസിന് ലഭിച്ചു.