- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മാല പൊട്ടിക്കാന്‍ ഡ്രസ് കോഡുമായി കള്ളന്; ചുവന്ന ഷര്‍ട്ടിട്ട് മോഷ്ടിച്ച സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; മടക്കം നീല ഷര്‍ട്ടണിഞ്ഞ് കാല് നടയായി: പ്രതിയേയും കൂട്ടുപ്രതിയേയും കയ്യോടെ പൊക്കി പോലിസ്
മാല പൊട്ടിക്കാന്‍ ഡ്രസ് കോഡുമായി കള്ളന്; പ്രതിയേയും കൂട്ടുപ്രതിയേയും കയ്യോടെ പൊക്കി പോലിസ്
കോഴിക്കോട്: മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞ പ്രതിയേയും കൂട്ടുപ്രതിയേയും പൊലീസ് അറസ്റ്റ് ചെയ്തു. നല്ലളം നടവട്ടം പറമ്പ് ആയിഷാസില്‍ നിവാസ് അലി (39), കൂട്ടുപ്രതി നല്ലളം കണ്ണാരമ്പത്ത് ബാസിത് (36) എന്നിവരെയാണ് ഫറോക്ക് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തില്‍ പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 18നാണ് കേസിനാസ്പദമായ സംഭവം.
പന്നിയങ്കര തിരുനിലം വയല്‍ സ്വദേശി ശീലാവതിയുടെ ഒരു പവന്‍ സ്വര്‍ണ്ണമാല സ്‌കൂട്ടറില്‍ എത്തിയ നിവാസ് അലി പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മ പുറകെ ഓടിയെങ്കിലും പ്രതി രക്ഷപ്പെട്ടു. പോലിസില്‍ ഇവര്‍ നല്‍കിയ പരാതിയുടെ അന്വേഷണത്തില്‍ ഫറോക്ക് ക്രൈം സ്‌ക്വാഡും പന്നിയങ്കര ഇന്‍സ്‌പെക്ടര്‍ എസ്.സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും വ്യാഴാഴ്ച രാവിലെ തിരുത്തിയാട് മെന്‍സ് ഹോസ്റ്റല്‍ പരിസരത്തു നിന്ന് നിവാസിനെ കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചത് ബാസിത് ആണെന്ന് ഇയാള്‍ മൊഴി നല്‍കി. ബാസിതിനെ വ്യാഴാഴ്ച ഉച്ചയോടെ പിടികൂടുകയും ചെയ്തു.
നിരവധി കേസുകളിലെ പ്രതിയാണ് നിവാസ് അലി. പിടിക്കപ്പെടാതിരിക്കാന്‍ പുതിയ പുതിയ ടെക്ക്‌നിക്കുകളുമായാണ് നിവാസ് മോഷണത്തിന് ഇറങ്ങുന്നത്. നിവാസ് അലി മാലപൊട്ടിക്കാന്‍ ഇറങ്ങുന്നതു കടുത്ത നിറത്തിലുള്ളതും പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതുമായ ഷര്‍ട്ട് ധരിച്ചാണ്. മാലപൊട്ടിച്ചെടുത്താല്‍ അല്‍പ്പ ദൂരം പോയി ഉടനെ ധരിച്ചിരിക്കുന്ന കളര്‍ ഷര്‍ട്ട് മാറ്റി കയ്യില്‍ കരുതിയ മറ്റൊരു നിറമുള്ള ഷര്‍ട്ട് ധരിച്ച് യാത്ര തുടരും. സിസിടിവിയില്‍ കാണുന്ന വസ്ത്രം ധരിച്ച പ്രതിയെ നാട്ടുകാരും പൊലീസും അന്വേഷിച്ച് പരതുമ്പോള്‍ പെട്ടെന്നു സംഭവ സ്ഥലത്തു നിന്ന് കടന്നുകളയാനാണു ഈ നിറംമാറ്റം.
സംഭവ ദിവസം സിസിടിവി പരിശോധിച്ചതില്‍ പ്രതിയുടെ വാഹനം കസബ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചാലപ്പുറത്തുനിന്നു മോഷണം പോയതാണെന്നു വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂട്ടര്‍ മോഷ്ടിച്ചതും മോഷണം നടത്തിയതും നിവാസ് ആണെന്ന് പോലിസ് തിരിച്ചറിയുക ആയിരുന്നു. മുന്‍പ് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശുചിമുറിയില്‍ ക്യാമറ വച്ചതിന് പ്രതിക്കെതിരെ കേസുണ്ട്. കൂടാതെ മൂന്ന് പവന്‍ സ്വര്‍ണ മാല പൊട്ടിച്ച് എടുത്തതിനും സ്ത്രീകളെ ശല്യം ചെയ്തിനും പന്നിയങ്കര, നല്ലളം സ്റ്റേഷനുകളിലും വാഹന മോഷണത്തിന് കസബ പൊലീസ് സ്റ്റേഷനിലും കേസുകളുണ്ട്.
പ്രതി സ്‌കൂട്ടര്‍ മോഷ്ടിക്കുന്നതിന് മുന്‍പ് ചാലപ്പുറം ഭാഗത്ത് വയസ്സായ സ്ത്രീയെ ഉപദ്രവിച്ച് മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. പിന്നീട് സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്ന് കളഞ്ഞു. ശേഷം പന്നിയങ്കരയിലെത്തി തിരുനിലം സ്വദേശിയുടെ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. സംഭവത്തിനു ശേഷം വാഹനം നഗരത്തില്‍ ഉപേക്ഷിക്കുകയും സ്വര്‍ണ്ണം വിറ്റ് കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ താമസിച്ചുവരികയുമായിരുന്നു. വീണ്ടും നഗരത്തില്‍ എത്തി മോഷണത്തിന് ശ്രമിക്കുന്ന സമയത്താണ് പൊലീസിന്റെ പിടിയിലായത്. രണ്ടു പ്രതികളേയും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. സിസിടിവി ദൃശ്യങ്ങള്‍ അരിച്ചു പെറുക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്.
പന്നിയങ്കര സ്റ്റേഷനിലെ എസ്‌ഐ പ്രസന്നകുമാര്‍, എസ്സിപിഒ മാരായ ദിലീപ്, ശരത്ത് രാജന്‍, സിപിഒ പ്രജീഷ്, ഫറോക്ക് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍ കെ.സുജിത്ത്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍ മാത്തറ, സീനിയര്‍ സിപിഒ മാരായ ഐ.ടി. വിനോദ്, അനുജ് വളയനാട്, സിപിഒമാരായ സനീഷ് പന്തിരാങ്കാവ്, സുബീഷ് വേങ്ങേരി, അഖില്‍ ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.