ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ അയല്‍പക്കത്തെ വീട്ടില്‍ കയറിയ 14കാരന്‍ പത്തു വയസ്സുകാരിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് സഹസ്ര എന്ന പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 21 തവണ കുത്തേറ്റിട്ടുണ്ട്ു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കും സഹോദരന്‍ സ്‌കൂളിലും പോയ സമയത്താണ് കൊലനാതകം നടന്നത്.

14 വയസ്സുകാരന്‍, പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കൊല്ലപ്പെട്ട സഹസ്രയുടെ പിതാവ് മെക്കാനിക്കും മാതാവ് ലാബ് ടെക്നീഷ്യനുമാണ്. ഇരുവരും ജോലിക്കും ആറു വയസ്സുള്ള സഹോദരന്‍ സ്‌കൂളിലും പോയ സമയത്തായിരുന്നു കൊലപാതകം. പെണ്‍കുട്ടിയുടെ പിതാവ് ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്ന മകളെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവം നടന്ന് നാലാം ദിവസമാണ് 14 വയസ്സുകാരന്‍ പിടിയിലായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കുന്നതിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് 14 വയസ്സുകാരന്റെ മൊഴി. എന്നാല്‍, ബാറ്റ് മോഷ്ടിക്കാന്‍ എത്തിയ കുട്ടി എന്തിന് കത്തിയുമായി വീട്ടില്‍ കയറി എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.