തിരുവല്ലം: പതിനേഴുകാരിയുമായി സൗഹൃദത്തിലായതിന്റെ പേരില്‍ അമ്പതുകാരനെ വിളിച്ചുവരുത്തി ക്രൂരമായി തല്ലിച്ചതച്ച സംഭത്തില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവായ നേമം കാരയ്ക്കാ മണ്ഡപം അമ്മവീടു ലെയ്ന്‍ അമ്പമേട്ടില്‍ മനോജ് (47), ഇയാളുടെ സുഹ്യത്തുക്കളായ കല്ലീയൂര്‍ കിഴക്കേ പുതുക്കുടിപുത്തന്‍ വീട് ജെ.കെ. ഹൗസില്‍ മനു (35), വെളളായണി ശിവോദയം റോഡ് ചെമ്പകശ്ശേരി അര്‍ജുനന്‍ (29), വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ വലിയവിള പുത്തന്‍ വീട്ടില്‍ അജിത് കുമാര്‍ (22) എന്നിവരെയാണ് തിരുവല്ലം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.

അരുവിക്കര അഴിക്കോട് സ്വദേശിയും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളുമായ റഹീം പനവൂരിനെ (50) ആണ് തിരുവല്ലം ജഡ്ജിക്കുന്നിന് മുകളിലുള്ള ഗ്രൗണ്ടിലിട്ട് പ്രതികള്‍ മര്‍ദിച്ചത്. റഹിമിന്റെ ബാഗിലുണ്ടായിരുന്ന 21,000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയും സംഘം പിടിച്ചെടുത്തിരുന്നു. പെണ്‍കുട്ടിയെ കൊണ്ട് ഫോണില്‍ ഇയാളെ വിളിച്ചു വരുത്തിയ ശേഷം ആക്രമിക്കുക ആയിരുന്നു.

ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിന് മുകളിലുള്ള ഗ്രൗണ്ടിലായിരുന്നു സംഭവം. കമ്പുകള്‍ കൊണ്ടുളള ആക്രമണത്തില്‍ റഹീമിന്റെ വലതും കൈയിലെയും കാലിലെയും എല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. മുഖത്തും ശരീരത്തും ക്രൂരമായി മര്‍ദിച്ചതിന്റെ പാടുകളുണ്ടെന്നും തിരുവല്ലം പോലീസ് പറഞ്ഞു. അക്രമികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളും പരാതിക്കാരന്റെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

ചിത്രം വരയ്ക്കുന്നതില്‍ കഴിവുളള പെണ്‍കുട്ടി വിവിധ എക്‌സിബിഷനുകളില്‍ വെച്ചാണ് റഹീമിനെ പരിചയപ്പെടുന്നതും മൊബൈല്‍ ഫോണ്‍വഴി അദ്ദേഹവുമായി സൗഹൃദത്തിലാകുന്നതും. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ റഹീം അയച്ച സന്ദേശം ബന്ധുവായ നോജ് കണ്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞശേഷം ഫോണില്‍ റഹീമിനെ വിളിച്ച് തിരുവല്ലത്തെ ജഡ്ജി കുന്നിലെത്തിക്കാന്‍ മനോജ് നിര്‍ദേശിച്ചു.

ജഡ്ജി കുന്നിലെത്തിയ റഹീം പെണ്‍കുട്ടിയുമായി സംസാരിച്ച് നില്‍ക്കവെ മനോജും സുഹ്യത്തുക്കളും ബൈക്കുകളില്‍ അവിടെ എത്തി. തുടര്‍ന്ന് റഹീമുമായി സംസാരിച്ച് പെണ്‍കുട്ടിയുമായുളള സൗഹ്യദത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇതിന് വിസമതിച്ചതിനെ തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് റഹിമിനെ മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് പെണ്‍കുട്ടിയേയും ബൈക്കില്‍ കയറ്റി ഇവര്‍ സ്ഥലംവിട്ടു. കുന്നിന്‍മുകളില്‍ പരിക്കേറ്റ് കിടന്ന റഹീമിനെക്കുറിച്ച് നാട്ടുകാരാണ് തിരുവല്ലം പോലീസിന് വിവരം നല്‍കിയത്. റഹീമിനൊപ്പം കണ്ടിരുന്ന പെണ്‍കുട്ടിയെ കാണാതായെന്ന് അഭ്യുഹവും പരന്നു.

തുടര്‍ന്ന് ഫോര്‍ട്ട് അസി. കമ്മീഷണര്‍ എന്‍. ഷിബുവിന്റെ നേത്യത്വത്തില്‍ എസ്എച്ച്ഒ. ജെ. പ്രദീപ്, എസ്ഐമാരായ സി.കെ. നൗഷാദ്, എന്‍.ജെ. പ്രമോദ്, എഎസ്ഐ ബിജു, ചന്ദ്രലേഖ, സീനിയര്‍ സിപിഒ സന്തോഷ്, സിപിഒമാരായ ദിലീപ്, സാജന്‍, ഷിജു എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.