തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം. റീല്‍സ് ചിത്രീകരിക്കാനായി അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തെ തുടര്‍ന്നാണ് പുണ്യാഹം നടത്തുന്നതെന്നും ക്ഷേത്രത്തില്‍ 6 ദിവസത്തെ പൂജകളും ശീവേലിയും ആവര്‍ത്തിക്കുമെന്നും ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു. നാളെ രാവിലെ മുതല്‍ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണവും ഉണ്ടാകും.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ബിഗ് ബോസ് താരവുമായ ജാസ്മിന്‍ ജാഫറാണ് റീല്‍സ് ചിത്രീകരണത്തിനായി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങിയത്. ഹൈക്കോടതിയുടെ നിരോധനം മറികടന്നായിരുന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചത്. ജാസ്മിന്‍ ജാഫര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് റീല്‍സ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തില്‍ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കള്‍ക്ക് കുളത്തിലിറങ്ങാന്‍ അനുമതിയുമില്ല. അനുമതിയില്ലാതെ റീല്‍സ് ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പരാതി നല്‍കിയത്. തുടര്‍ന്ന് യുവതി ക്ഷമാപണം നടത്തുകയും വിഡിയോകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയര്‍ത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവം വിവാദമായയതോടെ ജാസ്മിന്‍ ജാഫര്‍ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ലെന്നും അറിവില്ലായ്മ കൊണ്ട് തന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റിന് മാപ്പ് ചോദിക്കുന്നുമെന്നുമായിരുന്നു ജാസ്മിന്റെ പ്രതികരണം.

ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ജാസമിന്‍ റീല്‍സ് ആയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ ആറാട്ട് പോലെയുള്ള ചടങ്ങുകള്‍ നടക്കുന്ന തീര്‍ഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയില്‍ വിഡിയോ ചിത്രീകരിച്ചുവെന്നായിരുന്നു ദേവസ്വത്തിന്റെ പരാതി.