ഗ്രീൻ ലേക്ക്: ഭാര്യയെയും മൂന്നു മക്കളെയും ഉപേക്ഷിച്ചു വിദേശ വനിതയെ കാണാൻ കായലിൽ ബോട്ട് മറിഞ്ഞ് കാണാതായതായി അഭിനയിച്ച വിസ്കോൺസിൻ സ്വദേശിക്ക് 89 ദിവസത്തെ തടവ്. നിയമനടപടികളെ തെറ്റിദ്ധരിപ്പിച്ച കാലയളവിനു തുല്യമായ ശിക്ഷയാണ് ഇദ്ദേഹത്തിന് വിധിച്ചത്.

റയാൻ ബോർഗ്‌വാർട്ട് (45) എന്നയാളാണ് ഒൻപത് മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്. ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ. കഴിഞ്ഞ ഓഗസ്റ്റ് 12-നാണ് ഇദ്ദേഹം വിസ്കോൺസിനിലെ ഗ്രീൻ ലേക്കിൽ കായൽ യാത്രയ്ക്കിടെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭാര്യയെ അറിയിച്ച ശേഷം ബോട്ടുമായി ഇറങ്ങിയ ബോർഗ്‌വാർട്ട് പിന്നീട് വിദേശത്തുള്ള ഒരു സ്ത്രീയെ കാണാൻ വിദേശത്തേക്ക് കടക്കുകയായിരുന്നു.

തുടക്കത്തിൽ കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് പ്രോസിക്യൂട്ടർമാരുമായുള്ള കരാർ പ്രകാരം ഇദ്ദേഹം കുറ്റം സമ്മതിക്കുകയായിരുന്നു. 30,000 ഡോളർ നഷ്ടപരിഹാരമായി നൽകാനും സമ്മതിച്ചു. ബോർഗ്‌വാർട്ട് നടത്തിയ നാടകീയമായ രക്ഷപ്പെടലിന് പിന്നാലെ വിസ്കോൺസിൻ ഷെരീഫ് വകുപ്പ് നടത്തിയ അന്വേഷണത്തിന് വന്ന ചെലവുകളാണ് നഷ്ടപരിഹാരമായി ഈടാക്കുന്നത്.

ബോർഗ്‌വാർട്ട് 45 ദിവസത്തെ തടവ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും, തെളിവുകൾ പരിശോധിച്ച ഗ്രീൻ ലേക്ക് കൗണ്ടി സർക്യൂട്ട് കോടതി ജഡ്ജി മാർക്ക് സ്ലേറ്റ്, ഇദ്ദേഹം അധികാരികളെ തെറ്റിദ്ധരിപ്പിച്ച 89 ദിവസത്തെ കാലയളവ് കണക്കിലെടുത്ത് ശിക്ഷ ഇരട്ടിയാക്കുകയായിരുന്നു. മറ്റുള്ളവർക്ക് ഇത്തരം പ്രവൃത്തികളിൽ നിന്ന് ഒരു മുന്നറിയിപ്പ് നൽകാനാണ് ഈ കടുത്ത ശിക്ഷയെന്നും ജഡ്ജി കൂട്ടിച്ചേർത്തു.

തൻ്റെ പ്രവൃത്തികൾ കാരണം കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടായ വേദനയിൽ ഖേദിക്കുന്നതായി ബോർഗ്‌വാർട്ട് കോടതിയിൽ പറഞ്ഞു. കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം 58 ദിവസത്തെ തിരച്ചിലിനൊടുവിലും ബോഡി കണ്ടെത്താൻ കഴിയാതെ വന്നതോടെ അന്വേഷണത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയായിരുന്നു. കാണാതായതിന് മൂന്നുമാസം മുൻപ് പുതിയ പാസ്പോർട്ട് നേടിയതുൾപ്പെടെയുള്ള കാര്യങ്ങൾ ഇദ്ദേഹം ഒളിവിൽ പോകാനാണ് ശ്രമിച്ചതെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയിരുന്നു.