- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഉറക്കത്തിനിടെ വായ്ക്കുള്ളിലേക്ക കൈയുറ ധരിച്ച കൈ തിരുകി കയറ്റി ബോധം കെടുത്തി; ഹിന്ദിയില്‍ സംസാരിച്ചു; അടൂരില്‍ തനിച്ച് താമസിക്കുന്ന 69കാരിയ്ക്ക് നഷ്ടമായത് രണ്ടു പവന്റെ വളകള്‍; അന്വേഷണം തുടങ്ങി
അടൂര്‍: തനിച്ചു താമസിക്കുന്ന വീട്ടമ്മയുടെ വായ്ക്കുള്ളില്‍ മോഷ്ടാവ് കൈ തിരുകിക്കയറ്റി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം കൈയിലുണ്ടായിരുന്ന ഒരു പവന്‍ വീതമുള്ള രണ്ടു സ്വര്‍ണവളകള്‍ മോഷ്ടിച്ചു. ഇളംപള്ളില്‍ എരിലേത്ത് ദിവ്യാ ഭവനില്‍ രാധാമണിയമ്മയുടെ (69) വളകളാണ് മോഷ്ടിച്ചത്. തിങ്കളാഴ്ച രാത്രി 12നാണ് സംഭവം.
നല്ല ഉറക്കത്തിലായ സമയത്താണു ആരോ മുഖത്തു പിടിച്ചു കൊണ്ട് വായ്ക്കുള്ളിലേക്ക് കൈ കടത്തുന്നതായി വീട്ടമ്മ തിരിച്ചറിഞ്ഞത്. അലറി വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ മോഷ്ടാവ് ഹിന്ദിയില്‍ എന്തോ പറയുകയും കൈയുറ ഇട്ട കൈ ശക്തിയായി വായ്ക്കുള്ളിലേക്ക് കടത്തി ശ്വാസംമുട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടതായി രാധാമണിയമ്മ പറഞ്ഞു.
ബോധം തെളിഞ്ഞപ്പോള്‍ വലതു കൈയിലുണ്ടായിരുന്ന വളകള്‍ കാണാനില്ലായിരുന്നു. പത്തനാപുരത്തും കുളനടയിലും താമസിക്കുന്ന പെണ്‍മക്കളെ വിവരം ധരിപ്പിച്ചു. മുഖത്തും ചുണ്ടിനും നീരുവച്ചിരുന്നതിനാല്‍ കുളനടയില്‍ നിന്ന് കൊച്ചുമകന്‍ ബിനുകുമാര്‍ എത്തി രാധാമണിയമ്മയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നടത്തിയ ശേഷം രാധാമണി തിരികെ വീട്ടിലെത്തി.
ഡിവൈ.എസ്.പി ജി.സന്തോഷ് കുമാര്‍, എസ്.എച്ച്. ഓ ശ്യാം മുരളി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.