ബെയ്‌ജിങ്‌: വീട്ടമ്മയെ മയക്കി സിറിഞ്ചുപയോഗിച്ച് രക്തം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. സ്വകാര്യ ആവശ്യങ്ങൾക്കും മാനസിക സമ്മർദ്ദം ലഘൂകരിക്കാനും വേണ്ടിയാണ് വീട്ടമ്മയെ മയക്കി സിറിഞ്ചുപയോഗിച്ച് രക്തം മോഷ്ടിച്ചതെന്ന് പ്രതി സമ്മതിച്ചു. തെക്കുകിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ ജനുവരി 1ന് പുലർച്ചെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തെത്തുടർന്ന് വ്യാപകമായ തെരച്ചിലിനൊടുവിൽ ലി എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, യു എന്ന യുവതിയുടെ വീട്ടിലാണ് അതിക്രമിച്ചു കയറിയത്. യുവതിയുടെ ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്താണ് പ്രതി വീട്ടിലേക്ക് കടന്നത്. അപ്പോഴേക്കും യുവതി ഉറക്കത്തിലായിരുന്നു. ഇതിനിടയിൽ യുവതിയുടെ ഭർത്താവ് അപ്രതീക്ഷിതമായി തിരിച്ചെത്തിയപ്പോൾ, ഉറങ്ങിക്കിടന്ന ഭാര്യയുടെ സമീപത്ത് ഒരാൾ നിൽക്കുന്നത് കണ്ടു. ഭർത്താവ് ഉടൻതന്നെ പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ലി ഓടി രക്ഷപ്പെട്ടു. പിന്നാലെ ഭർത്താവും പിന്തുടർന്നെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

ഭർത്താവ് തിരികെയെത്തിയപ്പോൾ, യുവതി ഉണർന്നു. തന്റെ കിടക്കയിൽ അജ്ഞാതമായ ഒരു തുണിക്കഷണവും രക്തമെടുക്കാൻ ഉപയോഗിക്കുന്ന ടൂർണിക്യൂട്ടും കണ്ടെത്തുകയായിരുന്നു. ഇടത് കൈത്തണ്ടയിൽ സൂചി കുത്തിയ വേദനയും രക്തസ്രാവവും യുവതി ശ്രദ്ധിച്ചു. ഉടൻതന്നെ പോലീസിൽ പരാതി നൽകി. പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും, സംഭവം പ്രദേശത്ത് വലിയ ഭീതി പടർത്തി. ഇതിനെത്തുടർന്ന് പ്രദേശത്ത് കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിൽ, യുവതിയുടെ കിടക്കയിൽ നിന്ന് കണ്ടെടുത്ത തുണിയിൽ അനസ്തെറ്റിക്സ് സെവോഫ്ലൂറേൻ, ഐസോഫ്ലൂറേൻ എന്നിവയുടെ അംശങ്ങൾ കണ്ടെത്തി. ഇവ ബോധം കെടുത്താൻ ഉപയോഗിക്കുന്ന മരുന്നുകളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സിറിഞ്ചുപയോഗിച്ച് യുവതിയുടെ രക്തം ശേഖരിച്ചതായും പോലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ലി എന്ന പ്രതി പിടിയിലായത്.

വിചാരണയ്ക്കിടെ, മറ്റുള്ളവരുടെ വീടുകളിൽ ഒളിഞ്ഞുനോക്കുന്നത് തനിക്ക് വലിയ ഇഷ്ടമാണെന്നും അത് തന്നിൽ ലൈംഗികാസക്തി നിറയ്ക്കുമെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി. കൂടാതെ, ഈ പ്രവൃത്തിയിലൂടെ തന്റെ മാനസിക സമ്മർദ്ദം കുറയ്ക്കാനാണ് ശ്രമിച്ചതെന്നും ലി സമ്മതിച്ചു. സംഭവം സംബന്ധിച്ച കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

പ്രതിക്ക് ശിക്ഷ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ സംഭവം ചൈനയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ആളില്ലാത്ത വീടുകളിൽ അതിക്രമിച്ചു കയറി ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.