എഡിൻബർഗ്: ജോലിസ്ഥലത്ത് സഹപ്രവർത്തകയിൽ നിന്ന് നേരിട്ട നിരന്തരമായ കണ്ണുരുട്ടലും താഴ്ത്തിക്കാട്ടലും കാരണം ഒരു യുകെ നഴ്സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ലേബർ ട്രൈബ്യൂണൽ വിധിച്ചു. വാക്കുകൾ കൊണ്ടല്ലാതെ, കണ്ണുരുട്ടൽ പോലുള്ള പ്രവൃത്തികളിലൂടെയുള്ള അവഹേളനങ്ങളും പീഡനമായി കണക്കാക്കപ്പെടും എന്ന സന്ദേശമാണ് ഈ വിധി നൽകുന്നത്. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങൾക്ക് വ്യക്തികൾ മാത്രമല്ല, തൊഴിലുടമകളും ഉത്തരവാദികളായിരിക്കുമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.

64 വയസ്സുള്ള മോറിൻ ഹോവിസൺ എന്ന ഡെന്റൽ നഴ്സിനാണ് നഷ്ടപരിഹാരം ലഭിച്ചിരിക്കുന്നത്. നാല് പതിറ്റാണ്ടിലേറെയായി നഴ്സിംഗ് രംഗത്ത് സേവനമനുഷ്ഠിക്കുന്ന ഹോവിസൺ, എഡിൻബർഗിലെ ഗ്രേറ്റ് ജംഗ്ഷൻ ഡെന്റൽ സെന്ററിലാണ് ജോലി ചെയ്തിരുന്നത്. അവിടെ വെച്ച് സഹപ്രവർത്തകയിൽ നിന്നുണ്ടായ അവഹേളനപരമായ സമീപനമാണ് കേസിന് കാരണമായത്.

സംഭവങ്ങളുടെ തുടക്കം ക്ലിനിക്കിൽ പുതിയ ഡെന്റൽ തെറാപ്പിസ്റ്റ് ആയി ജിസ്ന ഇക്ബാൽ നിയമിതയായതോടെയാണ്. ഇന്ത്യയിൽ നിന്ന് യോഗ്യത നേടിയിരുന്നെങ്കിലും യുകെയിൽ ഡോക്ടറായി പ്രവർത്തിക്കാൻ അനുമതിയില്ലാതിരുന്നതിനാൽ, ജിസ്നയ്ക്ക് തുടക്കത്തിൽ റിസപ്ഷനിസ്റ്റ് ജോലികൾ ചെയ്യേണ്ടി വന്നു. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നിട്ടും, ജിസ്നയും ഹോവിസണും തമ്മിലുള്ള ബന്ധം സൗഹൃദപരമായിരുന്നില്ല.

ജിസ്ന പലപ്പോഴും തന്നെ അവഗണിക്കുകയും സംസാരിക്കുമ്പോൾ കണ്ണുരുട്ടുകയും ചെയ്തിരുന്നു എന്നാണ് ഹോവിസൺ ട്രൈബ്യൂണലിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയത്. ഇത്തരം പെരുമാറ്റം കാരണം തനിക്ക് ജോലിസ്ഥലത്ത് വെച്ച് കരയേണ്ട അവസ്ഥ വരെ വന്നുവെന്ന് അവർ വിശദീകരിച്ചു. സാഹചര്യം വഷളായതോടെ, ഹോവിസൺ ക്ലിനിക്കിന്റെ ഉടമയായ ഡോ. ഫാരി ജോൺസൺ വിത്തയത്തിനെ കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ പ്രശ്നം പരിഹരിക്കപ്പെടാതെ വന്നതോടെയാണ് സംഭവം നിയമനടപടികളിലേക്ക് നീങ്ങിയത്.

എഡിൻബർഗ് ട്രൈബ്യൂണൽ നടത്തിയ വിശദമായ അന്വേഷണത്തിൽ, ഹോവിസൺ നേരിട്ടത് പരുഷവും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ളതും വിലകുറച്ച് കാണിക്കുന്നതുമായ പെരുമാറ്റം ആയിരുന്നുവെന്ന് തെളിഞ്ഞതായി കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏകദേശം 30 ലക്ഷം രൂപയോളം (27,000 പൗണ്ട്) നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ ഉത്തരവിട്ടത്.