ന്യുയോര്‍ക്ക്: അമേരിക്കയില്‍ വെടിയേറ്റ് മരിച്ച ചാര്‍ലി കിര്‍ക്കിന്റെ കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാള്‍ ആക്രമണത്തിന് മുമ്പ് മണിക്കൂറുകള്‍ക്ക് മുമ്പ് ആക്രമണത്തിന്റെ ട്രയല്‍ നടത്തുന്നതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. കഴിഞ്ഞ ബുധനാഴ്ച രാവിലെ 8 മണിയോടെ, കിര്‍ക്കിനെ വെടിവച്ചുകൊല്ലുന്നതിന് നാല് മണിക്കൂര്‍ മുമ്പ് കൊലയാളിയായ റോബിന്‍സണാണെന്ന് കരുതുന്ന ഒരു രൂപം യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലേക്ക് നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്.

22 കാരനായ കൊലയാളി, ഒറെമിലെ ഒരു ജനവാസ മേഖലയിലൂടെ നടന്ന് ക്യാമ്പസ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നതിന് മുമ്പാണ് ഇത് റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്. മെറൂണ്‍ ഷര്‍ട്ടും കറുത്ത ബേസ്ബോള്‍ തൊപ്പിയും ലൈറ്റ് ഷോര്‍ട്ട്സും സ്‌നീക്കേഴ്‌സും ധരിച്ചാണ് പ്രതിയെ കാണപ്പെടുന്നത്. വെടിവയ്പ്പ് നടന്ന ദിവസം രാവിലെ റോബിന്‍സണ്‍ ധരിച്ചിരുന്നതായി പോലീസ് അവകാശപ്പെടുന്ന അതേ വസ്ത്രമാണ് ഇത്. കിര്‍ക്കിന് കഴുത്തില്‍ വെടിയേറ്റതിന് അര മണിക്കൂര്‍ മുമ്പ് അതേ വഴിയിലൂടെ നടക്കുമ്പോഴാണ് ഇത് ചിത്രീകരിക്കപ്പെട്ടത്. ലോകത്തെ ഞെട്ടിച്ച കിര്‍ക്കിനെതിരായ വെടിവയ്പ്പിന് മുമ്പുള്ള ഒരു പരിശീലന ശ്രമം തന്നെയാണ് റോബിന്‍സന്റെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്.

വ്യാഴാഴ്ച രാത്രി വൈകിയാണ് റോബിന്‍സനെ അറസ്റ്റ് ചെയ്തത്. ഗുരുതരമായ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ഇയാള്‍ യൂട്ടാ ജയിലിലാണ്. ഇന്ന് കോടതിയില്‍ ഹാജരാകുന്ന ഇയാള്‍ക്ക് വധശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റങ്ങള്‍ ചുമത്തിയേക്കാനാണ് സാധ്യത എന്നാണ് കരുതപ്പെടുന്നത്. ബുധനാഴ്ച ഒറെം പട്ടണത്തിലെ യൂട്ടാ വാലി യൂണിവേഴ്സിറ്റിയില്‍ വലിയൊരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തായ കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. കഴുത്തിലാണ് കിര്‍ക്കിന് വെടിയേറ്റത്. ആദ്യഘട്ടം അന്വേഷണത്തില്‍ കൊലയാളിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല എന്നാല്‍ എഫ്.ബി.ഐ ഇയാളുടെ സി.സി.ടി.വി ചിത്രങ്ങള്‍ പുറത്തു വിട്ടതിനെ തുടര്‍ന്നാണ് റോബിന്‍സനെ പിടികൂടാന്‍ സാധിച്ചത്.

യൂട്ടാ ഗവര്‍ണര്‍ സ്പെന്‍സര്‍ കോക്സ് തന്നെയാണ് കൊലയാളിയെ പിടികൂടിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്. സെന്റ് ജോര്‍ജിലെ ഒരു റിപ്പബ്ലിക്കന്‍ ആഭിമുഖ്യമുള്ള കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ് ഇയാള്‍. ഇലക്ട്രീഷ്യന്‍ അപ്രന്റീസ്ഷിപ്പിന്റെ മൂന്നാം വര്‍ഷക്കാരനായ യുവാവ് തോക്കുകളുമായി പോസ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ പുറത്തു വിട്ടിരുന്നു. റോബിന്‍സണ്‍ കിര്‍ക്കിനോട് വെറുപ്പ് ഉണ്ടായിരുന്നതായും ഈയിടെയായി വളര്‍ന്നുവന്ന ഒരു ഇടതുപക്ഷ പ്രത്യയശാസ്ത്രത്തില്‍ പങ്കാളിയായതായും ആരോപിക്കപ്പെടുന്നു. കൊലപാതകവുമായി ബന്ധമില്ലാത്ത ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളിയോടൊപ്പമാണ് അയാള്‍ താമസിച്ചിരുന്നത്.

വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇയാള്‍ തീവ്രവാദത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന വ്യക്തിയായി മാറിയതെന്നാണ് കരുതപ്പെടുന്നത്. റോബിന്‍സനെ പിടികൂടുന്നതിന് മുമ്പ് സംഭവവുമായി ബന്ധമില്ലാത്ത രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു. പിന്നീട് ഇവരെ വിട്ടയക്കുകയായിരുന്നു.

റോബിന്‍സനെ അറസ്റ്റ് ചെയ്യാന്‍ അയാളുടെ കുടുംബവും സഹായിച്ചിരുന്നു. തിങ്കളാഴ്ച, വെടിവയ്പ്പ് സ്ഥലത്തിന് സമീപം കണ്ടെത്തിയ ഒരു റൈഫിളില്‍ പൊതിഞ്ഞിരുന്ന ഒരു തൂവാലയിലെ ഡിഎന്‍എ റോബിന്‍സണിന്റേതുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് പട്ടേല്‍ സ്ഥിരീകരിച്ചു. അതേ സമയം റോബിന്‍സന്‍ പോലീസുമായി സഹകരിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുണ്ട്.