അങ്കമാലി: പാറമടയില്‍ പാതി മുറിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപം വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയില്‍ ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിനു രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്.

വെള്ളം നിറഞ്ഞ പാറമടയില്‍ പൊങ്ങിയ മൃതദേഹത്തിന്റെ അരയ്ക്കു മുകളിലേക്കുള്ള ഭാഗം കാണാനില്ല. ട്രാക് സ്യൂട്ട് ധരിച്ച അരയ്ക്കു താഴേക്കുള്ള ഭാഗം കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ്. വൈകിട്ട് നാലു മണിയോടെ ചൂണ്ടയിടാനെത്തിയ രണ്ടു പേരാണ് മൃതദേഹം കണ്ടത്. ഇവര്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

അരഭാഗം മീനുകള്‍ കൊത്തി വേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാകാം മൃതദേഹ ഭാഗം വെള്ളത്തിനു മുകളിലേക്കു പൊങ്ങിവന്നതെന്നാണു നിഗമനം. ഇരുട്ട് വീണതിനാല്‍ മൃതദേഹം ഇന്നലെ കരയ്ക്കു കയറ്റാനായില്ല. ഇന്ന് രാവിലെ മൃതദേഹം പാറമടയില്‍ നിന്നു പുറത്തെടുക്കും. ബാക്കി ശരീരഭാഗത്തിനായി തിരച്ചില്‍ നടത്തുകയും ചെയ്യും.

70 മീറ്ററിലേറെ ആഴമുള്ള പാറമടയാണിത്. പാറമടയുടെ 100 മീറ്റര്‍ അപ്പുറത്തു വരെയെ വാഹനങ്ങള്‍ എത്തുകയുള്ളു. ആള്‍ സഞ്ചാരമില്ലാത്ത സ്ഥലമായതിനാല്‍ കൊല നടത്തി ഇവിടെ കൊണ്ടു വന്ന് ഉപേക്ഷിച്ചതാവാമെന്നാണ് പോലിസ് നിഗമനം. ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് അയ്യമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പരാതികളൊന്നും നിലവിലില്ല.

പാറമടയുടെ സമീപപ്രദേശങ്ങള്‍ കാടുപിടിച്ചുകിടക്കുകയാണ്. ആള്‍ സഞ്ചാരമില്ലാത്ത പ്രദേശവുമാണിത്.എഎസ്പി ഹാര്‍ദിക് മീണ, അയ്യമ്പുഴ ഇന്‍സ്‌പെക്ടര്‍ ടി.കെ.ജോസി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്തീയ കുറ്റാന്വേഷണവിദഗ്ധരും മറ്റും ഇന്നു പരിശോധന നടത്തും.