- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തൊട്ടിലില്‍ നിന്നെടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് വയസുകാരി മരിച്ചെന്ന് കരുതി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു; സിസിടിവി ദൃശ്യങ്ങള്‍ കുരുക്കായി; തെളിവായി പ്രതിയുടെ വസ്ത്രത്തില്‍ കുഞ്ഞിന്റെ തലമുടി; പേട്ടയില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഹസന്‍കുട്ടി കുറ്റക്കാരന്‍; സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ അതിവേഗ വിചാരണ
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ അതിവേഗ വിചാരണ
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ രണ്ടു വയസ്സുകാരി നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പിടിയിലായ ആറ്റിങ്ങല്‍ ഇടവ സ്വദേശിയായ കബീര്‍ എന്ന് വിളിക്കുന്ന ഹസന്‍കുട്ടി കുറ്റക്കാരന്‍. കേസില്‍ വെള്ളിയാഴ്ച ശിക്ഷ വിധിക്കും. തിരുവനന്തപുരം പോക്സോ കോടതിയില്‍ നടന്ന അതിവേഗ വിചാരണയിലാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. 2024 ഫെബ്രുവരി 19 ആയിരുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ ഹസന്‍കുട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ടെന്റില്‍ നിന്നും കടത്തിക്കൊണ്ടു പോയശേഷം ആളൊഴിഞ്ഞ് പൊന്തക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് കുട്ടിയുടെ തലമുടി കണ്ടെത്തിയതും കേസില്‍ നിര്‍ണായക തെളിവായി. കേസില്‍ 41 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്.
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നാടൊന്നാകെ തെരഞ്ഞ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടി മരിച്ചെന്ന് കരുതി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഹസന്‍കുട്ടി വേഷം മാറി നടക്കുന്നതിനിടെ പതിമൂന്ന് ദിവസത്തിന് ശേഷമാണ് പിടിയിലായത്.
2024 ഫെബ്രുവരി പത്തൊന്‍പതിനായിരുന്നു തലസ്ഥാനത്തെ മുള്‍മുനയിലാക്കിയ അതിക്രമം. ചാക്കയ്ക്ക് സമീപം നാടോടികളായ ഹൈദരാബാദുകാരായ ദമ്പതികള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ ഹസന്‍കുട്ടി തട്ടിയെടുത്തു. ബ്രഹ്‌മോസിന് പിന്നിലുള്ള പൊന്തക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മരിച്ചെന്ന ധാരണയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്നുള്ള മാതാപിതാക്കളുടെ പരാതിയില്‍ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
തുടര്‍ന്നുള്ള ഓരോ മണിക്കൂറും ആശങ്ക. കുട്ടിയെ കണ്ടെത്താനുള്ള സകല ശ്രമങ്ങളും വിഫലമാകുന്ന അവസ്ഥ. അടുത്തദിവസം വൈകുന്നേരം ഏഴര മണിയോടെ ബ്രഹ്‌മോസ് മതിലിനോട് ചേര്‍ന്നുള്ള കാടുപിടിച്ച സ്ഥലത്ത് നിന്നാണ് ആശ്വാസ വിവരമെത്തിയത്. അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തി. കുട്ടിയെ ഉടന്‍ തന്നെ എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു.
മുഖം മറച്ച് ഒരാള്‍ നടന്ന് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നിര്‍ണായകമായി. നൂറിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. പതിമൂന്നാം ദിവസം കൊല്ലത്ത് നിന്നും ഹസന്‍കുട്ടി പിടിയിലായി. തട്ടിക്കൊണ്ടുപോയതിന് ശേഷം തിരുവനന്തപുരത്ത് നിന്ന് മുങ്ങിയ ഹസന്‍കുട്ടി പളനിയിലെത്തി തലമൊട്ടയടിച്ച് ആള്‍മാറാട്ടത്തിനും ശ്രമിച്ചു. കുട്ടിയുടെ വൈദ്യപരിശോധനാഫലത്തില്‍ പീഡനം സ്ഥിരീകരിച്ചതും പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായതും വഴിത്തിരിവായി.
കുട്ടിയെ പീഡനത്തിനിരയാക്കിയ സ്ഥലത്തു നിന്നും ശേഖരിച്ച സാമ്പിളുകളും പ്രതിയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച സാമ്പിളുകളും ശാസ്ത്രീയ പരിശോധനയില്‍ ഒന്നാണെന്ന് കണ്ടെത്തി. പേട്ട പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന കെ.ശ്രീജിത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 41 സാക്ഷികളെ വിസ്തരിക്കുകയും 62 രേഖകളും, 11 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ.അജിത് പ്രസാദ്, അഭിഭാഷക വി.എസ്.ബിന്ദു എന്നിവര്‍ ഹാജരായി.