ഭില്‍വാര: രാജസ്ഥാനിലെ ഭില്‍വാരയില്‍ വനപ്രദേശത്ത് നവജാതശിശുവിനെ വായില്‍ കല്ലുകള്‍നിറച്ച് ചുണ്ടുകള്‍ കൂട്ടിയൊട്ടിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയും പിതാവും അറസ്റ്റില്‍. സമുദായ വിലക്ക് ഭയന്നാണ് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനോട് ഇവര്‍ ഈ ക്രൂരത കാട്ടിയതെന്ന് പോലീസ് പറഞ്ഞു. സമുദായ വിലക്ക് ഭയന്ന് രാജസ്ഥാനിലെ ബുണ്ടിയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വാടകയ്ക്ക് മുറിയെടുത്ത് താമസിച്ചാണ് പ്രസവം നടത്തിയത്. കുഞ്ഞിനെ വില്‍ക്കാനുള്ള ശ്രമം ഇവരുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും നടക്കാത്തതിനെ തുടര്‍ന്ന് വനപ്രദേശത്ത് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അവിവാഹിതയായ യുവതിക്ക് കുട്ടി ജനിച്ചതില്‍ അപമാനം ഭയന്നായിരുന്നു ജനിച്ച് 20 ദിവസം മാത്രമായ കുഞ്ഞിനെ അമ്മയും മുത്തച്ഛനും ചേര്‍ന്ന് ഉപേക്ഷിച്ചത്. ചൊവ്വാഴ്ചയാണ് വനമേഖലയില്‍ ആടുകളെ തീറ്റാനെത്തിയ യുവാവ് നവജാത ശിശുവിനെ കണ്ടെത്തിയത്. ചുണ്ടുകളും തുടയും പശ വച്ച് ഒട്ടിച്ച നിലയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. സംഭവത്തില്‍ കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. 22കാരിയായ യുവതിയേയും അച്ഛനേയും ചിറ്റോര്‍ഗഡ് ജില്ലയിലെ മണ്ഡല്‍ഗാവ് എന്ന സ്ഥലത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭില്‍വാര ജില്ലയിലെ ബിജോലിയയില്‍ നിന്നാണ് കുഞ്ഞിനെ കാട്ടില്‍ നിന്ന് കണ്ടെത്തിയത്. ഭില്‍വാരയിലെ മഹാത്മാ ഗാന്ധി ആശുപത്രിയില്‍ എന്‍ഐസിയുവിലാണ് നവജാതശിശു നിലവിലുള്ളത്.

അമ്മയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഒരു യുവാവുമായുള്ള ബന്ധത്തിലാണ് കുഞ്ഞുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. യുവതിയുടേത് തന്നെയാണ് കുട്ടിയെന്നുറപ്പാക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. പ്രദേശത്ത് കാലിമേയ്ക്കാന്‍ വന്നയാളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. ഉടന്‍തന്നെ ഇയാളെ പോലീസിനെയും ഗ്രാമവാസികളെയും വിവരമറിയിച്ചു. പോലീസ് രക്ഷപ്പെടുത്തിയ കുഞ്ഞിനെ ഉടന്‍തന്നെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ കുഞ്ഞിന് ഓക്സിജന്‍ സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

ചൊവ്വാഴ്ച വൈകുന്നേരമാണ് ആടുകളെ തീറ്റാന്‍ പോയ യുവാവ് കുഞ്ഞിനെ കണ്ടെത്തിയത്. സമീപ മേഖലയിലെ സിസിടിവികളില്‍ നിന്നും പരിസരങ്ങളില്‍ അടുത്ത കാലത്ത് നടന്ന പ്രസവങ്ങളും പൊലീസ് ഇത് സംബന്ധിയായി അന്വേഷിച്ചിരുന്നു. സീതാ കുണ്ഡ് ക്ഷേത്രത്തിലേക്ക് പോവുന്ന റോഡിന് സമീപത്തെ കാട്ടിലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഫെവി ക്വിക്ക് വച്ചായിരുന്നു കല്ലുകള്‍ വായില്‍ വച്ച ശേഷം ചുണ്ടുകള്‍ ഒട്ടിച്ചത്.

ഉത്തര്‍ പ്രദേശിലും സമാന സംഭവം

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമാന സംഭവം ഉത്തര്‍പ്രദേശിലും നടന്നിരുന്നു. ഷാജഹാന്‍പൂരിലെ ഗൊഹാവറില്‍ ഒരടിയോളം ആഴമുള്ള കുഴിയില്‍ തുണിയില്‍ പൊതിഞ്ഞാണ് പെണ്‍കുഞ്ഞിനെ അജ്ഞാതര്‍ ഉപേക്ഷിച്ചത്. രാവിലെ നദിക്കരയില്‍ നടക്കാനിറങ്ങിയ യുവാവാണ് പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത്. ജീവനോട് കുഴിച്ച് മൂടിയ നവജാത ശിശുവിന് എന്തോ ജീവികള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകളില്‍ പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്.