പാലക്കാട്: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി അമ്മ ശ്രീതുവിനെ സാമ്പത്തിക ക്രമക്കേട് കേസില്‍ ജയിലിന് പുറത്തിറക്കാന്‍ സഹായിച്ചത് സെക്‌സ് റാക്കറ്റും സംഘമാണെന്ന് പോലീസ് കണ്ടെത്തി.

റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യത്തിലിറക്കാന്‍ ബന്ധുക്കളോ അടുപ്പമുള്ളവരോ എത്താത്തതിനെ തുടര്‍ന്ന് ഏഴ് മാസത്തിലധികം ശ്രീതു ജയിലില്‍ കഴിഞ്ഞിരുന്നു. അതിനുശേഷമാണ് ലഹരിമരുന്ന് കടത്തും കച്ചവടവും മോഷണവും സെക്‌സ് റാക്കറ്റും നടത്തുന്ന സംഘമാണ് ശ്രീതുവിനെ പുറത്തിറക്കാനായെത്തിയത്.

വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണക്കേസില്‍ അടുത്തിടെ അറസ്റ്റിലായ ഇളയരാജ എന്നറിയപ്പെടുന്ന തമിഴ്നാട് സ്വദേശിയും ഇയാളുടെ ഭാര്യയും ചേര്‍ന്നാണ് ശ്രീതുവിനെ ജാമ്യത്തിലിറക്കിയത്. തുടര്‍ന്ന് തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ എത്തിച്ചു. ഏഴ് മാസത്തിലധികം ജയിലില്‍ കഴിഞ്ഞ ശ്രീതുവിനെ പുറത്തിറക്കിയത് ലഹരിമരുന്ന് കടത്തും കച്ചവടവും മോഷണവും സെക്‌സ് റാക്കറ്റും നടത്തുന്ന സംഘമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറയുന്നു.

തമിഴ്‌നാട്ടില്‍ നിന്ന് ആഡംബര കാറുകളില്‍ കേരളത്തിലെത്തുന്ന ഇവര്‍ മോഷണവും ലഹരിക്കച്ചവടവും നടത്തും. തുടര്‍ന്ന് വാഹനങ്ങള്‍ മാറിക്കയറി തമിഴ്‌നാട്ടിലെത്തും. കഴക്കൂട്ടം, തുമ്പ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ശ്രീതുവിനെ ഉപയോഗിച്ച് തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിലരുമായി ബന്ധപ്പെട്ടതിന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബാലരാമപുരം പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ ഇവരെ ആരോ തട്ടിക്കൊണ്ടുപോയെന്ന് പ്രചരിപ്പിച്ചതായി പൊലീസ് പറയുന്നു. ഇതുസംബന്ധിച്ച് പാലക്കാട് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ജനുവരി 30ന് പുലര്‍ച്ചെയാണ് കുട്ടിയെ ഇവര്‍ താമസിക്കുന്ന വാടക വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരികുമാറും ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഹരികുമാറിന് കുട്ടിയെ ഇഷ്ടമല്ലായിരുന്നു. ഇതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചത്. കൊലപാതകത്തില്‍ ശ്രീതുവിനു പങ്കുണ്ടെന്ന് അറസ്റ്റിലായ ദിവസം തന്നെ ഹരികുമാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഹരികുമാറിന്റെ നുണപരിശോധന നടത്തി. നുണപരിശോധനയ്ക്ക് ശ്രീതു വിസമ്മതിച്ചു. നുണപരിശോധന അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനെ അറസ്റ്റു ചെയ്തത്.