കാസര്‍കോട്: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ആണ്‍സുഹൃത്ത് അഭിഭാഷകനായ അനില്‍ ആണ് പിടിയിലായത്. കാസര്‍കോട് ബാറിലെ അഭിഭാഷകയായ രഞ്ജിതകുമാരി (30)യെ കഴിഞ്ഞ ചൊവ്വാഴ്ച ( സെപ്റ്റംബര്‍ 30 ) രാത്രി ഏഴോടെയാണ് കുമ്പളയിലെ ഓഫിസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

വീട്ടുകാര്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അഭിഭാഷകയുടെ ആത്മഹത്യാക്കുറിപ്പും ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് സൂചന. രഞ്ജിതയുടെ മരണത്തിനു പിന്നാലെ ആണ്‍സുഹൃത്ത് തിരുവനന്തപുരത്തേക്ക് കടക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ ഏഴു വര്‍ഷത്തോളമായി ബന്ധമുണ്ടെന്നാണ് വിവരം. എന്നാല്‍ യുവതി ജീവനൊടുക്കാന്‍ കാരണം എന്താണെന്നതില്‍ വ്യക്തതയില്ല. ഡിവൈഎഫ്ഐ കുമ്പള മേഖല പ്രസിഡന്റു കൂടിയാണ് മരിച്ച രഞ്ജിതകുമാരി.

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഓഫിസിനകത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഈ കുറിപ്പില്‍ സഹപ്രവര്‍ത്തകനായ അഭിഭാഷകനെതിരെ സൂചനകളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. മരണത്തിനു തൊട്ടുമുമ്പ് രഞ്ജിത ഈ സഹപ്രവര്‍ത്തകനായ അഭിഭാഷകനുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നതായി രഞ്ജിതയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് കണ്ടെത്തി. വീഡിയോ കോളിനുശേഷം അതേ അഭിഭാഷകന്‍ രഞ്ജിതയുടെ ഭര്‍ത്താവിനെ വിളിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി.

എന്നാല്‍, രഞ്ജിതയുടെ മൃതദേഹം കാണാനോ, സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനോ സഹപ്രവര്‍ത്തകനായ അഭിഭാഷകന്‍ എത്തിയില്ല. മരണശേഷം ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. നേരത്തേ കുമ്പളയിലെ ഒരു കണ്ണട ഷോപ്പില്‍ മാനേജരായും ഇദ്ദേഹം ജോലി ചെയ്തിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇരുവരും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുമ്പളയിലെ ഒരേ ഓഫീസിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇരുവരും വിവാഹിതരും രഞ്ജിതയ്ക്ക് ഒരു മകനുമുണ്ട്. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സിപിഎം കുമ്പള ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.