തിരുവനന്തപുരം: പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്യാന്‍ കാരണം സാമ്പത്തിക പ്രതിസന്ധി. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെ കൊലപ്പെടുത്തിയ ശേഷമാണ് ആശുപത്രിയുടെ മുകള്‍നിലയില്‍നിന്നു ചാടി ഭര്‍ത്താവ് ഭാസുരന്‍ ആത്മഹത്യ ചെയ്തത്. രണ്ടു പേരും മരിച്ചു. ആശുപത്രി ബില്‍ അടക്കം ഒടുക്കാന്‍ പണമില്ലാത്ത അവസ്ഥയിലായിരുന്നു ഭാസുരന്‍(ഭാസുരാംഗന്‍). ഒക്ടോബര്‍ 1നാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ജയന്തിയുടെ കൂട്ടിരിപ്പുകാരനായാണ് ഭാസുരന്‍ എത്തിയത്.

കരകുളം സ്വദേശിനി ജയന്തി (62) യാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ മരിച്ച ഭര്‍ത്താവ് ഭാസുരാംഗന്‍ (73) തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വൃക്കരോഗിയായ ജയന്തി ഇക്കഴിഞ്ഞ ഒന്നാം തീയതി മുതല്‍ പട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭര്‍ത്താവ് ഭാസുരാംഗന്‍ അഞ്ചാംനിലയില്‍നിന്നും താഴേക്ക് ചാടുകയായിരുന്നു. ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജ് പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പുലര്‍ച്ചെ നാലു മണിയോടെ റൗണ്ട്സിന് എത്തിയ നഴ്സുമാരാണ് ഭാസുരന്‍ സ്റ്റെയര്‍കെയ്സില്‍നിന്നു ചാടുന്നത് കണ്ടത്. ഉടന്‍ തന്നെ ഇവര്‍ വിവരം അറിയിക്കാന്‍ ജയന്തി കിടന്നിരുന്നു മുറിയിലെത്തി. അപ്പോഴാണ് ജയന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്യൂബ് കഴുത്തില്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ഇവര്‍ക്കു രണ്ടു മക്കളാണുള്ളത്. മൂത്ത മകന്‍ വിദേശത്താണ്. കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് മകള്‍ പൊലീസിനു മൊഴി നല്‍കി. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യ ജയന്തിയെ, ഭാസുരന്‍ ഇലക്ട്രിക് ബെഡ് ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഭാസുരന്‍ ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയും ചെയ്തു.

ദമ്പതികളുടെ മകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിനും തുടര്‍ന്ന് ആത്മഹത്യയ്ക്കും കാരണമായതെന്നാണ് പോലീസ് നിഗമനം. കിഡ്‌നി സംബന്ധമായ രോഗത്തിന് ഒരു വര്‍ഷമായി ജയന്തി ചികിത്സയിലായിരുന്നു. ഇതിനായി ലക്ഷക്കണക്കിന് രൂപ ചെലവായതിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ ദാരുണ കൃത്യത്തിലേക്ക് ഭാസുരനെ നയിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഭാസുരന്‍ എസ് യു ടി ആശുപത്രിയില്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തെതുടര്‍ന്ന് ആശുപത്രിയില്‍ പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.