കണ്ണൂര്‍: നടുവില്‍ സ്വദേശിയായ പ്രജുലിന്റെ മരണത്തില്‍ ചുരുളഴിഞ്ഞു.. നടുവില്‍ പടിഞ്ഞാറെ കവലയിലെ വി.വി.പ്രജുലിന്റെ (30) മരണമാണ് പൊലീസ് അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞത്. പ്രജുലിന്റേത് മുങ്ങി മരണമല്ല, സുഹൃത്തുക്കള്‍ കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഉറ്റ സുഹൃത്തുക്കളായ നടുവില്‍ പോത്തുകുണ്ട് വയലിനകത്ത് മിഥിലാജ് (26), കിഴക്കേ കവലയിലെ ഷാഹിര്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രജുലിനെ സുഹൃത്തുക്കള്‍ കുളത്തിലേക്ക് തള്ളിയിട്ടാണ് കൊലപ്പെടുത്തിയത്.

കഴിഞ്ഞ സെപ്തംബര്‍ 25നായിരുന്നു മുപ്പതുകാരനായ പ്രജുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തില്‍ മൃതദേഹം കണ്ടെത്തിയപ്പോള്‍ ആത്മഹത്യയെന്നായിരുന്നു പൊലീസും നാട്ടുകാരും കരുതിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മുങ്ങിമരണമെന്ന് വിധിയെഴുതി. അപ്പോഴും, നന്നായി നീന്താനറിയാവുന്ന പ്രജുല്‍ എങ്ങനെ മുങ്ങി മരിച്ചു എന്ന സംശയം ബാക്കിയായിരുന്നു. തുടര്‍ന്നാണ് പ്രജുലിന്റെ ഉറ്റ സുഹൃത്തുക്കളായ മിഥിലാജിലേക്കും ഷാക്കിറിലേക്കും അന്വേഷണമെത്തിയത്.

മുങ്ങി മരണമാണെന്ന് ആദ്യം കരുതിയെങ്കിലും നന്നായി നീന്തലറിയാവുന്ന പ്രജുല്‍ മുങ്ങിമരിക്കാനിടയില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. കഴിഞ്ഞ മാസം 24 മുതലാണ് പ്രജുലിനെ കാണാതായത്. പിറ്റേന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് എരോടിയിലെ സ്വകാര്യവ്യക്തിയുടെ കുളത്തിന്റെ കരയില്‍ പ്രജുലിന്റെ വസ്ത്രങ്ങള്‍ കണ്ടത്. കുറച്ച് അപ്പുറത്ത് നിന്നായി മൊബൈല്‍ ഫോണും ലഭിച്ചു.

ഇതോടെയാണ് കുളത്തില്‍ തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. വസ്ത്രങ്ങള്‍ കരയിലായിരുന്നതിനാല്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോയതാകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ നന്നായി നീന്തലറിയാവുന്ന പ്രജുല്‍ വലിയ ആഴമില്ലാത്ത കുളത്തില്‍ മുങ്ങിപ്പോകാന്‍ സാധ്യതയില്ലെന്നു നാട്ടുകാരും ബന്ധുക്കളും സംശയിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മര്‍ദനമേറ്റ പാടുകളും കണ്ടതോടെയാണ് സംശയം ബലപ്പെട്ടത്.

പ്രജുലിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍, പ്രജുലും പിടിയിലായ പ്രതികളും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി കണ്ടെത്തി. മിഥിലാജിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോളാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മൂവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ പണമിടപാടുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. ഇത് കയ്യാങ്കളിയിലെത്തുകയും പ്രജുല്‍ ബോധരഹിതനായി വീഴുകയുമായിരുന്നു. മരിച്ചെന്നു കരുതി പ്രജുലിനെ കുളത്തില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു എന്നാണ് മിഥിലാജ് പൊലീസിനോട് പറഞ്ഞത്. മദ്യലഹരിയിലായതിനാല്‍ പ്രജുലിന് നീന്താന്‍ കഴിഞ്ഞില്ല, ഇതാണ് മുങ്ങി മരിയ്ക്കാന്‍ കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

പ്രജുലിന്റെ സംസ്‌കാരത്തിനുള്‍പ്പെടെ പ്രതികള്‍ സജീവമായി പങ്കെടുത്തിരുന്നു. പിന്നാലെ ഇരുവരും നാട്ടില്‍ നിന്ന് കാണാതായത് സംശയം ജനിപ്പിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ചുരുളഴിഞ്ഞത്. ഒന്നാം പ്രതി മിഥിലാജിനെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഷാക്കിറിനെ രാവിലെ ചെമ്പേരിയില്‍ നിന്നാണ് പിടികൂടിയത്.

അടിപിടി, വധശ്രമം, ലഹരി മരുന്ന് കടത്ത് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഷാഹിര്‍ എന്ന് പൊലീസ് പറഞ്ഞു. നടുവില്‍ കേന്ദ്രീകരിച്ച് ലഹരി സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. മരിച്ച പ്രജുലും പിടിയിലായ പ്രതികളും ലഹരി സംഘത്തില്‍പ്പെട്ടവരാണെന്നും നാട്ടുകാര്‍ പറയുന്നു.