കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തായ 23കാരന്‍ അറസ്റ്റില്‍. വിരുദാചലം സ്വദേശി എസ്. വിജയ്(29) ആണ് കൊല്ലപ്പെട്ടത്. പ്രതി നീലിക്കോണപാളയം സ്വദേശി വി. വിഘ്നേഷിനെയാണ് റേസ് കോഴ്സ് പോലീസ് അറസ്റ്റ്ചെയ്തത്. കൊല്ലപ്പെട്ട വിജയ്യും പ്രതി വിഘ്നേഷും ഇരുവരുടെയും ഭാര്യമാരുടെ പ്രസവത്തിനായി എത്തിയപ്പോള്‍ ആശുപത്രിയില്‍വെച്ച് പരിചയപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയില്‍ മര്‍ദ്ദിച്ചതിന്റെ പകയിലാണ് വിജയ്യെ കൊലപ്പെടുത്തിയതെന്നാണ് വിഘ്‌നേഷ് മൊഴി നല്‍കിയത്.

തിരുപ്പൂരിലെ തുണിമില്ലില്‍ ജോലിചെയ്യുന്ന വിജയ് രണ്ടാംഭാര്യയായ സഞ്ജനയുടെ പ്രസവത്തിനായാണ് ഇവര്‍ക്കൊപ്പം പത്തുദിവസം മുന്‍പ് ആശുപത്രിയിലെത്തിയത്. കശാപ്പുശാലയില്‍ ജോലിചെയ്യുന്ന പ്രതി വിഘ്നേഷിന്റെ ഭാര്യയും ഇവിടെ ചികിത്സയിലുണ്ടായിരുന്നു. രണ്ടുപേരുടെയും ഭാര്യമാര്‍ ഒരേ വാര്‍ഡിലാണ് കഴിഞ്ഞിരുന്നത്. ഇവിടെവെച്ച് വിജയ്യും വിഘ്നേഷും സൗഹൃദത്തിലായി. സമീപത്തെ ബാറിലെത്തി ഇരുവരും മദ്യപിക്കുന്നതും പതിവായിരുന്നു.

മദ്യപിച്ചുകഴിഞ്ഞാല്‍ വിജയ് വിഘ്നേഷുമായി വഴക്കിടുന്നതും സ്ഥിരമായി. വിഘ്നേഷിനെ കൊല്ലുമെന്നും ഒരിക്കല്‍ ഭീഷണിപ്പെടുത്തി. തന്റെ മുന്നിലായി നടന്നാല്‍ കൊന്നുകളയുമെന്നായിരുന്നു വിജയ്യുടെ ഭീഷണി. ഒക്ടോബര്‍ 11-ന് മദ്യലഹരിയില്‍ ആശുപത്രിയില്‍വെച്ച് വിജയ് വിഘ്നേഷിനെ മര്‍ദിക്കുകയുംചെയ്തു. അതേസമയം, പ്രസവം കഴിഞ്ഞതോടെ ഒക്ടോബര്‍ 13-ന് വിഘ്നേഷിന്റെ ഭാര്യ ആശുപത്രി വിട്ടിരുന്നു. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയിട്ടും വിഘ്നേഷിന് വിജയ് മര്‍ദിച്ചതിന്റെ വൈരാഗ്യം വിട്ടുമാറിയില്ല. ഇതോടെയാണ് വിഘ്നേഷ് പ്രതികാരംചെയ്യാനായി തീരുമാനിച്ചത്.

കശാപ്പുശാലയില്‍ ആടിനെ കശാപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന കത്തിയുമായാണ് വിഘ്നേഷ് വെള്ളിയാഴ്ച രാത്രി ആശുപത്രിയിലെത്തിയത്. ഈ സമയം വിജയ് പ്രസവവാര്‍ഡിന് സമീപം ഉറങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതി വിജയ്നെ പുറത്തേക്ക് വിളിച്ചു. പക്ഷേ, ഇയാള്‍ വരാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല, സെക്യൂരിറ്റി ജീവനക്കാരനെ വിവരമറിയിക്കുകയുംചെയ്തു.

സെക്യൂരിറ്റി ജീവനക്കാരന്‍ പ്രതിയെ വാര്‍ഡില്‍നിന്ന് തിരിച്ചയക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഇതിനിടെ വിജയ് സമീപത്തുണ്ടായിരുന്ന ഒരു പിവിസി പൈപ്പ് കൈയിലെടുത്ത് വിഘ്നേഷിനെ ആക്രമിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും വിഘ്നേഷ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് വിജയ്നെ കുത്തുകയുമായിരുന്നു.

നെഞ്ചിലും കഴുത്തിലും വയറിലും ചെവിയിലുമായി 12 തവണ യുവാവിന് കുത്തേറ്റതായാണ് വിവരം. സംഭവസ്ഥലത്തുവെച്ച് തന്നെ വിജയ് മരിച്ചു. പ്രതിയായ വിഘ്നേഷിനെ സുരക്ഷാജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.